ടിപി വധം: കെസി രാമചന്ദ്രനെ സിപിഎം പുറത്താക്കി
തിരുവനന്തപുരം: ടിപി വധം വ്യക്തി വിരോധത്തിന്റെ പേരിലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. കോടതി കുറ്റക്കാരനെന്ന കണ്ടെത്തിയ കെസി രാമചന്ദ്രന്റെ വ്യക്തിവിരോധമാണ് കൊലയില്‍ കലാശിച്ചതെന്നും പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തുന്നു. ഇതേ തുടര്‍ന്ന് രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പിബി കമ്മീഷന്റെ കണ്ടെത്തല്‍ വിശദീകരിച്ചത്. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കേസിലെ എട്ടാം പ്രതിയാണ് കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗമായ കെസി രാമചന്ദ്രന്‍. കോടതി ശിക്ഷിച്ച പാര്‍ട്ടി പ്രവര്‍ത്തകരായ കുഞ്ഞനന്തനും ട്രൗസര്‍ മനോജിനും എതിരെ പാര്‍ട്ടി നടപടിയില്ലെന്നതും ശ്രദ്ധേയമാണ്.
കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയുടേയോ, ജില്ലാ കമ്മിറ്റികളുടേയോ ഏരിയാ കമ്മിറ്റികളുടേയോ അറിവോ പിന്തുണയോ ഉണ്ടായിരുന്നില്ലെന്ന് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കെസി രാമചന്ദ്രന് ടിപിയോടുള്ള വ്യക്തി വിരോധം മാത്രമായിരുന്നു പ്രശ്നം. എന്നാല്‍ ഇതില്‍ കുഞ്ഞനന്തന്റേയും ട്രൗസര്‍ മനോജിന്റേയും പങ്കിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നില്ല.
ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പാര്‍ട്ടിപിളര്‍ത്തിപ്പോയവരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ പ്രദേശത്ത് സംഘര്‍ഷം പതിവായിരുന്നു. ഇതേതുടര്‍ന്ന് രാമചന്ദ്രന്‍ കേസുകളില്‍ പെടുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. കൂടാതെ രാമചന്ദ്രന്റെ ഉപജീവന മാര്‍ഗ്ഗമായിരുന്നു ചെറിയ കാരാര്‍ ജോലികള്‍ ടിപി ചന്ദ്രശേഖരന്‍ ഇടപെട്ട് മുടക്കിയിരുന്നതായും ആരോപണം ഉണ്ട്. ഇങ്ങനെയുണ്ടായ വ്യക്തിവിരോധമാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍.












Click it and Unblock the Notifications