സിപിഎമ്മിന് മുൻപും ദേവസ്വം മന്ത്രിമാരുണ്ടായിരുന്നു! ഗുരുവായൂരിൽ പോയ കടകംപള്ളിക്ക് കണക്കിന് കിട്ടി...
മന്ത്രി എന്ന നിലയിൽ ക്ഷേത്രത്തിൽ പോയതിൽ തെറ്റില്ലെന്നും, എന്നാൽ വഴിപാട് അടക്കമുള്ള കാര്യങ്ങളിൽ ജാഗ്രത കാണിക്കേണ്ടിയിരുന്നുവെന്നുമാണ് റിപ്പോർട്ടിലുള്ളത്.
തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രദർശന വിവാദത്തിൽ സിപിഎം സംസ്ഥാന സമിതിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് വിമർശനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് കടകംപള്ളിക്കെതിരെ വിമർശനമുണ്ടായത്.
മന്ത്രി എന്ന നിലയിൽ ക്ഷേത്രത്തിൽ പോയതിൽ തെറ്റില്ലെന്നും, എന്നാൽ വഴിപാട് അടക്കമുള്ള കാര്യങ്ങളിൽ ജാഗ്രത കാണിക്കേണ്ടിയിരുന്നുവെന്നുമാണ് റിപ്പോർട്ടിലുള്ളത്. മന്ത്രിയുടെ ക്ഷേത്രദർശനം പാർട്ടിക്കകത്തും പുറത്തും വിമർശനത്തിനിടയാക്കിയെന്നും സംസ്ഥാന സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. കോടിയേരി അവതരിപ്പിച്ച റിപ്പോർട്ട് സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്.

സൂക്ഷ്മത പുലർത്തണമായിരുന്നു...
മന്ത്രി എന്ന നിലയിൽ ക്ഷേത്രത്തിൽ പോയതിൽ തെറ്റില്ലെങ്കിലും, വഴിപാട് അടക്കമുള്ള കാര്യങ്ങളിൽ സൂക്ഷ്മത പുലർത്തണമായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ആ പാത പിന്തുടരണം....
പാർട്ടിക്ക് ഇതിനു മുൻപും ദേവസ്വം മന്ത്രിമാരുണ്ടായിട്ടുണ്ട്. പക്ഷേ, അവരൊന്നും ഇത്തരത്തിൽ വിവാദത്തിൽപ്പെട്ടിരുന്നില്ല. മന്ത്രി കടകംപള്ളി മുൻ മന്ത്രിമാരുടെ പാത പിന്തുടരണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ശ്രദ്ധക്കുറവുണ്ടായി....
കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിന് പിന്നാലെ മന്ത്രി കടകംപള്ളി സുരേന്ദ്രനും യോഗത്തിൽ വിശദീകരണം നൽകി. സംഭവത്തിൽ ശ്രദ്ധക്കുറവുണ്ടായെന്ന് അദ്ദേഹം യോഗത്തിൽ സമ്മതിച്ചു.

ഗുരുവായൂരിൽ...
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ അഷ്ടമിരോഹിണി ദിവസമാണ് ഗുരുവായൂരിൽ ക്ഷേത്രദർശനം നടത്തിയത്. ക്ഷേത്രദർശനത്തിന് പുറമേ അദ്ദേഹം വഴിപാടുകൾ നടത്തിയാണ് വിവാദം സൃഷ്ടിച്ചത്.

സോപാനം...
ആദ്യം കുടുംബാംഗങ്ങളുടെ പേരിൽ പുഷ്പാഞ്ജലി നടത്തിയ മന്ത്രി, പിന്നീട് കാണിക്കയിട്ട് സോപാനം തൊഴുതു. കൈവശമുണ്ടായിരുന്ന ബാക്കിതുക അന്നദാനത്തിന് സംഭവാന നൽകുകയും ചെയ്തു.

ബിജെപിയും സംഘപരിവാറും...
മന്ത്രിയുടെ ക്ഷേത്രദർശനം വിവാദമായതോടെ സിപിഎം അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. സംഭവം മുതലെടുക്കാൻ ബിജെപി-സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നുവെന്ന് മനസിലാക്കിയ സിപിഎം കടകംപള്ളിക്കെതിരെ നടപടിയെടുക്കാതെ അദ്ദേഹം നൽകിയ വിശദീകരണത്തിൽ എല്ലാം അവസാനിപ്പിച്ചു.












Click it and Unblock the Notifications