സിപിഎം സംഘടനാ സ്വാതന്ത്ര്യം നിക്ഷേധിക്കുന്നു; പ്രതികളെ അറസ്റ്റ് ചെയ്യാതെ ചര്‍ച്ചക്കില്ലെന്ന് യുഡിഎഫ്
പെരിന്തല്‍മണ്ണയില്‍ നടന്ന ആക്രമണ സംഭവങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന് യുഡിഎഫ്
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നടന്ന ആക്രമണ സംഭവങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന് യുഡിഎഫ്. ജനാധിപത്യ സംവിധാനങ്ങളോടും ജില്ലാ കലക്റ്ററോടുമുള്ള ബഹുമാനം കാരണമാണ് ഞങ്ങള്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ സമാധാന ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ല. ഭരണത്തിന്‍റെ പിന്‍ബലത്തില്‍ പൊലീസ് അടക്കമുള്ള എല്ലാ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കിയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.
ഏകപക്ഷീയമായിട്ടാണ് പൊലീസിന്റെ പെരുമാറ്റം. ഈ സാഹചര്യത്തില്‍ ചര്‍ച്ച നടത്തിയതു കൊണ്ടു കാര്യമില്ല, ജനങ്ങളുടെ സമാധാനം തകര്‍ത്ത് ആക്രമണം അഴിച്ചുവിടുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയാണ് ആവശ്യം. രാഷ്ട്രീയ എതിരാളികളെ അക്രമണത്തിലൂടെ ഉന്മൂലനം ചെയ്യുകയെന്ന സിപിഎമ്മിന്‍റെ ഫാസിസ്റ്റ് ശൈലിയാണ് മലപ്പുറത്തും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഭരണം കൈയിലുള്ള ഹുങ്കില്‍ അഴിഞ്ഞാടുന്ന അണികളെ നിലയ്ക്കു നിര്‍ത്താന്‍ സിപിഎം നേതാക്കള്‍ തയാറാകണമെന്നും ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

അതേ സമയം സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും ആക്രമണം അഴിച്ചുവിട്ടവര്‍ക്കെതിരേ നടപടിയെടുക്കാതെ എസ്‌ഐ അടക്കമുള്ള പോലിസുകാര്‍ നോക്കിനിന്നത് നീതീകരിക്കാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. പെരിന്തല്‍മണ്ണയിലെ ആക്രമിക്കപ്പെട്ട ലീഗ് ഓഫിസ് സന്ദര്‍ശിച്ച ശേഷം യുഡിഎഫ് നേതാക്കള്‍ക്കൊപ്പം മലപ്പുറത്തെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നിയമ പരിപാലനത്തില്‍ കേരളം മികച്ചു നില്‍ക്കുന്നുവെന്ന നയപ്രഖ്യാപനത്തിന്റെ തൊട്ടു പിന്നാലെയാണ് മലപ്പുറം ജില്ലയിലെ ആക്രമണം.പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരണം അദ്ദേഹം പറഞ്ഞു.
ഒരു വിഭാഗത്തിന് മാത്രം പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള പ്രദേശങ്ങളാക്കി കാംപസുകളെപോലും മാറ്റുകയാണ് സിപിഎമ്മെന്നും ഇത് കേരളത്തില്‍ നടക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. ലീഗ് സംയമനത്തിന്‍റെ പാതയിലാണ്. പ്രതികള്‍ക്കെതിരെ ഇതുവരേ കേസെടുക്കാന്‍ പോലും പോലിസ് തയ്യാറായിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യാതെ സമാധാന യോഗം വിളിച്ചു ചേര്‍ക്കുന്നതു കൊണ്ട് കാര്യമില്ല. ഒരു കൂട്ടര്‍ക്കെതിരെ മാത്രം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് പൊറുപ്പിക്കാനാവില്ല അദ്ദേഹം പറഞ്ഞു.എല്ലായിടത്തും പ്രശ്‌നമുണ്ടാക്കുന്നവരാണ് ജില്ലയിലും പ്രശ്‌നമുണ്ടാക്കുന്ന സിപിഎം. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം യുഡിഫ് നേതൃത്വത്തിന്‍റെ അറിവോടെയല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications