പി ജയരാജൻ കണ്ണൂരിന്റെ ചെന്താരകം തന്നെ; വീണ്ടും സിപിഎം ജില്ലാ തലപ്പത്ത്!
കണ്ണൂർ: സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയായി പി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. കെ മനോഹരന്‍, എം വിജിന്‍, വി കെ സനോജ്, പി കെ ശ്യാമള ടീച്ചര്‍, പി മുകുന്ദന്‍, പി കെ ശബരീഷ് കുമാര്‍ ഉള്‍പ്പെടെ 6 പുതുമുഖങ്ങള്‍ കമ്മറ്റിയിൽ. 49 അംഗ കമ്മറ്റിയെയാണ് സമ്മേളനം തെരഞ്ഞെടുത്തത്. മൂന്നാം തവണ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്ന നേതാക്കളില്‍ ഒരാളാണ് പി ജയരാജൻ.
വിമര്‍ശനങ്ങള്‍ ഏറെയുണ്ടായെങ്കിലും നിലവിലെ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തന്നെ സെക്രട്ടറിയായി തുടരുമെന്ന് സമ്മേളനം തീരുമാനിക്കുകയായിരുന്നു. വ്യക്തിപൂജ വിവാദത്തില്‍ പി ജയരാജനെതിരായ നടപടിക്കെതിരെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നതെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

സംസ്ഥാന സമിതിക്കെതിരെ വിമർശനം
സംസ്ഥാന സമിതിയുടെ നടപടി അനവസരത്തിലായിരുന്നുവെന്നു കൂത്തുപറമ്പ്, മട്ടന്നൂര്‍ മേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്രൂപ്പ് ചര്‍ച്ചയ്ക്കു ശേഷം നടന്ന പൊതുചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച നാലു പ്രതിനിധികളാണ് വിഷയം ഉയര്‍ത്തിയതെന്നാണ് പുറത്തു വരുന്നിരുന്ന റിപ്പോർട്ട്.

നടപടി അനവസരത്തിൽ
ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി പാര്‍ട്ടി ഏരിയ സമ്മേളനങ്ങളിലേക്കു കടക്കുന്ന ഘട്ടത്തിലാണു ജില്ലാ സെക്രട്ടറിക്കെതിരെ സംസ്ഥാന സമിതി അച്ചടക്കനടപടിയുടെ സ്വഭാവമുള്ള വിലയിരുത്തല്‍ നടത്തുന്നത്. ഇത് അനവസരത്തിലായിയെന്നായിരുന്നു സമ്മേളന പ്രതിനിധികൾ വിലയിരുത്തിയത്.

തിങ്കളാഴ്ച അവസാനിക്കും
സംസ്ഥാനസമിതി തീരുമാനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതിലും പ്രതിനിധികള്‍ അതൃപ്തി രേഖപ്പെടുത്തി. ആർഎസ്എസിനെതിരെ പ്രതിരോധം തീർക്കാൻ സാധിച്ചതും അംഗങ്ങളുടെ എണ്ണം വർധിച്ചതും നേട്ടങ്ങളായി ചൂണ്ടിക്കാട്ടിയരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ കണ്ണൂര്‍ ഇകെജില്ലയിലെ 18 ഏരിയകമ്മറ്റികളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 410 പ്രതിനിധികളും 47 ജില്ലാ കമ്മറ്റി അംഗങ്ങളുമടക്കം 457 പേര്‍ പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനം തിങ്കളാവ്ച അവസാനിക്കും.

വിമര്‍ശനം ഉള്‍ക്കൊള്ളാൻ തയ്യാറായി
വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാന്‍ തയ്യാറാണെന്ന് പരസ്യമായി പറഞ്ഞ പി ജയരാജന്‍ ജില്ലയിലെ ഉള്‍പ്പാര്‍ട്ടി ബലംകൊണ്ട് സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. വ്യക്തിപൂജാ വിഷയവുമായി ജയരാജനെതിരെ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും സ്വയം തിരുത്താനും വിമര്‍ശനം ഉള്‍ക്കൊള്ളാനും ജയരാജന്‍ തയ്യാറായതോടെ നിലവില്‍ സെക്രട്ടറിയെ മാറ്റേണ്ട യാതൊരു സാഹചര്യവും ഇല്ലെന്ന നിഗമനത്തിൽ എത്തിയതെന്നാണ് സൂചന.

