'സിപിഎമ്മിന് ലവലേശം ആത്മാർത്ഥതയില്ല, ലക്ഷ്യം വോട്ട് ബാങ്ക് രാഷ്ട്രീയം'; രൂക്ഷവിമർശനവുമായി ഷിബു ബേബി ജോൺ
തിരുവനന്തപുരം: സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. സിപിഎമ്മിൻ്റെ രാഷ്ട്രീയ കുതന്ത്രങ്ങൾക്ക് പാലസ്തീനിനെയും മുസ്ലീം സമുദായത്തെയും ദുരുപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'ബിജെപി ആഗ്രഹിക്കുന്ന ധ്രുവീകരണത്തിന് വളമാകുന്ന നിലപാടാണ് കേരളത്തിൽ സിപിഎമ്മിൻ്റേത്. ആത്മാർത്ഥത ലവലേശം തീണ്ടാതെ, വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വച്ച് കുത്തിത്തിരുപ്പ് നടത്തി ഒരേസമയം മുസ്ലീം സമുദായത്തിനൊപ്പമെന്ന തോന്നലുണ്ടാക്കുകയും മറുഭാഗത്ത് ബിജെപി ആഗ്രഹിക്കുന്ന ഇടത്തിലേക്ക് കേരള സമൂഹത്തെ എത്തിക്കാനുള്ള പരോക്ഷ സഹായം ചെയ്തുകൊടുക്കുകയുമാണ് സിപിഎം', അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

"CPM-ന്റെ പാലസ്തീൻ ഐക്യദാർഢ്യവും വസ്തുതകളും" ദുരന്തഭൂമിയിലെ കഴുകനെ പോലെയാണ് സി.പി.എം കേരളാ നേതൃത്വം. പാലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം കേവലം വോട്ടുബാങ്ക് വിഷയമാക്കി മാറ്റുവാനാണ് ഇവർ ശ്രമിക്കുന്നത്.മുസ്ലീം സമുദായത്തിന് ആശങ്കയുണ്ടാകുന്ന സന്ദർഭങ്ങളിലെല്ലാം അതിനെ ഒരു അവസരമാക്കി മാറ്റാനാണ് സി.പി.എം ശ്രമം. ലോക രാഷ്ട്രങ്ങളിലെല്ലാം ഇസ്രായേലിന്റെ ഈ മനുഷ്യക്കുരുതിയ്ക്കെതിരെ സമസ്തജനവിഭാഗങ്ങളും ഒന്നിച്ചു ചേർന്ന് പ്രതിഷേധമുയർത്തുകയാണ്. എന്നാൽ ഇവിടെ അതിനെ ഒരു മുസ്ലീം വിഷയമാക്കി മാത്രം ചുരുക്കുവാനാണ് അവർക്ക് താൽപര്യം.
മനസ്സാക്ഷിയുള്ള എല്ലാ മനുഷ്യരും ജാതി-മത ഭേദമന്യേ പാലസ്തീൻ ജനതയ്ക്കു വേണ്ടി അണി നിരക്കുമ്പോൾ അവരിൽ നിന്നൊക്കെ മുസ്ലീം ജനവിഭാഗത്തെ അകറ്റുക എന്നതാണ് സി.പി.എമ്മിൻ്റെ ലക്ഷ്യം. ഡൽഹിയിൽ എല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഒന്നിച്ചു ചേർന്നാണ് പാലസ്തീൻ പ്രശ്നത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ കേരളത്തിലേക്കു വരുമ്പോൾ സിവിൽ കോഡ് പ്രശ്നത്തിലെന്ന പോലെ പാലസ്തീൻ പ്രശ്നത്തെയും സമുദായ പ്രശ്നമാക്കി മാത്രം ചുരുക്കാനുള്ള ശ്രമം നടത്തുകയാണ് സി.പി.എം.
ഐക്യജനാധിപത്യ മുന്നണിയിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിനെ മാത്രം ക്ഷണിക്കുന്നതും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ അകറ്റി നിർത്തി കോൺഗ്രസ് നേതാവായ ആര്യാടൻ ഷൗക്കത്തിനെ മാത്രം ക്ഷണിക്കുന്നതും - സി.പി.എമ്മിൻ്റെ രാഷ്ട്രീയ കുതന്ത്രങ്ങൾക്ക് പാലസ്തീനിനെയും മുസ്ലീം സമുദായത്തെയും ദുരുപയോഗിക്കുന്നത്- തെറ്റായ സന്ദേശമാണ് നൽകുന്നത്.
മുസ്ലീം വിരുദ്ധതയ്ക്ക് മാർക്കറ്റ് ഉണ്ടെന്ന് കണ്ടുകൊണ്ടാണ് ബി.ജെ.പി ഇസ്രായേൽ - പാലസ്തീൻ പ്രശ്നത്തിൽ ഇന്ത്യ പരമ്പരാഗതമായി സ്വീകരിച്ചു വന്ന നിലപാടിൽ നിന്നും പിന്നാക്കം പോയത്. ബി.ജെ.പി ആഗ്രഹിക്കുന്ന ധ്രുവീകരണത്തിന് വളമാകുന്ന നിലപാടാണ് കേരളത്തിൽ സി.പി.എമ്മിൻ്റേത്. ആത്മാർത്ഥത ലവലേശം തീണ്ടാതെ, വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വച്ച് കുത്തിത്തിരുപ്പ് നടത്തി ഒരേസമയം മുസ്ലീം സമുദായത്തിനൊപ്പമെന്ന തോന്നലുണ്ടാക്കുകയും മറുഭാഗത്ത് ബി.ജെ.പി ആഗ്രഹിക്കുന്ന ഇടത്തിലേക്ക് കേരള സമൂഹത്തെ എത്തിക്കാനുള്ള പരോക്ഷ സഹായം ചെയ്തുകൊടുക്കുകയുമാണ് സി.പി.എം'












Click it and Unblock the Notifications