രാഷ്ട്രീയ പ്രവർത്തനം എനിക്ക് മത്സരയോട്ടമല്ല ജീവിതമാണ്: മീഡിയ വണ്‍ പരിപാടിക്കെതിരെ കൃഷ്ണപ്രസാദ്
കോഴിക്കോട്: മീഡിയ വണ്‍ ചാനല്‍ സംഘടിപ്പിക്കുന്ന 'മീഡിയ വണ്‍ ഫേസ് ഒഫ് ദി ഇയറി' പരിപാടിയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനവുമായി സിപിഎമ്മിന്റെ മുല്‍ സുല്‍ത്താന്‍ ബത്തേരി എംഎല്‍എയും കര്‍ഷക സമരം നേതാവുമായി പി കൃഷ്ണ പ്രസാദ്. രാഷ്ട്രീയം ഒരു മത്സരമല്ലെന്നും ഒരേ പ്രസ്ഥാനത്തില്‍ വിവിധ ചുമതലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ഒരു തെരഞ്ഞെടുപ്പ് ഒരിക്കലും ഒരു ഇടതുപക്ഷ രീതിയല്ലെന്നും പറഞ്ഞുകൊണ്ടാണ് മീഡിയ വണ്‍ ഫേസ് ഒഫ് ദി ഇയറിനെതിരായ തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. മീഡിയ വണ്ണിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
മീഡിയ വണ്ണിന്റെ ഫേസ് ഓഫ് ദി ഇയർ പരിപാടിയിലേക്ക് വിവിധ മേഖലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പത്ത് പേരിൽ ഒരാളായിരുന്നു കൃഷ്ണ പ്രസാദ്. അദ്ദേഹത്തിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍,തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍,നടി നിമിഷ സജയന്‍, നടന്‍ ഫഹദ് ഫാസില്‍,ഒളിമ്പിക് മെഡല്‍ ജോതാവ് പി.ആര്‍. ശ്രീജേഷ് എന്നിവരായിരുന്നു പരിപാടിയിലുണ്ടായിരുന്നത്. ഓണ്‍ലൈനിലൂടെ വോട്ട് രേഖപ്പെടുത്തി വിജയികളെ തിരഞ്ഞെടുക്കുന്ന രീതിയിലായിരുന്നു മത്സരം. വോട്ടെടുപ്പ് കഴിഞ്ഞ ദിവസം ആരംഭിക്കുകയും ചെയ്തിരുന്നു. . ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. കൃഷ്ണപ്രസാദിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

രാഷ്ട്രീയ പ്രവർത്തനം ഒരു മത്സരമല്ല
ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർക്ക് സമൂഹത്തിലെ അസമത്വങ്ങളേയും ചൂഷണത്തെയും ഇല്ലാതാക്കാനുള്ള, കൃത്യമായ ദിശാബോധത്തോടെയും ആശയ വ്യക്തതയോടെയും സംഘടനയുടെ അച്ചടക്കത്തിലും കൂട്ടായ്മയിലും കൂടി ഒരു പരിപാടിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന സാമൂഹ്യ ഇടപെടലാണ് രാഷ്ട്രീയ പ്രവർത്തനം. സ്ഥാനങ്ങളും പദവികളും ആ ഇടപെടലുകളെ കൂടുതൽ ഫലപ്രദമാക്കാനുള്ള ഉപാധികളും.
ഈ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ പ്രതിഫലം തങ്ങളുടെ ഇടപെടലുകൾ സമൂഹത്തിലും വർഗ്ഗ സമീകരണങ്ങളിലുമുണ്ടാക്കുന്ന മാറ്റങ്ങളും ചൂഷിത ജനവിഭാഗങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളും അവർ നേടിയെടുക്കുന്ന അവകാശങ്ങളുമാണ്.
രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമായി തങ്ങളുടെ രാഷ്ടീയ പാർട്ടികളുടെ പ്രതിനിധികളായി ജനങ്ങളുടെ വോട്ടും പിന്തുണയും തേടാറുണ്ട് ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർ. ഒരു രാഷ്ട്രീയ പാർട്ടിയുടെയോ സംഘടനയുടെയോ പ്രതിനിധികൾ ആ പാർട്ടിക്കുള്ളിൽ അതിലെ അംഗങ്ങളുടെ പിന്തുണയോടെ വിവിധ ഘടകങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടാറുണ്ട്.
എന്നാൽ ഒരേ പ്രസ്ഥാനത്തിൽ വിവിധ ചുമതലകളിൽ പ്രവർത്തിക്കുന്നവർക്കിടയിൽ ഒരു തെരഞ്ഞെടുപ്പ് ഒരിക്കലും ഒരു ഇടതു പക്ഷ രീതിയല്ല. ഏതു സന്ദർഭത്തിൽ എന്തിനായി അങ്ങനെയൊരു മത്സരം നടത്തുന്നു എന്നത് വളരെ പ്രസക്തമാണ്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ പ്രവർത്തനങ്ങളെ എങ്ങനെയാണ് താരതമ്യം ചെയ്യുക എന്നതും പ്രസക്തമായ ചോദ്യമാണ്. പ്രസ്ഥാനങ്ങളും രാഷ്ട്രീയവുമാണ് സമൂഹത്തിൻ്റെ ദിശ നിർണ്ണയിക്കുക. പോരാട്ടങ്ങളിൽ തങ്ങളുടെ എല്ലാം, ജീവനടക്കം ത്യജിച്ച പേരറിയാത്ത ലക്ഷങ്ങളുടേതാണ് മാനവചരിത്രം. അവരാണ് ദേശത്തിൻ്റെ മുഖം. രാഷ്ട്രീയ പ്രവർത്തനം എനിക്കും ഒരു മത്സരയോട്ടമല്ല ജീവിതമാണ്.












Click it and Unblock the Notifications