' പുതിയ സംരംഭം തുടങ്ങുകയാണ്, പാര്‍ട്ടി അനുമതി ഉണ്ട്'; സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നില്ലെന്ന് ജെയിംസ് മാത്യു
കണ്ണൂര്‍: താന്‍ സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന വാര്‍ത്തകള്‍ തള്ളി സി പി ഐ എം നേതാവും മുന്‍ എം എല്‍ എയുമായ ജെയിംസ് മാത്യു. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജെയിംസ് മാത്യു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായി തുടരും എന്നും, എന്നാല്‍ പാര്‍ട്ടി അറിവോടെയും അനുമതിയോടെയും പുതിയൊരു സംരംഭം ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബേബി റൂട്ട്‌സ് എന്ന ശിശു പരിപാലന കേന്ദ്രമാണ് ജെയിംസ് മാത്യു ആരംഭിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ കണ്ണൂര്‍ തളാപ്പില്‍ ബേബി റൂട്ട്‌സ് തുടങ്ങും എന്നാണ് ജെയിംസ് മാത്യു പറയുന്നത്. സജീവരാഷ്ട്രീയം താനുപേക്ഷിക്കുന്നില്ലെന്നും അത്തരം വാര്‍ത്തകള്‍ തെറ്റാണ് എന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ സജീവരാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന വിവരം മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ തന്നെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വിളിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇത് തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചുവെന്നും പിന്നീട് നിങ്ങള്‍ക്കിത് വാര്‍ത്താസമ്മേളനം നടത്തി പറയരുതോ എന്നദ്ദേഹം ചോദിച്ചുവെന്നും ജെയിംസ് മാത്യു വിശദീകരിച്ചു. അതിനാലാണ് വാര്‍ത്താസമ്മേളനം നടത്തുന്നത് എന്നും ജെയിംസ് മാത്യു പറയുന്നത്.
ബേബി റൂട്ട്‌സ് എന്ന പരിപാലനകേന്ദ്രത്തിനൊപ്പം കണ്ണൂര്‍ ആസ്ഥാനമായി ജനകീയ പഠന ഗവേഷണ കേന്ദ്രവും ആരംഭിക്കുമെന്ന് ജെയിംസ് മാത്യു കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ അനുമതിയോടെ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതിനാല്‍ കൂടുതല്‍ സമയം ഉണ്ടാകില്ല എന്നതിനാലാണ് സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവായത് എന്നും ജയിംസ് മാത്യു പറഞ്ഞു.
എന്നാല്‍ സംഘടന ചുമതലകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ റിട്ടയര്‍മെന്റ് വേണം എന്നാണ് തന്റെ നിലപാട് എന്നും ജെയിംസ് മാത്യു പറയുന്നു. ഒരുപാട് കഴിവുള്ളവര്‍ പുറത്തുണ്ട് എന്നും അവര്‍ക്ക് അവസരം നല്‍കണം എന്നും എന്ന് ജെയിംസ് മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത്തവണത്തെ സി പി ഐ എം സമ്മേളനം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ജെയിംസ് മാത്യുവിനെ ഒഴിവാക്കിയിരുന്നു. ജെയിംസ് മാത്യു തന്നെ ആവശ്യപ്പെട്ടത് പരിഗണിച്ചായിരുന്നു സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. സി പി ഐ എമ്മിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ് എഫ് ഐയിലൂടെയായിരുന്നു ജെയിംസ് മാത്യു രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.
ഒന്നും പറയാനില്ല... കിടുക്കി, തിമിര്‍ത്തു.. മാളവികയുടെ പുതിയ ചിത്രങ്ങള്‍ കാണാം
സി പി ഐ എമ്മിന്റെ ന്യൂനപക്ഷ മുഖം കൂടിയായിരുന്നു ജെയിംസ് മാത്യു. ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ മത്സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എം എല്‍ എയായി നിയമസഭയിലെത്തി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്‍ സുകന്യയാണ് ജെയിംസ് മാത്യുവിന്റെ ജീവിത പങ്കാളി.












Click it and Unblock the Notifications