കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; ഇത്തവണയും സബാഹിനെ ഇറക്കി സിപിഎം, താനൂരും തവനൂരും മാറ്റമില്ല
മലപ്പുറം: ജില്ലയില്‍ ഇത്തവണ കൈയ്യിലുള്ള മണ്ഡലം നഷ്ടമാകരുത് എന്ന ലക്ഷ്യത്തോടെയാണ് സിപിഎം. താനൂരിലും തവനൂരിലും സിറ്റിങ് എംഎല്‍എമാരെ തന്നെ പാര്‍ട്ടി കളത്തിലിറക്കിയതും അതുകൊണ്ടുതന്നെ. വി അബ്ദുറഹ്മാന്‍ മല്‍സരിച്ചാല്‍ താനൂരില്‍ ജയസാധ്യതയുണ്ട് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. തവനൂരില്‍ കെടി ജലീലിനെ വീണ്ടും ഇറക്കിയതും ഇതേ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്.
യുഡിഎഫില്‍ മുസ്ലിം ലീഗിന്റെ മണ്ഡലമാണ് താനൂര്‍. തവനൂര്‍ കോണ്‍ഗ്രസിന്റേതും. തവനൂരില്‍ കെടി ജലീലിനെതിരെ സന്ദീപ് വാര്യര്‍, വിഎസ് ജോയ് എന്നിവരുടെ പേരാണ് ചര്‍ച്ചയില്‍. പൊന്നാനിയില്‍ നൗഷാദലിയുടെ പേരാണ് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നത്. സിപിഎം പൊന്നാനിയില്‍ ഇറക്കിയിരിക്കുന്നത് അഡ്വ. എംകെ സക്കീറിനെയാണ്.

സിപിഎമ്മിന് വേണ്ടി മല്‍സരിക്കുന്ന സ്വതന്ത്രര്‍ ഇവരാണ്
1. കുന്നമംഗലം- പിടിഎ റഹീം
2. താനൂര്‍- വി അബ്ദുറഹ്മാന്‍
3. വേങ്ങര- മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കല്‍
4. നിലമ്പൂര്‍- യു ഷറഫലി
5. തവനൂര്‍- ഡോ കെടി ജലീല്‍
6. ചവറ- ഡോ സുജിത് വിജയന്‍.
യുഡിഎഫിന്റെ ഉരുക്കു കോട്ടയാണ് വേങ്ങര. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി തുടര്‍ച്ചയായി ജയിച്ചുവരുന്ന മണ്ഡലം. ഇടക്കാലത്ത് ലോക്‌സഭയില്‍ പോയി തിരിച്ചുവന്ന വേളയിലും വേങ്ങര മണ്ഡലത്തിലുള്ളവര്‍ കുഞ്ഞാലിക്കുട്ടിയെ കൈവിട്ടിരുന്നില്ല. കുടുംബ വോട്ടും സൗഹൃദവോട്ടും മാത്രം മതി കുഞ്ഞാലിക്കുട്ടിക്ക് ഇവിടെ ജയിച്ചുകയറാന്‍.
എന്നാല്‍ ഇത്തവണ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തേലക്ക് മാറുമെന്നാണ് പുതിയ വിവരം. ഇത് വേങ്ങരയിലെ ജയസാധ്യതയെ ബാധിക്കുമെന്ന് മുസ്ലിം ലീഗിലെ ഒരു വിഭാഗം പറയുന്നു. കുഞ്ഞാലിക്കുട്ടി മല്‍സരിച്ചാല്‍ ജയം ഉറപ്പുള്ള മണ്ഡലമാണ് വേങ്ങര. അദ്ദേഹം അല്ലെങ്കില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നും ലീഗ് വൃത്തങ്ങള്‍ ആശങ്ക പങ്കുവയ്ക്കുന്നു.
കോണ്‍ഗ്രസുമായുള്ള പോര്, സമസ്തയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് എന്നിവയെല്ലാം മറ്റു സ്ഥാനാര്‍ഥികള്‍ക്ക് വേങ്ങരയില്‍ വെല്ലുവിളിയായി മാറും. അത് സബാഹിന് അനുകൂലമായ തരംഗം വേങ്ങരയില്‍ ഉണ്ടാക്കുമെന്ന ആശങ്കയും മുസ്ലിം ലീഗിലെ ചില നേതാക്കള്‍ക്കുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications