തീക്കൊള്ളി ഉണക്ക വിറകിനോട് ചാന്‍സ് ചോദിക്കുന്നു; കേരളത്തില്‍ തുടര്‍ഭരണം വേണം എന്ന് എംഎ ബേബി
കൊച്ചി: കേരളത്തിലെ ഇടതുപക്ഷത്തെ നശിപ്പിക്കുമെന്ന് ആര്‍എസ്എസ് ദേശീയ തലത്തില്‍ തീരുമാനമെടുത്തതിന് തെളിവാണ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രതികരണം എന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദേശീയ രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ സൂചിപ്പിച്ചാണ് ബേബിയുടെ പ്രതികരണം.
നരേന്ദ്ര മോദി രാജ്യസഭയില്‍ പറഞ്ഞതും അമിത് ഷാ ഛത്തീസ്ഗഡില്‍ പറഞ്ഞതുമാണ് ബേബി ചൂണ്ടിക്കാട്ടുന്നത്. ഇടതുപക്ഷത്തെ പൂര്‍ണമായി ഇല്ലാതാക്കാനാണ് ശ്രമം. വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കണം എന്നത് ആര്‍എസ്എസിന്റെ ദേശീയ അജണ്ടയാണ്. അതിന് കേരളത്തിലെ കോണ്‍ഗ്രസ് കുട പിടിക്കുകയാണെന്നു ബേബി വിമര്‍ശിക്കുന്നു.

എംഎ ബേബിയുടെ കുറിപ്പ് വായിക്കാം: ''കേരളത്തിലെ ഇടതുപക്ഷത്തെ നശിപ്പിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസം പറഞ്ഞത് ആർ എസ് എസ് ദേശീയതലത്തിൽ എടുത്ത ഒരു തീരുമാനത്തിൻറെ ഭാഗമാണ് എന്നുവേണം മനസ്സിലാക്കാൻ. ആർ എസ് എസിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ച് പുതിയ ലക്ഷ്യങ്ങൾ (New Horizons) പ്രഖ്യാപിക്കുന്ന ഒരു യോഗം ഫെബ്രുവരി ആറിനും ഏഴിനും ബോംബെയിൽ നടന്നു.
പിറ്റേന്ന് ,ഫെബ്രുവരി 8ന് ക്രിമിനൽ പശ്ചാത്തലമുള്ള ആർഎസ്എസ് നേതാവ് സദാനന്ദനെ അനുമോദിച്ചു കൊണ്ട് നരേന്ദ്ര മോദി രാജ്യസഭയിൽ പറഞ്ഞതിങ്ങനെയാണ്, "നിങ്ങളുടെ ധൈര്യം കേരളത്തിലും ഞങ്ങളിൽ പലർക്കും അറിയാം, പക്ഷേ നിങ്ങളെ പിന്തുണയ്ക്കുന്ന കൃത്രിമ അവയവങ്ങൾ നിങ്ങൾ പ്രദർശിപ്പിച്ചപ്പോൾ, പാർലമെന്റിലും ഇന്ത്യയിലുടനീളം ആളുകളെ അത് അത്ഭുതപ്പെടുത്തി. നമ്മുടേതുപോലുള്ള ഊർജ്ജസ്വലമായ ഒരു ജനാധിപത്യത്തിൽ, കഠിനാധ്വാനിയായ ഒരു അധ്യാപകനെ പിന്തിരിപ്പൻ പ്രത്യയശാസ്ത്രത്തിന്റെ അനുയായികൾ എങ്ങനെ ഇങ്ങനെ ആക്രമിക്കുമെന്ന് ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല... ഇന്ന്, പിന്തിരിപ്പൻ പ്രത്യയശാസ്ത്രം വളരെയധികം ചുരുങ്ങി എന്നത് ശ്രദ്ധിക്കേണ്ടതാണ്..."
