വിഭാഗീയതയോ ഗ്രൂപ്പിസമോ സിപിഎം അനുവദിക്കില്ല; മുന്നറിയിപ്പുമായി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: സിപിഎം പ്രവർത്തകർക്കും നേതാക്കൾക്കും മുന്നറിയിപ്പുനൽകി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന ഭരണം ലഭിച്ചതു കൊണ്ട് അഹങ്കരിച്ചു കളയാമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർ പാർട്ടിക്ക് പുറത്തായിരിക്കും എന്നാണ് കോടിയേരിയുടെ മുന്നറിയിപ്പ്. സർക്കാർ മുഴുവൻ ജനങ്ങളുടെയും സർക്കാരാണ്. കോൺഗ്രസിനെയും ബിജെപിയെയും മുസ്ലിം ലീഗിനെയുംപോലെ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പ്രസ്ഥാനമല്ല സിപിഎം. വിഭാഗീയ പ്രവർത്തനമോ ഗ്രൂപ്പിസമോ പാർട്ടി അംഗീകരിക്കുകയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ വാക്കുകളിങ്ങനെ:
കേരളത്തിൽ ഭരണം ലഭിച്ചതുകൊണ്ട് സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട് കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവർത്തകനോ കരുതിയാൽ അവർക്ക് സ്ഥാനം പാർട്ടിക്ക് പുറത്തായിരിക്കും. കേരളത്തിൽ അധികാരത്തിലുള്ള എൽഡിഎഫ് സർക്കാർ സിപിഎമ്മിൻ്റെ മാത്രം സർക്കാരല്ല, മറിച്ച് മുഴുവൻ ജനവിഭാഗങ്ങളുടെയും സംരക്ഷണ ചുമതലയുള്ള സർക്കാരാണ്. എല്ലാവർക്കും നീതി എന്നതാണ് കാഴ്ചപ്പാട്. അതിനു ഭംഗം വരുത്തുന്ന ഒരു പ്രവർത്തനങ്ങളും അനുവദിക്കില്ല - കോടിയേരി പറഞ്ഞു.

നേതാക്കളും പ്രവർത്തകരും, അവർ ഭരണത്തിലുള്ളവരാകട്ടെ ഇല്ലാത്തവരാകട്ടെ, എല്ലാവരും തലക്കനമില്ലാതെ ജനങ്ങളുടെ മുന്നിൽ ശിരസ്സുകുനിച്ച് മുന്നോട്ടുപോകണം. സംസ്ഥാന ഭരണം അഴിമതിരഹിതമാക്കണമെന്ന ഉറച്ച നിശ്ചയത്തോടു കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഓരോ ചുവടും മുന്നോട്ടുവയ്ക്കുന്നത്. സിപിഎമ്മിനും സംസ്ഥാന സർക്കാരിനും എല്ലാ കാര്യങ്ങളിലും ലക്ഷ്യബോധമുണ്ട്. സംസ്ഥാനഭരണത്തിൽ മാത്രമല്ല, ഗ്രാമതല ഭരണത്തിലും സഹകരണ മേഖലയിലും നടപ്പാക്കേണ്ടത് ഇതുതന്നെയാണ്. ഇക്കാര്യത്തിൽ സൂക്ഷ്മമായ പരിശോധനയും ശ്രദ്ധയും എല്ലാ ഘടകത്തിനും ഉണ്ടാക്കേണ്ടത് അനിവാര്യമായ സംഗതിയാണ്. വിഭാഗീയതയുടെ വിപത്ത് പിഴുതെറിയാൻ സമ്പൂർണമായി പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. - കോടിയേരി വ്യക്തമാക്കി.
സിമ്പിള്‍ ആന്‍ഡ് കൂള്‍ ലുക്കില്‍ പേളി മാണി; എന്തൊരു അഴകാണെന്ന് ആരാധകര്‍
മുൻകാലത്തെപ്പോലെ വിഭാഗീയതയുടെ ഭാഗമായുള്ള മത്സരങ്ങളോ വോട്ടെടുപ്പോ സംസ്ഥാനത്ത് പൊതുവിൽ ഉണ്ടായിട്ടില്ല. പാർട്ടി കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പിനെ പാർട്ടി വിലക്കിയിട്ടില്ല. ജനാധിപത്യപരമായി വോട്ടെടുപ്പ് നടക്കുന്നതിനെ നിരോധിച്ചിട്ടില്ല - കോടിയേരി വ്യക്തമാക്കി. സിപിഎം നിർണായകമായ ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കണ്ണൂരിലാണ് ജില്ലാസമ്മേളനത്തിന് തുടക്കമായിരിക്കുന്നത്. നിർണായക സമ്മേളന കാലയളവിലാണ് കോടിയേരിയുടെ വാക്കുകൾ എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications