'പ്രതിസന്ധികളിൽ ജനതയെ ചേർത്ത് പിടിച്ച ഭരണകൂടം', സിപിസിയെ അഭിവാദ്യം ചെയ്ത് എ വിജയരാഘവൻ
തിരുവനന്തപുരം: നൂറാം വാർഷികം ആഘോഷിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടിയെ അഭിവാദ്യം ചെയ്ത് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. കമ്മ്യൂണിസ്റ്റ് പാർടി അധികാരത്തിലെത്തുമ്പോൾ ദരിദ്രരാജ്യമായിരുന്ന ചൈന ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്ന് എ വിജയരാഘവൻ കുറിച്ചു. മാത്രമല്ല കൊവിഡ് പ്രതിരോധത്തിലും ചൈനയെ എ വിജയരാഘവൻ അഭിനന്ദിക്കുന്നു..
എ വിജയരാഘവന്റെ കുറിപ്പ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടി രൂപീകരിച്ചിട്ട് ഇന്ന് നൂറ് വർഷങ്ങൾ പൂർത്തിയാവുകയാണ്. നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ 1949ൽ സ. മാവോയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർടി അധികാരത്തിൽ ഏറുമ്പോൾ അങ്ങേയറ്റം ദാരിദ്രമായ ജനതയായിരുന്നു ചൈനയിലേത്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായും ശാസ്ത്ര സാങ്കേതിക രംഗത്ത് പകരം വയ്ക്കാൻ സാധിക്കാത്ത വിധം നേട്ടങ്ങൾ കൊയ്തും മെച്ചപ്പെട്ട ജീവിത പശ്ചാത്തലമുള്ള സമൂഹമായും ചൈന വളരുമ്പോൾ അത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടി പിന്തുടർന്ന സോഷ്യലിസ്റ്റ് വികസന പാതയുടെ ശരിമയാണ് കാണിക്കുന്നത്.

കോവിഡിന് മുന്നിൽ ലോകം മുഴുവൻ പോരടിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളുള്ള രാജ്യമായിട്ടുകൂടി അടിപതറാതെ നിന്ന് നേരിട്ട് മഹാമാരിയെ പരാജയപ്പെടുത്തിയ ചൈനീസ് ജനകീയ ഭരണകൂടത്തിന്റെ രീതി മാതൃകാപരമാണ്. വ്യാജ പ്രചരണങ്ങൾ കൊണ്ട് പടിഞ്ഞാറൻ മാധ്യമങ്ങൾ കാലങ്ങളായി നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്ന ചൈനീസ് വിരുദ്ധ പൊതുബോധത്തിൽപ്പെടാതെ, പ്രതിസന്ധികളിൽ എങ്ങനെയാണ് ആ ഭരണകൂടം തങ്ങളുടെ ജനതയെ ചേർത്ത് പിടിച്ചതെന്ന് നാം മനസിലാക്കേണ്ടതാണ്.
ഇന്ന് ലോകത്താകമാനം തൊഴിലാളി വർഗ്ഗം നടത്തുന്ന ചെറുതും വലുതുമായ സമരങ്ങൾക്കും സാമ്രാജ്യത്വ-മുതലാളിത്ത വിരുദ്ധ പോരാട്ടങ്ങൾക്കും ചൈനയുടെ സാന്നിദ്ധ്യം നൽകുന്ന ഊർജ്ജം വളരെ വലുതാണ്. സാമ്പത്തിക രംഗത്ത് പലവിധ പരീക്ഷണങ്ങൾ നടത്തുമ്പോഴും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ലോക വീക്ഷണത്തിൽ നിന്നോ കമ്മ്യൂണിസ്റ്റ് പാർടിയുടെ അടിസ്ഥാന സംഘടനാ തത്വങ്ങളിൽ നിന്നോ കടുകിട മാറുന്നില്ല എന്നത് തന്നെയാണ് ചൈനയുടെ വിജയ രഹസ്യം. അതാണ് ലോകത്താകമാനമുള്ള തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ പ്രചാരകന്മാർ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടിയുടെ നൂറാം വാർഷികത്തിൽ പഠിച്ചെടുക്കേണ്ട പ്രധാനപാഠം.
Recommended Video
ആദ്യ നൂറു വർഷം കൊണ്ട് ചൈനയുടെ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്ത് ചൈനീസ് സമൂഹത്തെ ഒരുവിധം സമൃദ്ധിയുള്ള സമൂഹമാക്കി മാറ്റാൻ (moderately prosperous) കഴിഞ്ഞെന്നും അടുത്ത നൂറു വർഷത്തിനുള്ളിൽ ചൈനയെ മഹത്തായ ആധുനിക സോഷ്യലിസ്റ്റ് (great modern socialist) രാജ്യമാക്കി മാറ്റുമെന്നുമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നൂറാം വാർഷികാഘോഷ വേളയിൽ പറഞ്ഞത്. ആവേശകരമാണ് ആ വാക്കുകൾ. സിപിസിക്ക് അഭിവാദ്യങ്ങൾ.












Click it and Unblock the Notifications