വായനശാലയിൽ സ്ഫോടനം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍, അപ്പോള്‍ ആര്‍എസ്എസ് എന്ന് പറഞ്ഞതോ?
തലശ്ശേരി: ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന് സി പി എം ആരോപിച്ച കുട്ടിമാക്കൂല്‍ ഊരാങ്കോട്ടെ വായനശാല ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. സി പി എമ്മിന്റെ ഊരാങ്കോട് ബ്രാഞ്ച് സെക്രട്ടറിയായ എം സി ബാലനാണ് അറസ്റ്റിലായത്. മെയ് ആറാം തീയതിയാണ് വായനശാല കെട്ടിടത്തില്‍ ബോംബ് സ്‌ഫോടനമുണ്ടായത്.
കുട്ടിമാക്കൂല്‍ ഊരാങ്കോട്ടെ സി പി എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്നത് ഈ പാട്യം ഗോപാലന്‍ സ്മാരക വായനശാല കെട്ടിടത്തിലാണ്. ബ്രാഞ്ച് സെക്രട്ടറിയായ ബാലന്റെ പേരിലാണ് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം. ആറാം തീയതി 11 മണിയോടെയാണ് വായനശാല കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചത്.

വായനശാല കെട്ടിടം ആരും ആക്രമിച്ചതല്ല, അവിടെ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിയാണ് അപകടം ഉണ്ടായതെന്ന് പോലീസിന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഫോറന്‍സിക് സംഘവും ബോംബ് സ്‌ക്വാഡും നല്‍കിയ റിപ്പോര്‍ട്ടുകളും ഇത് ശരിവെക്കുന്നതാണ്. ബോംബ് നിര്‍മാണത്തിന് ശേഖരിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത് എന്നാണ് അറിയുന്നത്.
സ്‌ഫോടനത്തില്‍ വായനശാല കെട്ടിടത്തിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വായനശാല കെട്ടിടത്തിന് നേരെ ബോംബ് എറിയുകയായിരുന്നു എന്നാണ് സംഭവം നടന്നതിന് പിന്നാലെ സി പി എം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി ആരോപിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications