അക്രമികളെ സംരക്ഷിക്കില്ലെന്ന് സിപിഎമ്മും ബിജെപിയും!തിരുവനന്തപുരത്തും കോട്ടയത്തും സമാധാന യോഗം ചേർന്നു
പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങളുണ്ടായാൽ പരിഹരിക്കാൻ ജില്ലാ നേതാക്കൾ ഇടപെടുമെന്നും, പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കുമെന്നും സിപിഎം,ബിജെപി നേതാക്കൾ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം/കോട്ടയം: അക്രമസംഭവങ്ങളുണ്ടായ തിരുവനന്തപുരത്തും കോട്ടയത്തും സിപിഎം-ബിജെപി നേതാക്കൾ സമാധാന യോഗം നടത്തി. ഇരു പാർട്ടികളുടെയും ജില്ലാ നേതാക്കൾ രണ്ടിടങ്ങളിലും യോഗത്തിൽ പങ്കെടുത്തു.
അക്രമങ്ങൾ അപലപിക്കപ്പെടേണ്ടതും ആവർത്തിക്കാൻ പാടില്ലാത്തതുമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ യോഗത്തിന് ശേഷം വ്യക്തമാക്കി. തലസ്ഥാനത്ത് സമാധാന നിലനിർത്താൻ ഇരുപാർട്ടികളും ഇടപെടൽ നടത്തണം. പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങളുണ്ടായാൽ പരിഹരിക്കാൻ ജില്ലാ നേതാക്കൾ ഇടപെടുമെന്നും, പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കുമെന്നും സിപിഎം,ബിജെപി നേതാക്കൾ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ചർച്ച പൊതുവേ ആരോഗ്യപരമായിരുന്നുവെന്ന് ബിജെപി ജില്ലാ നേതാവ് എസ് സുരേഷും വ്യക്തമാക്കി. യോഗത്തിലെടുത്ത തീരുമാനങ്ങൾ പാർട്ടി പ്രവർത്തകരിലേക്കെത്തിക്കുമെന്നും, അക്രമികളായ പ്രവർത്തകരെ സംരക്ഷിക്കില്ലെന്നും ഇരു പാർട്ടികളുടെയും നേതാക്കൾ അറിയിച്ചു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം ചേർന്നത്.
തലസ്ഥാനത്തെ സംഘർഷങ്ങൾക്ക് പിന്നാലെ അക്രമങ്ങൾ അരങ്ങേറിയ കോട്ടയത്തും സിപിഎം-ബിജെപി ഉഭയകക്ഷി സമാധാന യോഗം ചേർന്നു. ഇരു പാർട്ടികളുടെയും ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. രാഷ്ട്രീയ സംഘർഷങ്ങളുണ്ടായ തിരുവനന്തപുരത്തും കോട്ടയത്തും മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് ഇരു പാർട്ടി നേതാക്കളും സമാധാന യോഗം ചേർന്നത്. തിരുവനന്തപുരത്ത് ആഗസ്റ്റ് ആറിന് സർവ്വകക്ഷി സമാധാന യോഗവും വിളിച്ചിട്ടുണ്ട്.












Click it and Unblock the Notifications