വിടി ബല്‍റാമിന് മറുപടി! 'സഖാവ് ഇ എം എസിനെ അപമാനിക്കാൻ താങ്കൾക്ക് അവകാശമില്ല'
കൊച്ചി: രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ രമ്യയെ പിന്തുണച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്തെത്തിയിരുന്നു. മുൻ മുഖ്യമന്ത്രിയും അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവുമായ ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ ജീവിതത്തിലെ ഒരു സംഭവത്തെ പ്രതിപാദിച്ച് കൊണ്ടായിരുന്നു ബല്‍റാം പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ ഇഎംഎസ് നമ്പൂതിരിപ്പാട് പണമില്ലെന്ന് പറഞ്ഞാൽ അത് ലാളിത്യവും അഴിമതിയില്ലായ്മയുമാകും എന്നാല്‍ ദളിത് പെൺകുട്ടിയ്ക്ക് സഹപ്രവര്‍ത്തകര്‍ ഒരു കാര്‍ വാങ്ങിക്കൊടുത്താൽ ഈ ആനുകൂല്യം ലഭിക്കില്ലെന്നുമായിരുന്നു വിടി പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ വിടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എറണാകുളം സിപിഎം ജില്ലാ കമ്മിറ്റി അംഗം സിബി ദേവദര്‍ശന്‍. രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നത് ഇഎംഎസിന്‍റെ ജീവിതവുമായി ബന്ധപ്പെടുത്തിയത് അല്‍പ്പത്തരമായി പോയെന്ന് ദേവദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് വായിക്കാം

മിസ്റ്റർ വി ടി ബൽറാം വാർത്തകളിൽ ശ്രദ്ധ നേടാൻ കുസൃതിത്തരം ഒപ്പിക്കുന്ന കലാപരിപാടി താങ്കൾ ഇപ്പോഴും നിർത്താത്തതിൽ പരാതിയില്ല. പക്ഷെ സഖാവ് ഇ എം എസിനെ അപമാനിക്കാൻ താങ്കൾക്ക് അവകാശമില്ല. സ്വന്തമായുള്ളതെല്ലാം പാർട്ടിക്ക് സമർപ്പിച്ച മഹാനാണ് ഇ എം എസ്. തനിക്ക് കിട്ടുന്ന എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും പാർട്ടിയ്ക്ക് നൽകുകയും പാർട്ടി നൽകുന്ന അലവൻസ് വാങ്ങുകയും ചെയ്തിരുന്ന സഖാവാണ് ഇ എം എസ്.
മുഖ്യമന്ത്രിയായിരുന്നപ്പോഴത്തെ ശമ്പളവും എം എൽ യുടെ പ്രതിമാസ വേതനവും മുൻ എം എൽ എ ക്കുള്ള പെൻഷനും എല്ലാം സ്വകാര്യമാക്കാതെ പാർട്ടി അക്കൗണ്ടിലേക്ക് ആയിരുന്നു. അവിടെ നിന്ന് മിനിമം അലവൻസ് വാങ്ങും. ബലറാം ഇ എം എസ്സിനെ ഇനിയും പഠിച്ചിട്ടില്ല. രമ്യ ഹരിദാസിന് കാറു വാങ്ങുന്നതും വാങ്ങാത്തതും നിങ്ങളുടെ കാര്യം.ഒരു സി പി ഐ (എം) നേതാവും ഇതിൽ ഒന്നും പറഞ്ഞിട്ടില്ല. നിങ്ങളുടെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളിയാണ് പ്രതികരിച്ച് വിമർശിച്ചത്.അതിന് ഇ എം എസിനെ അധിക്ഷേപിക്കുന്നത് അല്പത്തമായി പോയി.
മുപ്പത് വർഷം മുമ്പ് (1989)സ്വന്തം വസ്ത്രത്തിലെ കീറിയ ഭാഗം തുന്നാൻ സൂചിയും നൂലും ചോദിച്ച് ഉച്ചക്ക് എറണാകുളം ലെനിൻ സെൻററിലെ വിശ്രമിക്കുന്ന മുറിയിൽ നിന്ന് പുറത്തിറങ്ങിയ സഖാവ് ഇ എം നെ ഞാൻ ഇന്നും ഓർക്കുന്നു. അന്ന് 3സംസ്ഥാനം ഭരിക്കുന്ന സി പി ഐ (എം) ന്റെ ജനറൽ സെക്രട്ടറിയായിരുന്നു ഇ എം എസ് എന്ന് ഓർമ്മിക്കണം.അത് കണ്ട് ഓഫീസിലെ സഖാക്കളുടെ കണ്ണ് നനഞ്ഞ് പോയി.തനിക്കുള്ളതെല്ലാം ലേഖനങ്ങൾക്കുള്ള പ്രതിഫലവും പുസ്തകങ്ങൾക്കുള്ള റോയൽറ്റിയും ഉൾപ്പെടെ പാർട്ടിക്ക് സമർപ്പിച്ച സഖാവ് ഇ എം എസ്സിനെ അപമാനിക്കുന്നവരെ ചരിത്രം ചവറ്റുകൊട്ടയിൽ തള്ളും.












Click it and Unblock the Notifications