
വഞ്ചന ജനം തിരിച്ചറിഞ്ഞതിന്റെ ജാള്യത മറക്കാനാണ് സിപിഎം രാഹുല്‍ഗാന്ധിയെ വിമർശിക്കുന്നത്: കോണ്‍ഗ്രസ്
കല്പറ്റ: ബഫർസോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപിയെ വിമർശിച്ച് സി പി എം വയനാട് ജില്ലാ നേതൃത്വത്തിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ്. സുപ്രീംകോടതി വിധിയെത്തുടർന്ന് മുഖ്യമന്ത്രി കത്തയച്ച രാഹുല്‍ഗാന്ധിയെ പരിഹസിക്കുന്നതിന് മുമ്പ് കോടതി വിധി ഒരു തവണയെങ്കിലും വായിച്ച് നോക്കാന്‍ സി പി എമ്മും ജില്ലാ സെക്രട്ടറി പി ഗഗാറിനും തയ്യാറാകണമെന്നാണ് വയനാട് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് വ്യക്തമാക്കുന്നത്.
രാഹുല്‍ഗാന്ധിയെ പൊതുജനമധ്യത്തില്‍ താഴ്ത്തിക്കെട്ടാനും ബി ജെ പിയ സുഖിപ്പിക്കാനുമാണ് സി പി എം ശ്രമിക്കുന്നത്. എന്നാല്‍ ഇത് വയനാട്ടിലെ ജനങ്ങളുടെ മുന്നില്‍ വിലപ്പോവില്ല. ബഫര്‍സോണ്‍ കുറക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന് മാത്രമെ നിർദേശിക്കാന്‍ എന്നും വര്‍ധിപ്പിക്കുന്നതിന് ആര്‍ക്ക് വേണമെങ്കിലും നിര്‍ദേശം സമര്‍പ്പിക്കാം എന്നുമാണ് സുപ്രീംകോടതിയുടെ വിധിയില്‍ പറയുന്നത്. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അതിനായുള്ള ശ്രമം സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നുമാണ് രാഹുല്‍ഗാന്ധി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. സി പി എമ്മിന്റെ വഞ്ചന ജനം തിരിച്ചറിഞ്ഞതിന്റെ ജാള്യത മറക്കാനാണ് അവര്‍ രാഹുല്‍ഗാന്ധിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്നും എന്‍ഡി അപ്പച്ചന് കൂട്ടിച്ചേർത്തു.
സൂപ്രിം കോടതി പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധി സംബന്ധിച്ച് വയനാട് എം.പിയുടെതായി ചില പത്രങ്ങള്‍ പ്രസിദ്ധികരിച്ച വാര്‍ത്ത കേവല ധാരണ പോലുമില്ലാത്ത ഒരാളാണ് വയനാട് എം.പി രാഹുല്‍ ഗാന്ധി എന്ന് വെളിവാക്കുന്നതെന്നായിരുന്നു സി പി എം വയനാട് ജില്ല സെക്രട്ടറി പി.ഗഗാറിന് വ്യക്തമാക്കിയത്.
മഞ്ജുവാര്യർ അന്ന് പറഞ്ഞ കാര്യം പൂർണ്ണമായും ഇപ്പോള്‍ ശരിയായിരിക്കുകയാണ്: അഡ്വ.ടിബി മിനി
ഇത്തരം ഗൗരവമേറിയ പ്രശ്നങ്ങള്‍ മനസ്സിലാക്കി ജനങ്ങളോടൊപ്പം നില്‍ക്കുകയും കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുതുതിനാവശ്യമായ പ്രക്ഷോഭങ്ങള്‍ക്ക് ഡല്‍ഹിയിലടക്കം നേതൃത്വം നല്‍കേണ്ട ലോക് സഭാംഗം കേരള മുഖ്യമന്ത്രിക്ക് കത്ത് നല്കി എന്നാണ് പറയുന്നത്. മുഖ്യമന്ത്രി കേരള സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയതാണ് വനവും മനുഷ്യനെയും സംരക്ഷിക്കും എന്ന് പ്രഖ്യാപിക്കുകയും ജനവാസ മേഖലകളില്‍ നിലവിലുള്ള വനാതിര്‍ത്തി തന്നെ മതിയെന്നും നിയമാനുസൃതമായി ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തതാണ്.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ വിധിയെ മറികടക്കാന്‍ ഒരു നിയമം തന്നെ സൃഷ്ടിക്കാന്‍ കഴിയും ഈ കാര്യത്തില്‍ ഇടപ്പെടേണ്ടതിന് പകരം കത്ത് കേരള സര്‍ക്കാരിന് തന്നെ നല്‍കുന്നത് ബോധപൂര്‍വ്വമാണ്.പ്രശ്ന പരിഹാരമല്ല ലക്ഷ്യം മറിച്ച് എല്ലാം സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടി വെക്കാനുള്ള കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളുടെ താല്പര്യമാണ് രാഹുല്‍ ഗാന്ധി എം.പി സംരക്ഷിക്കുന്നത്. ഇത് തീര്‍ത്തും ശ്രീ രാഹുല്‍ ഗാന്ധിയെ പോലെയുള്ള ഒരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ല. ബി ജെ പി യെയും അവരുടെ സര്‍ക്കാരിനെ കുറ്റം പറയാന്‍ മടിക്കുന്ന യു ഡി എഫ് നേതൃത്വത്തിന്റെ നിലപാട് തന്നെയാണ് എം.പി യും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ഗഗാറിന് അഭിപ്രായപ്പെട്ടിരുന്നു.