'പല നടീനടന്മാരും കോടീശ്വരന്മാര്‍'; കള്ളപ്പണം ചെലവാക്കാനാണ് പലരും സിനിമയിലേക്ക് വരുന്നതെന്ന് സുധാകരന്‍
ആലപ്പുഴ: മലയാള സിനിമയില്‍ കള്ളപ്പണം ഉണ്ട് എന്ന ആരോപണവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ ജി സുധാകരന്‍. കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്കു കടന്നു വരുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. ജോണ്‍ ഏബ്രഹാം സ്മാരക സമിതിയുടെ ജോണ്‍ ഏബ്രഹാം അനുസ്മരണവും കവിയരങ്ങും ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാ മേഖലയില്‍ വരുന്ന കോടാനുകോടി രൂപയുടെ ഉറവിടം ആര്‍ക്കുമറിയില്ല എന്നും നടീനടന്മാര്‍ പലരും കോടീശ്വരന്മാരാകുന്നു എന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി. പലരും മയക്കുമരുന്നിന് അടിമകളുമാണ് എന്നും മലയാളത്തില്‍ ഇപ്പോള്‍ നല്ല സിനിമകള്‍ കുറവാണ് എന്നും അദ്ദേഹം പറഞ്ഞു. അസുര ശക്തികള്‍ ജയിച്ച് കൊടിപാറിക്കുന്നതാണ് നമ്മുടെ സിനിമകളില്‍ കൂടുതലും കാണുന്നത് എന്നും ജി സുധാകരന്‍ അഭിപ്രായപ്പെട്ടു.

വിഭ്രാന്തമായ മായികലോകത്തേക്കാണ് അവ ജനങ്ങളെ കൊണ്ടുപോകുന്നത് എന്നും ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ കഴിയുന്ന ചെലവ് കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാകണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോണ്‍ എബ്രഹാമിന്റെ സ്‌കൂളിലേക്കു നമ്മുടെ യുവ സംവിധായകരുള്‍പ്പെടെ എന്തുകൊണ്ടാണ് ആകര്‍ഷിക്കപ്പെടാത്തത് എന്നും സുധാകരന്‍ ചോദിക്കുന്നു.
ജനകീയ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കാന്‍ അവര്‍ മുന്നോട്ടു വരാത്തതിന്റെ കാരണമെന്താണെന്നു ചിന്തിക്കേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹിക പ്രതിബദ്ധതയും കലാത്മകതയും ഉള്ളതാണ് ജോണ്‍ എബ്രഹാമിന്റെ സിനിമകള്‍. സമൂഹത്തിനു വേണ്ടി സിനിമകളുണ്ടാക്കിയ ആളാണ് ജോണ്‍ എബ്രഹാം എന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി. അതേസമയം സിനിമയിലെ സാമ്പത്തിക ഇടപാടുകളില്‍ ഇ ഡി അന്വേഷണം തുടരുകയാണ്.
മലയാള സിനിമാനിര്‍മാണത്തിന് വിദേശത്ത് നിന്നും പണമൊഴുകുന്നു എന്നതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതില്‍ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് ഇഡി പരിശോധിക്കുന്നുണ്ട്. മലയാള സിനിമയിലെ അഞ്ച് നിര്‍മാതാക്കള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മലയാള സിനിമയിലെ താരങ്ങളുടെയും സംവിധായകരുടെയും വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
താരങ്ങളില്‍ പലരും പണം വിദേശത്ത് വെച്ചാണ് വാങ്ങുന്നതെന്നും സിനിമ മേഖലയില്‍ കള്ളപ്പണം ഇടപാടുകള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നുമാണ് ഇഡി പറയുന്നത്. മലയാള സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ആണ് കള്ളപ്പണ ഇടപാടുകളെ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്ത് വരുന്നത്.












Click it and Unblock the Notifications