ഛത്തീസ്ഗഢിൽ നടന്ന ഒരു യോഗത്തിൽ അന്നേ ദിവസം അമിത് ഷാ ആണ് ഇവരുടെ ലക്ഷ്യം കൂടുതൽ വ്യക്തമാക്കിയത്. ആഭ്യന്തരമന്ത്രി പറഞ്ഞു, "കമ്മ്യൂണിസ്റ്റുകൾ ഭരിച്ചിരുന്നിടത്ത് വികസനം കൊണ്ടുവരുന്നതിൽ അവർ പരാജയപ്പെട്ടു, ക്ഷേമം വാഗ്ദാനം ചെയ്തിടത്ത് അവർ ആദിവാസികൾക്ക് ആയുധങ്ങൾ കൈമാറി ഇരുട്ട് വിതറി. ഈ പ്രത്യയശാസ്ത്രം നാശത്തിന്റെ പ്രതീകമാണ്, രാജ്യം അടിയന്തിരമായി അതിൽ നിന്ന് മുക്തി നേടേണ്ടതുണ്ട്... ജനാധിപത്യ രാഷ്ട്രീയത്തിൽ ഇപ്പോൾ... കേരളം മാത്രമാണ് അവശേഷിക്കുന്നത്, ഇത്തവണ അതും തുടച്ചുനീക്കപ്പെടും. ത്രിപുരയിൽ ആരും അവശേഷിക്കുന്നില്ല, ബംഗാളിൽ ആരും ഇല്ല, കേരളത്തിൽ കുറച്ച് പേർ മാത്രമേ അവശേഷിക്കുന്നുള്ളൂ, പക്ഷേ അവിടെ പോലും, തിരുവനന്തപുരത്ത് ജനങ്ങൾ ഒരു തുടക്കം കുറിച്ചിട്ടുണ്ട്."
ആർഎസ്എസിൻറെ ദേശീയതലത്തിലുള്ള ഒരു അജണ്ടയാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാരെ വരുന്ന തെരഞ്ഞടുപ്പിൽ തോല്പിക്കുക എന്നത്. ബംഗാളിൽ ചെയ്തപോലെ കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊല ചെയ്ത് കേരളത്തിലെ ഇടതുപക്ഷത്തെ പൂർണമായും നശിപ്പിക്കുകയാണ് ആർ എസ് എസ് നേതൃത്വത്തിൽ ഇന്ത്യ ഭരിക്കുന്നവരുടെ ലക്ഷ്യം. നിർഭാഗ്യവശാൽ കേരളത്തിലെ കോൺഗ്രസ് എന്നും അതിനു കൂട്ടുനിന്നിട്ടേ ഉള്ളൂ.
താല്ക്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കായി മാത്രമല്ല കോൺഗ്രസ് ഇതു ചെയ്യുന്നത്. കേരളത്തിലെ കോൺഗ്രസിൻറെ സാമൂഹ്യപശ്ചാത്തലവും വലതുപക്ഷ സാമ്പത്തിക-രാഷ്ട്രീയ വീക്ഷണവും ആർഎസ്എസുകാരുമായി ഒത്തു പോകുന്നതാണ്. വൻകിട കുത്തകകളെ മാത്രം സഹായിക്കുന്നതും മഹാഭൂരിപക്ഷം സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതുമായ തീവ്ര മുതലാളിത്വാനുകൂല സാമ്പത്തികനയങ്ങൾ യഥാർത്ഥത്തിൽ ഞങ്ങളാണ് ആദ്യം അവതരിപ്പിച്ചത് എന്നതിൽ മാത്രമാണല്ലോ
ബി ജെ പി യും കോൺഗ്രസും തമ്മിൽ തർക്കമുള്ളത്.
വർഗീയതയോട് ഒത്തുതീർപ്പ് ഉണ്ടാക്കുന്നതും ജാതി മേധാവിത്വത്തോട് വിധേയത്വമുള്ളതമാണ് കോൺഗ്രസിൻ്റെയും ആർഎസ്എസിൻറെയും സാമൂഹ്യ - ആശയ അടിത്തറ. കേരളത്തിലെ ഓരോ ഗ്രാമത്തിലും നഗരത്തിലും ആർഎസ്എസും കോൺഗ്രസും എന്നും ചങ്ങാത്തത്തിലാണ്. ആർ എസ് എസ് ക്യാമ്പിന് ഞങ്ങൾ സംരക്ഷണം ഒരുക്കിക്കൊടുത്തിട്ടുണ്ട് എന്ന് മുൻ കെ പി സി സി പ്രസിഡന്റ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട് . അത് ആരും മറന്നിട്ടുണ്ടാവില്ല എന്ന് കരുതുന്നു . സിപിഐഎം ആണ് അവരുടെ മുഖ്യശത്രു.
കേരളത്തിലെ ഇടതുപക്ഷ-ജനാധിപത്യമൂല്യങ്ങൾ നിലനില്ക്കണം എന്ന് ആഗ്രഹിക്കുന്ന ആരും തന്നെ വരുന്ന തെരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉണ്ടാവണം എന്ന ആർഎസ്എസ് അജണ്ടയ്ക്ക് ഒപ്പം നില്ക്കില്ല. അരുന്ധതി റോയി പറഞ്ഞപോലെ, തീക്കൊള്ളി വന്ന് ഉണക്ക വിറകിനോട് ഞങ്ങൾക്ക് ഒരു ചാൻസ് തരൂ എന്നു ചോദിക്കുമ്പോൾ ശരി എന്നു പറയുന്നതുപോലെയാണത്.''












Click it and Unblock the Notifications