ജനപിന്തുണ
കൊലപാതകക്കേസില്‍ അറസ്റ്റിലായിട്ടുപോലും ജില്ലയില്‍ ജയരാജനുള്ള ജനപിന്തുണ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും നേതാവിനും ഇല്ലെന്നതാണ് വസ്തുത. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് എന്ന നിലയിലും ജനോപകാരപ്രദമായ പാര്‍ട്ടി പദ്ധതികള്‍ നടപ്പാക്കുന്നതിലും ജയരാജന്‍ സംസ്ഥാന നേതാക്കള്‍ക്കുപോലും മാതൃകയാണ്.

കണ്ണൂരിലെ ചെന്താരകം
കണ്ണൂരിലെ താരകം, ചെഞ്ചോരപ്പൊൻകതിർ, നാടിൻ നെടുനായകൻ, ചെമ്മണ്ണിൻ മാനം കാക്കും നന്മൾ തൻ പൂമരം... ഇതൊക്കെയാണ് കണ്ണൂരിലെ സഖാകൾക്ക് പി ജയരാജൻ. ഏറ്റവും ഒടുവിൽ സിപിഎം പുറച്ചേരി ഇറക്കിയ സംഗീത ആൽബത്തിലെ വരികളാണിത്. സാധാരണ രക്തസാക്ഷികളെ വാനോളം വാഴ്ത്തുന്ന പാട്ടുകൾ സിപിഎം എതിർക്കാറുണ്ട്. ഇത് ആദ്യമായാണ് ജീവിച്ചിരിക്കുന്ന നേതാവിനെ വാഴുത്തുന്ന പാട്ട് രംഗത്തിറങ്ങുന്നത്. അത്രത്തേളം ജനകീയനാണ് പാർട്ടി പ്രവർത്തകർക്ക് പി ജയരാജൻ.

ആറ് പുതുമുഖങ്ങൾ
സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി കെ മനോഹരന്‍, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വികെ സനോജ്, മഹിള അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം പി കെ ശ്യാമള ടീച്ചര്‍, തളിപ്പറമ്പ് എരിയ സെകട്ടറി പി മുകുന്ദന്‍, അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി പി കെ ശബരീഷ് കുമാര്‍ ഉള്‍പ്പെടെ 6 പുതുമുഖങ്ങളെയാണ് ജില്ലാ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.

ജനലക്ഷങ്ങളുടെ മഹാറാലി
വൈകുന്നേരം നഗരത്തെ ത്രസിപ്പിക്കുന്ന റെഡ്‌വളണ്ടിയര്‍ മാര്‍ച്ചും ജനലക്ഷങ്ങളുടെ മഹാറാലിയോടും നടക്കുന്ന സമാപന സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജവഹര്‍ സ്റ്റേഡിയത്തിലെ ‘ഇ കെ നായനാര്‍ നഗറി'ലാണ് സമാപനസമ്മേളനം. പകല്‍ രണ്ടിന് സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ മൈതാനിയില്‍ നിന്നാരംഭിക്കുന്ന ചുവപ്പുവളണ്ടിയര്‍ മാര്‍ച്ചില്‍ കാല്‍ലക്ഷം പുരുഷ വനിതാ വളണ്ടിയര്‍മാര്‍ അണിനിരക്കും.

സമാപന സമ്മേളനത്തിൽ പ്രമുഖ നേതാക്കൾ
പൊതുസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, എ കെ ബാലന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ എന്നിവര്‍ സംസാരിക്കും.












Click it and Unblock the Notifications