അരുണന് ഖമറുന്നിസ അൻവറിന്റെ ഗതിവന്നില്ല! നടപടി താക്കീതിൽ ഒതുക്കാൻ സിപിഎം,ഇനി ശ്രദ്ധിച്ചാൽ മതിയെന്ന്..
സംഭവവുമായി ബന്ധപ്പെട്ട് കെയു അരുണൻ നൽകിയ വിശദീകരണം തൃപ്തികരമാണെന്നാണ് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.
തൃശൂർ: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത ഇരിങ്ങാലക്കുട എംഎൽഎയും സിപിഎം നേതാവുമായ കെയു അരുണനെതിരെ പാർട്ടി കടുത്ത നടപടികൾ സ്വീകരിക്കില്ലെന്ന് റിപ്പോർട്ട്. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് അരുണെനെതിരായ നടപടി താക്കീതിൽ ഒതുക്കാനാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
സംഭവവുമായി ബന്ധപ്പെട്ട് കെയു അരുണൻ നൽകിയ വിശദീകരണം തൃപ്തികരമാണെന്നാണ് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. ആർഎസ്എസ് പരിപാടിയാണെന്ന് അറിയാതെയാണ് താൻ പങ്കെടുത്തതെന്നായിരുന്നു അരുണൻ നൽകിയ വിശദീകരണം.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ജില്ലാ നേതൃത്വം അരുണന് കർശന നിർദേശം നൽകിയിട്ടുണ്ട്. ജൂൺ 3 ശനിയാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം മാത്രമേ എന്ത് നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് പാർട്ടിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക അറിയിപ്പുണ്ടാകുകയുള്ളു.
മരണപ്പെട്ട ആർഎസ്എസ് നേതാവ് പിഎസ് ഷൈനിന്റെ സ്മരണാർത്ഥം ആർഎസ്എസ് പുല്ലൂർ ഊരകത്ത് സംഘടിപ്പിച്ച പുസ്തക പരിപാടിയാണ് കെയു അരുണൻ എംഎൽഎ ഉദ്ഘാടനം ചെയ്തത്. സിപിഎം നേതാവ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമായതിനെ തുടർന്ന് സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സെക്രട്ടേറിയേറ്റ് ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയിരുന്നു. നേരത്തെ, ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വനിതാ ലീഗ് നേതാവ് ഖമറുന്നിസ അൻവറിനെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മുസ്ലീം ലീഗ് നീക്കം ചെയ്തിരുന്നു.












Click it and Unblock the Notifications