'പുതുപ്പള്ളിയില്‍ സിപിഎം ആദ്യമേ തോല്‍വി ഉറപ്പിച്ച മട്ട്': സിപിഐ ജില്ലാ നേതൃത്വത്തിന്റെ റിപ്പോർട്ട്
കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ എട്ട് മണിക്ക് വോട്ട് എണ്ണല്‍ ആരംഭിക്കും. ആദ്യ മണിക്കൂറുകളില്‍ തന്നെ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു ഡി എഫിന് ഭൂരിപക്ഷത്തെക്കുറിച്ച് മാത്രമാണ് ആശങ്കയുള്ളതെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. 30000 ത്തിന് മുകളിലുള്ള ഭൂരിപക്ഷമാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്.
ഇടത് പാളയത്തിലേക്ക് എത്തുമ്പോള്‍ വിജയിക്കുമെന്നതില്‍ പലർക്കും അത്ര ഉറപ്പില്ല. സഹതാപ തരംഗം ആഞ്ഞടിച്ചുവെന്ന് വിലയിരുത്തപ്പെട്ടെന്ന് കരുതുന്ന ഉപതിരഞ്ഞെടുപ്പില്‍ എത്രത്തോളം പാർട്ടി വോട്ടുകള്‍ നേടാന്‍ ജെയ്ക്ക് സി തോമസിന് സാധിച്ചു എന്നതായിരിക്കും സി പി എം പ്രധാനമായി വിലയിരുത്തുക. ചില സർവ്വേകളില്‍ പറയുന്നത് പോലെ 60000 വോട്ടിന്റെ തോല്‍വിയെങ്ങാനും ജെയിക്കിന് നേരിടേണ്ടി വന്നാല്‍ അത് പാർട്ടിക്ക് അകത്തും പുറത്തും വലിയ ചർച്ചയ്ക്ക് വിധേയമാക്കും.

ഇതിനിടെയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എല്‍ ഡി എഫ് പ്രചാരണത്തിലെ വീഴ്ച വന്നതായുള്ള സി പി ഐ നേതൃത്വത്തിന്റെ വിമർശനം ഉണ്ടാവുന്നത്. സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ കോട്ടയം ജില്ലാ നേതൃത്വമാണ് ഇത്തരമൊരു റിപ്പോർട്ട് സമർപ്പിച്ചത്. യു ഡി എഫ് തുടക്കം മുതല്‍ തന്നെ പ്രചരണത്തില്‍ ഏറെ മുന്നിലായിരുന്നു. എല്ലാ ജില്ലകളില്‍ നിന്നുമുള്ള നേതാക്കളും പ്രവർത്തകരും ചാണ്ടി ഉമ്മന്റെ പ്രചരണത്തിനായി പുതുപ്പള്ളിയിലേക്ക് എത്തി.
മുതിർന്ന യു ഡി എഫ് നേതാക്കള്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. തൃക്കാക്കര ശൈലയില്‍ തന്നെയായിരുന്നു യു ഡി എഫ് പ്രചരണം. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടക്കുന്ന ഒരു തിരഞ്ഞെടുപ്പ് ആയതിനാല്‍ തന്നെ യു ഡി എഫ് പാളത്തില്‍ ഇത്തവണ അഭിപ്രായ വ്യത്യാസങ്ങളും കുറവായിരുന്നു. പ്രചരണ പരിപാടികളെല്ലാം തന്നെ കൃത്യമായി നടത്താന്‍ യു ഡി എഫിന് സാധിച്ചെന്നും സി പി ഐ ചൂണ്ടിക്കാട്ടുന്നു.
എല്‍ ഡി എഫ് പ്രചരണത്തില്‍ പല പഞ്ചായത്തുകളിലും വീഴ്ചയുണ്ടായി. പഞ്ചായത്ത് തലത്തിൽ കൃത്യമായ ഏകോപനമുണ്ടായില്ല. ബൂത്ത് യോഗങ്ങള്‍, കുടുംബ യോഗങ്ങള്‍, ഭവനസന്ദർശനങ്ങളും കാര്യമായി നടന്നില്ല, നേരത്തെ തന്നെ തോല്‍വി ഉറപ്പിച്ച രീതിയിലായിരുന്നു ചില നേതാക്കളുടെ പ്രവർത്തനമെന്നും സി പി ഐ കോട്ടയം ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചു.












Click it and Unblock the Notifications