കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘപരിവാറിന്റെ ഇഷ്‌ടക്കാർക്ക്‌ വിമാനത്താവളം തീറെഴുതുകയാണ്‌ കേന്ദ്രം; രൂക്ഷ വിമർശനം

Google Oneindia Malayalam News

തിരുവനന്തപുരം; വമാനത്താവളം അദാനി ഗ്രൂപ്പിന്‌ കൈമാറാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വിശിഷ്യാ തലസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. സംസ്ഥാന സർക്കാരിന് നൽകിയ ഉറപ്പിന്‌ വിലകൽപ്പിക്കാതെ സംഘപരിവാറിന്റെ ഇഷ്‌ടക്കാർക്ക്‌ വിമാനത്താവളം തീറെഴുതുകയാണ്‌ കേന്ദ്രം. രാജ്യത്തിന്റെ സമ്പത്തായ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്‌ക്കുന്ന മോഡി സർക്കാർ കോവിഡിന്റെ മറവിൽ നടത്തുന്ന മറ്റൊരു പകൽക്കൊള്ളയാണിതെന്നും അദ്ദേഹം പറഞ്ഞു.

photo-2020-08

കേരളത്തിന്റെ പൊതുസ്വത്തായ വിമാനത്താവളം കുത്തകയ്‌ക്ക്‌ കൈമാറുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്‌. സംസ്ഥാനസർക്കാരിന്റെ കടുത്ത വിയോജിപ്പ്‌ തള്ളിയാണ്‌ വിമാനത്താവളം 50 വർഷത്തേക്ക്‌ അദാനി ഗ്രൂപ്പിന്‌ പാട്ടത്തിന്‌ നൽകാൻ തീരുമാനിച്ചത്‌. സ്വകാര്യവൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. കോടതിയുടെ തീർപ്പിന്‌ കാക്കാതെയാണ്‌ തിരക്കിട്ട്‌ സ്വകാര്യവൽക്കരണം നടപ്പാക്കുന്നത്‌.

കേരളം വിട്ടുനൽകിയ 653 ഏക്കർ ഭൂമിയിൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ പടുത്തുയർത്തിയതാണ്‌ തിരുവനന്തപുരം വിമാനത്താവളം. 1932ൽ തുടക്കം കുറിക്കുമ്പോൾ തിരുവിതാംകൂർ രാജകുടുംബവും പിന്നീട്‌ പലതവണയായി സംസ്ഥാന സർക്കാരും സൗജന്യമായി നൽകിയതാണ്‌ ഭൂമി. എട്ടു വർഷത്തിനിടിയിൽ 1000 കോടി രൂപയാണ്‌ എയർപോർട്ട്‌ അതോറിറ്റി വിമാനത്താവള വികസനത്തിന്‌ ചെലവിട്ടത്‌. 600 കോടി രൂപ മുടക്കി 18 ഏക്കറിൽ പുതിയ ടെർമിനലിന്റെ നിർമാണം നടന്നുവരുന്നു. ഈ സൗകര്യങ്ങളെല്ലാം അദാനി ഗ്രൂപ്പിന്‌ അടിയറ വയ്‌ക്കുകയാണ്‌ മോഡി സർക്കാർ. സംസ്ഥാനത്തെ ജനങ്ങളുടെ അഭിപ്രായത്തിനും വികാരത്തിനും തരിമ്പും വിലകൽപ്പിക്കാത്ത ഏകാധിപത്യ നടപടിയാണിത്‌.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ‌ കഴിഞ്ഞ വർഷത്തെ ലാഭം 170 കോടി രൂപയാണ്. ഈ ലാഭത്തിൽ കണ്ണുവച്ചാണ്‌ വിമാനത്താവളം നടത്തി പരിചയമില്ലാത്ത അദാനി ഗ്രൂപ്പ്‌ കടന്നുവരുന്നത്‌. അദാനി കരാർ ഒപ്പിട്ട മൂന്ന്‌ വിമാനത്താവളം ഇതുവരെ ഏറ്റെടുത്തിട്ടില്ല. കോവിഡ്‌ കാലത്ത്‌ നഷ്‌ടം വരാതിരിക്കാൻ അവർക്ക്‌ നവംബർ വരെ സമയം നൽകിയിരിക്കുകയാണ്‌. അതിനിടയ്‌ക്കാണ്‌ തിരുവനന്തപുരം വിമാനത്താവളം കൈമാറുന്നത്‌. കാര്യമായ മുതൽമുടക്കില്ലാതെ ഒരു യാത്രക്കാരന്‌ 168 രൂപ നിരക്കിൽ നൽകി അദാനിക്ക്‌ കൊള്ളലാഭം കൊയ്യാം.

ഇലക്‌ഷൻ ബോണ്ടുകളിലും പിഎം കെയേഴ്‌സിലുമെല്ലാം കുമിഞ്ഞുകൂടുന്ന കോടികളിൽ രാജ്യത്തെ വിറ്റുതുലയ്‌ക്കുന്നതിനുള്ള കമീഷനും ഉൾപ്പെടും. രാജ്യസ്‌നേഹത്തിന്റെ കുത്തക അവകാശപ്പെടുന്ന സംഘപരിവാർ കോർപറേറ്റുകളുമായി ഒത്തുകളിച്ച്‌ രാജ്യത്തെ വിൽപ്പന നടത്തുകയാണ്‌. കോൺഗ്രസ്‌ സർക്കാരുകൾ തുടങ്ങിവച്ച പൊതുമേഖല വിറ്റുതുലയ്‌ക്കൽ അതിനേക്കാൾ വേഗതയിൽ നടപ്പാക്കുകയാണ് ബിജെപി സർക്കാർ.

വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്താൻ നിവേദനവുമായി പോയ കേന്ദ്രമന്ത്രി വി മുരളീധരന്റെ മലക്കംമറിച്ചിൽ പരിഹാസ്യമാണ്‌. സംസ്ഥാന ബിജെപി നേതൃത്വത്തിന്‌ ഒന്നും പറയാനുണ്ടാകില്ലെന്ന്‌ എല്ലാവർക്കുമറിയാം. സംസ്ഥാനത്തെ ജനങ്ങളുടെ കോടാനുകോടി രൂപയുടെ ആസ്തി യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യമുതലാളിമാർക്കു കൊടുത്ത് കമ്മീഷൻ പറ്റുന്ന ഏജന്റുമാരായി കേന്ദ്ര സർക്കാരും ബിജെപിയും മാറുകയാണ്. ഈ വഞ്ചനയ്ക്കും കച്ചവടത്തിനുമെതിരെ അതിശക്തമായ ബഹുജന പ്രക്ഷോഭം ഉയരണം. മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നുവെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

English summary
CPM District secretary anavoor nagappan slams Modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X