എസ്ഐയുടെ തൊപ്പിയണിഞ്ഞ് പ്രതിയായ സിപിഎം പ്രവർത്തകന്റെ സെൽഫി!പോലീസൊക്കെ കോമഡിയല്ലേ...
മിഥുന്റെ ചിത്രം നവമാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സംഭവം വിവാദമായത്.
കോട്ടയം: ബിജെപി പ്രവർത്തകരെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകന്റെ പോലീസ് സ്റ്റേഷനിലെ സെൽഫി വിവാദമാകുന്നു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായ കുമരകം തൈപ്പറമ്പിൽ മിഥുൻ എസ്ഐയുടെ തൊപ്പിയണിഞ്ഞ് നിൽക്കുന്ന സെൽഫിയാണ് വിവാദമായിരിക്കുന്നത്.
മിഥുന്റെ ചിത്രം നവമാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സംഭവം വിവാദമായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിയുടെ നേതൃത്വത്തിൽ എസ്പിക്ക് പരാതി നൽകി. ക്രിമിനൽ കേസിൽ തിങ്കളാഴ്ച പിടിയിലായ സിപിഎം പ്രവർത്തകനായ പ്രതിയോട് പോലീസ് കാണിച്ച സമീപനമാണ് ചിത്രത്തിലൂടെ വ്യക്തമായതെന്നാണ് ബിജെപിയുടെ ആരോപണം.

എന്നാൽ, ഈ ആരോപണം ശരിയല്ലെന്നാണ് പോലീസിന്റെ വിശദീകരണം. എന്തായാലും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എസ്പി നിർദേശം നൽകിയിട്ടുണ്ട്. കോട്ടയം വെസ്റ്റ് സിഐ നിർമ്മൽ ബോസിനാണ് അന്വേഷണ ചുമതല. മിഥുൻ നേരത്തെ മറ്റെവിടെയെങ്കിലും വച്ചെടുത്ത ചിത്രമാണോ ഇതെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
കുമരകത്ത് കഴിഞ്ഞ ദിവസമാണ് സിപിഎം-ബിജെപി സംഘർഷമുണ്ടായത്. ബിജെപി മണ്ഡലം സെക്രട്ടറിയെയും, ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റിനെയും ആക്രമിച്ചതിനാണ് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായ മിഥുനെ പോലീസ് കസ്റ്റഡിയിലെടുത്തത്.












Click it and Unblock the Notifications