സ്പീക്കർ ശ്രീരാമകൃഷ്ണൻ പുറത്ത്, അഞ്ച് മന്ത്രിമാർക്കും ഇക്കുറി സീറ്റില്ല, കടുപ്പിച്ച് സിപിഎം
തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചവര്‍ക്ക് ഇക്കുറി സീറ്റ് നല്‍കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം. ഇതോടെ സിപിഎമ്മിലെ പല പ്രമുഖരും ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടായേക്കില്ല എന്നുറപ്പായിരിക്കുകയാണ്.
മന്ത്രിസഭയിലെ 5 പേര്‍ക്ക് മുന്നിലാണ് ഈ തിരഞ്ഞെടുപ്പില്‍ വഴി അടയുന്നത്. അതേസമയം തുടര്‍ച്ചായായി മത്സരിച്ചിട്ടില്ല എന്നത് ചില മന്ത്രിമാര്‍ക്ക് രക്ഷയാവും. സ്പീക്കർ പി ശ്രീരാമകൃഷ്ണനും സീറ്റ് ലഭിച്ചേക്കില്ല. വിശദാംശങ്ങള്‍ ഇങ്ങനെ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്സിന് സ്വീകരിക്കുന്നു

രണ്ട് തവണക്കാർ വേണ്ട
ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. തുടര്‍ഭരണം ഉറപ്പാക്കാന്‍ നിലവിലെ മന്ത്രിമാരിലും എംഎല്‍എമാരിലും ഉളള, രണ്ട് തവണ മത്സരിച്ച കരുത്തരെ പാര്‍ട്ടി മാനദണ്ഡങ്ങളില്‍ ഇളവ് കൊടുത്ത് മത്സരിപ്പിക്കണം എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല്‍ തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവര്‍ വേണ്ട എന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനം

5 മന്ത്രിമാർക്ക് സീറ്റില്ല
ധനമന്ത്രി ടിഎം തോമസ് ഐസക്, വ്യവസായ മന്ത്രി ഇപി ജയരാജന്, സാംസ്ക്കാരിക വകുപ്പ് മന്ത്രി എകെ ബാലന്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് എന്നിവര്‍ക്കാണ് രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചതിന്റെ പേരില്‍ ഇക്കുറി അവസരം നഷ്ടപ്പെടുക. ഇപി ജയരാജനും രവീന്ദ്രനാഥും ഇക്കുറി മത്സരത്തിന് ഇല്ലെന്ന് നേരത്തെ പാര്‍ട്ടിയെ അറിയിച്ചിരുന്നു.

ഐസകും സുധാകരനുമില്ല
ആലപ്പുഴയേയും അമ്പലപ്പുഴയേയും പ്രതിനിധീകരിക്കുന്ന മന്ത്രിമാരായ തോമസ് ഐസകിനും ജി സുധാകരനും ഇത്തവണ ഇളവ് നല്‍കണം എന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. രണ്ട് മണ്ഡലങ്ങളിലും ജയം ഉറപ്പാക്കാന്‍ ഐസകും സുധാകരനും വേണം എന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. എന്നാല്‍ ആര്‍ക്കും ഇളവ് നല്‍കേണ്ട എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

ഇപി സംഘടനാ രംഗത്തേക്ക്
ഇത്തവണ മത്സര രംഗത്തേക്ക് ഇല്ലെന്ന് തീരുമാനിച്ച ഇപി ജയരാജന് സംഘടനാ നേതൃത്വത്തിലേക്ക് എത്തിയേക്കും. അസുഖം കാരണം കോടിയേരി ബാലകൃഷ്ണന് താല്‍ക്കാലികമായി ഒഴിഞ്ഞ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ സെക്രട്ടറിയായി ഇപി ജയരാജന് എത്തിയേക്കും എന്നാണ് കരുതുന്നത്. ഇപി മത്സരിക്കാത്ത സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ആവും മട്ടന്നൂരിലെ സ്ഥാനാര്‍ത്ഥി.

എംഎം മണിക്കടക്കം ടിക്കറ്റ്
രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചിട്ടില്ല എന്നതിനാല്‍ മന്ത്രിമാരായ എംഎം മണി, കടകംപളളി സുരേന്ദ്രന്, ജെ മേഴ്സിക്കുട്ടിയമ്മ, ടിപി രാമകൃഷ്ണന്, എസി മൊയ്തീന് എന്നിവര്‍ക്ക് ഇത്തവണയും മത്സരിക്കാനാവും. രണ്ട് ടേം എന്നുളള നിബന്ധന ബാധകമാകുന്നതോടെ പത്തോളം സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇത്തവണ ടിക്കറ്റ് നിഷേധിക്കപ്പെടും. എ പ്രദീപ് കുമാര്‍, രാജു എബ്രഹാം, ഐഷാ പോറ്റി അടക്കമുളളവര്‍ രണ്ട് തവണ മത്സരിച്ചവരാണ്.

സ്പീക്കർക്ക് സീറ്റില്ല
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും രണ്ട് തവണ മത്സരിച്ചത് കൊണ്ട് ഇക്കുറി മത്സര രംഗത്ത് ഉണ്ടായേക്കില്ല. മന്ത്രി എംഎം മണി ഇത്തവണയും ഉടുമ്പന്‍ചോലയില്‍ നിന്ന് തന്നെ ജനവിധി തേടും. കടകംപളളി സുരേന്ദ്രന് കഴക്കൂട്ടത്ത് മത്സരിക്കും. ടിപി രാമകൃഷ്ണന് പേരാമ്പ്രയിലും എസി മൊയ്തീന് കുന്നംകുളത്തും മത്സരിക്കും. കുണ്ടറ ഇത്തവണയും ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് തന്നെ നല്‍കിയേക്കും.

സംസ്ഥാന സമിതിയില്‍ തീരുമാനം
ലോക്സഭയിലേക്ക് മത്സരിച്ച് തോറ്റ പ്രമുഖരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സമിതിയില്‍ തീരുമാനിക്കും. പി ജയരാജന് അടക്കമുളളവരുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും. കെഎന്‍ ബാലഗോപാല്‍, വിഎന്‍ വാസവന് എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എംവി ഗോവിന്ദന് തളിപ്പറമ്പ് മണ്ഡലത്തില്‍ മത്സരിച്ചേക്കും.
ഷാലിന്‍ സോയയുടെ പുതിയ ലേറ്റസ്റ്റ് ഫോട്ടോകള്‍