ആക്രമിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് എന്തുകൊണ്ട് ജലീലിന് മറുപടി നല്‍കുന്നില്ല: ഇപി ജയരാജന്‍
കണ്ണൂർ: ലോകായുക്തയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കെടി ജലീല്‍ എംഎല്‍എയെ പിന്തുണച്ച് സി പി എം നേതാവ് ഇപി ജയരാജന്‍. കെ.ടി ജലീലിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് ഇതുവരെയും കെ.ടി ജലീല്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഏതെങ്കിലും ചര്‍ച്ചനടത്തുകയോ ആ വിവരങ്ങളെ കുറിച്ച് അന്വേഷിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നാണ് ഇപി ജയരാജന്‍ പറയുന്നത്. ഈ വിമർശനങ്ങള്‍ ഇപ്പോഴത്തെ കോൺഗ്രസിനെ കൂടുതൽ ശിഥിലമാക്കാനേ സഹായിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇപി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ലോകായുക്ത വിഷയത്തില്‍ കെടി ജലീലിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാന്‍ പുറപ്പെട്ട യു ഡി എഫും കോണ്‍ഗ്രസും ഇതുവരെയും കെ.ടി ജലീല്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഏതെങ്കിലും ചര്‍ച്ചനടത്തുകയോ ആ വിവരങ്ങളെ കുറിച്ച് അന്വേഷിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മറിച്ച് അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ നേതാവുള്‍പ്പടെ ഈ വിഷയത്തെ സമീപിക്കുന്നത്. ലോയേഴ്‌സ് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഉള്‍പ്പടെ ആ ലക്ഷ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകായുക്തക്കെതിരെ കെ.ടി ജലീല്‍ സംസാരിച്ചത്. ആ കാര്യങ്ങളെ വസ്തുതാപരമായി പഠിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഉത്തരവാദിത്വമുള്ള പാര്‍ട്ടി എന്ന നിലയ്ക്ക് കോണ്‍ഗ്രസ് തയ്യാറേകേണ്ടത്. ലോകായുക്ത വിഷയവുമായി ബന്ധപ്പെട്ട് നിയമ മന്ത്രിയും സര്‍ക്കാരും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ലോകായുക്തയെ കുറിച്ച് ജലീല്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ പരിശോധിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. രാഷ്ട്രീയമായി കെ.ടി ജലീലിനെ ഒറ്റതിരിഞ്ഞ് അക്രമിച്ച് ഇല്ലാതാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട.
ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് ലോകായുക്തയോടുള്ള സ്‌നേഹം ജനങ്ങള്‍ തിരിച്ചറിയും. കോവിഡ്കാലത്ത് ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളിലാണ് സംസ്ഥാന സർക്കാരും ഇടതുപക്ഷപ്രസ്ഥാനങ്ങളും. ഒപ്പം നാടിന്റെ വികസനം ലക്ഷ്യമാക്കി ജനോപകാരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് സർക്കാർ. എന്നാൽ ജനങ്ങൾക്കുവേണ്ടിയുള്ള ഒരു പ്രവർത്തനങ്ങളിലും കോൺഗ്രസിനെയോ മറ്റ് യുഡിഎഫ് സഖ്യ കക്ഷികളെയോ കാണാനില്ല.
പകരം കെ.ടി ജലീലിനെപ്പോലെയുള്ള ജനസമ്മതരായ വ്യക്തികളെ രാഷ്ട്രീയമായി ആക്രമിക്കാൻ സമയം കണ്ടെത്തി തല്പര വിഷയങ്ങളിലേക്ക് മാത്രം ചുരുങ്ങിപ്പോവുകയുമാണ് കോൺഗ്രസ്. ഇത് ഇപ്പോഴത്തെ കോൺഗ്രസിനെ കൂടുതൽ ശിഥിലമാക്കാനേ സഹായിക്കൂ.












Click it and Unblock the Notifications