ഭരണഘടനാ സ്ഥാപനങ്ങളെ സിപിഎം വെല്ലുവിളിക്കുന്നു: വിമർശനവുമായി കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കെടി ജലീൽ ലോകായുക്തയെ അധിക്ഷേപിച്ച് രംഗത്തെത്തിയത് ഭരണഘടനാ സ്ഥാപനങ്ങളെ സി പി എം വെല്ലുവിളിക്കുന്നതിന്റെ അവസാനത്തെ ഉദ്ദാഹരണമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നേരത്തെ സി എ ജിയേയും ഗവർണറെയും സി പി എം അവഹേളിച്ചിരുന്നു. എന്തിന് രാഷ്ട്രപതിയെ പോലും അനാവശ്യവിവാദത്തിലേക്ക് വലിച്ചിഴച്ച സർക്കാരാണ് പിണറായി വിജയന്റെത്. തങ്ങൾക്കെതിരെ കോടതി വിധി ഉണ്ടായാലും അംഗീകരിക്കില്ലെന്ന ധാർഷ്ട്യമാണ് ഓരോ സി പി എം നേതാവിനുമുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും വേണ്ടിയുള്ള വക്കാലത്താണ് ജലീൽ ഏറ്റെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും പേരിലുള്ള പരാതി ലോകായുക്ത പരിഗണിക്കാനിരിക്കുമ്പോഴാണ് സർക്കാർ ഓർഡിനൻസ് ഇറക്കി അഴിമതിക്ക് മറയിടാൻ ശ്രമിക്കുന്നത്. ലോകായുക്തയുടെ പ്രാധാന്യം അടയാളപ്പെടുത്തിയ സംഭവമായിരുന്നു കെടി ജലീലിന്റെ മന്ത്രിസഭയിലെ രാജി. ഇനിയും ലോകായുക്തയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിച്ചാൽ മുഖ്യമന്ത്രി ഉൾപ്പെടെ പല വമ്പൻമാരും രാജിവെക്കേണ്ടി വരുമെന്ന് സി പി എമ്മിന് അറിയാം.

ഇത് മനസിലാക്കിയാണ് ലോകായുക്തയുടെ അധികാരം കവരാൻ സർക്കാർ ശ്രമിക്കുന്നത്. ലോകായുക്തയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ വാദം വിവരക്കേടാണ്. അതിനുള്ള മറുപടി കാനം തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിശ്ചയിക്കപ്പെടാത്ത ദുബായി സന്ദർശനത്തെ കുറിച്ച് സർക്കാർ വ്യക്തമാക്കണം. ദുബായിൽ മുഖ്യമന്ത്രി തങ്ങുന്നത് എന്തിനാണെന്ന് ജനങ്ങൾക്ക് അറിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം, അഴിമതി വിരുദ്ധതയിലെ സിപിഎമ്മിന്‍റെ കാപട്യം വെളിപ്പെടുത്തുന്നതാണ് ലോകായുക്ത ആക്ടിലെ ഭേദഗതി നീക്കമെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരൻ അഭിപ്രായപ്പെട്ടത്. അടിയന്തരഘട്ടത്തിൽ പോലും കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നതിനെ എതിർക്കുന്നവരാണ് സി പി എം എം.പിമാരെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഏകാധിപത്യത്തിൻ്റെ ലക്ഷണമാണ് ഓർഡിനൻസുകൾ എന്ന് വാദിച്ചവർ ലോകായുക്ത നിയമ ഭേദഗതി നിയമസഭയിൽ ചർച്ച ചെയ്യാത്തതെന്തെന്ന് മുരളീധരൻ ചോദിച്ചു.
സ്വയം അഴിമതിക്കുഴിയില്‍ വീണപ്പോള്‍ ജനാധിപത്യസംരക്ഷകർ നിലപാട് മാറ്റിയോയെന്ന് വ്യക്തമാക്കണം.
ലോകായുക്ത ഭേദഗതിയ്ക്ക് കേന്ദ്രസര്‍ക്കാരാണ് ഉത്തരവാദിയെന്ന കോടിയേരിയുടെ ന്യായീകരണം പരിഹാസ്യമാണ്. പിണറായി സർക്കാർ തന്നെ നിയമിച്ച ലോകായുക്തയെ ഉപയോഗിച്ച് നരേന്ദ്രമോദി, സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തും എന്നു പറയുന്നതിൻ്റെ യുക്തി എന്താണെന്ന് മുരളീധരൻ ചോദിച്ചു.
ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കാനാണ് ലോകായുക്ത ഭേദഗതി എന്നൊക്കെ പറയാനുള്ള തൊലിക്കട്ടി ഈ രാജ്യത്ത് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് മാത്രമേ ഉണ്ടാകൂ.
സില്‍വര്‍ ലൈന്‍ ഹരിത പദ്ധതിയാണ് എന്ന് അവകാശപ്പെട്ടുന്നതിന് തുല്യമാണ് ലോകായുക്തഭേദഗതി ഭരണഘടനാ സംരക്ഷണത്തിന് എന്ന് പറയുന്നതെന്നും മുരളീധരൻ പരിഹസിച്ചു. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ബിജെപി ഗവര്‍ണറുടെ മേല്‍സമ്മര്‍ദം ചെലുത്തുന്നു തുടങ്ങിയ പച്ചക്കള്ളങ്ങളാണ് കോടിയേരി തട്ടിവിടുന്നത്. ഗവര്‍ണര്‍ ബിജെപിയുടെ ശമ്പളക്കാരനല്ല. ശരിയായ തീരുമാനമെടുക്കാൻ അറിയും വിവേകവുമുള്ളയാളാണ് ഗവർണർ. അഴിമതിക്ക് ചൂട്ടുപിടിക്കുന്ന നിലപാട് ഗവർണർ സ്വീകരിക്കരുതെന്നാണ് ബിജെപിയുടെ അഭ്യർഥനയെന്നും വി.മുരളീധരൻ പറഞ്ഞു.












Click it and Unblock the Notifications