
ജോസിനെതിരായ യുഡിഎഫ് നീക്കത്തെ പ്രതിരോധിക്കാനിയില്ല, വീഴ്ച: എന്നിട്ടും നടപടിയില്ലാതെ സിപിഎം
കോട്ടയം: കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ടായിരുന്നു ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തുടർച്ച നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ വർധിച്ചതിന് വിജയത്തിന് ഇരട്ടി മധുരം നല്കി. 99 സീറ്റുകളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് നയിച്ച എല്‍ ഡി എഫിന് ലഭിച്ചത്. എന്നാല്‍ ഈ നേട്ടത്തിനിടയിലും വിജയം ഉറപ്പിച്ച തൃപ്പൂണിത്തുറ, പാലാ, കടുത്തുരുത്തി തുടങ്ങിയ മണ്ഡലങ്ങളിലെ തോല്‍വി മുന്നണിക്ക് തിരിച്ചടിയായി.
ഇതില്‍ തന്നെ ഏറെ ഞെട്ടിച്ചത് പാലായില്‍ ജോസ് കെ മാണിയുടെ തോല്‍വിയായിരുന്നു. എല്‍ ഡി എഫ് വിട്ട് യുഡിഎഫ് ചേരിയിലെത്തിയ മാണി സി കാപ്പാനായിരുന്നു എതിരാളിയെങ്കിലും ഏറ്റവും കുറഞ്ഞത് 5000 വോട്ടിനെങ്കിലും വിജയിച്ച് കയറാന്‍ ജോസ് കെ മാണിക്ക് സാധിക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ 15000 ത്തോളം വോട്ടിന് പരാജയപ്പെട്ടു.
പ്രിയങ്കയുടെ നീക്കം ആദ്യം തള്ളി, പിന്നാലെ അപകടം മണത്തു: റൂട്ട് മാറ്റി ബിജെപിയും എസ്പിയും

എല്‍ ഡി എഫിന്റെ ഭാഗമായി 12 സീറ്റിലായിരുന്നു കേരള കോണ്‍ഗ്രസ് ഇത്തവണ മത്സരിച്ചത്. ഏത് സാഹചര്യത്തിലും 7 സീറ്റുകളിലെ വിജയമായിരുന്നു അവർ ഉറപ്പിച്ചത്. എന്നാല്‍ പാലായും കടുത്തുരുത്തിയും നഷ്ടമായതോടെ അത് അഞ്ചിലേക്ക് ചുരുങ്ങി. തോല്‍വിക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് നേതൃത്വം പരാതിയുമായി സി പി എം നേതൃത്വത്തെ കണ്ടിരുന്നു.
ഇത് എംജിആർ സ്റ്റൈല്‍: പെരിന്തല്‍മണ്ണയെ ഇളക്കി മറിച്ച് മഞ്ജു വാര്യർ

പാലായിലെ തോൽവിയിൽ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് പങ്കുണ്ടെന്ന രീതിയിലായിരുന്നു കേരള കോണ്‍ഗ്രസിന്റെ പരാതി. പ്രചരണത്തിനായി സംസ്ഥാന നേതാക്കള്‍ തന്നെ പാലായിലെത്തിയെങ്കിലും പ്രാദേശിക നേതാക്കളും അണികളും മാണി സി കാപ്പന് അനുകൂലമായ നിലപാട് എടുത്തെന്നാണ് ആരോപണം. സി പി എം ശക്തി കേന്ദ്രങ്ങളിലടക്കമുണ്ടായ വോട്ട് ചോർച്ച ഈ ആരോപണം ശരിവയ്ക്കുന്നതായും കേരള കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

കേരള കോണ്‍ഗ്രസ് പരാതി ഉന്നയിച്ചതിന് പിന്നാലെ സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാകമ്മറ്റിക്ക് അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.ടി. ജോസഫ്, ടി.ആർ. രഘുനാഥ് എന്നിവർ അംഗങ്ങളായി രണ്ടംഗ കമ്മീഷനെ സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഈ കമ്മീഷന് നല്കിയ റിപ്പോർട്ട് പ്രകാരം പാലായിലും കടുത്തുരുത്തിയിലും ആർക്കെതിരേയും നടപടി വേണ്ടെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് സിപിഎം.

അന്വേഷണ കമ്മിറ്റി റിപ്പോർട്ടില്‍ ഞായറാഴ്ച ചേർന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യത്തിൽ വിശദമായ ചർച്ചയാണ് നടത്തിയത്. രണ്ട് മണ്ഡലങ്ങളിലും മണ്ഡലം കമ്മിറ്റികൾക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. യുഡിഎഫിൽ നിന്നും വലിയ പ്രചരണമാണ് ജോസ് കെ. മാണിക്കെതിരെ പാലായിൽ ഉണ്ടായത്. എന്നാല്‍ ഇതിനെ വേണ്ട വിധത്തില്‍ പ്രതിരോധിക്കാനായില്ലെന്നും കമ്മീഷന് റിപ്പോർട്ടില്‍ പറയുന്നു.

എന്നാൽ അച്ചടക്ക നടപടി എടുക്കാൻ തക്കവണ്ണം വീഴ്ച ഇല്ല എന്നാണ് സി പി എം വിലയിരുത്തൽ. പാലായിൽ ഉണ്ടായതിന് സമാനമായ സാഹചര്യമാണ് കടുത്തുരുത്തിയിലും ഉണ്ടായത്. എന്നാൽ രണ്ട് മണ്ഡലങ്ങളിലും തോല്‍വി സംബന്ധിച്ചത് സി പി എമ്മിന്റെ മാത്രം വീഴ്ച കൊണ്ടല്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തുന്നു. അതേസമയം, സി പി എം. വിലയിരുത്തലിനോട് കാര്യമായ പ്രതികരണം നടത്തേണ്ട എന്ന തീരുമാനത്തിലാണ് കേരള കോൺഗ്രസ് എം എന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.