'മുഖ്യമന്ത്രിയെ ആക്രമിച്ചതിന് മറുപടിയായി എഐസിസി ഓഫീസിലേക്ക് പ്രകടനം നടത്തുകയല്ല ചെയ്തത്': എംഎ ബേബി
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവം മുതലെടുത്ത് ദില്ലിയിലെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നതിലൂടെ കോൺഗ്രസ് ഉദ്ദേശിക്കുന്നത് എന്താണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. മുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ചിട്ടും എഐസിസി ഓഫീസിലേക്ക് പ്രകടനം നടത്തുകയല്ല തങ്ങൾ ചെയ്തത് എന്നും എംഎ ബേബി ചൂണ്ടിക്കാട്ടി. ആക്രമിച്ച കോൺഗ്രസുകാർക്ക് കെപിസിസിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയതോടെ ആക്രമണം നേതൃത്വത്തിന്റെ അറിവോടെ ആണെന്ന് വ്യക്തമായെന്നും എംഎ ബേബി പ്രതികരിച്ചു.
എംഎ ബേബിയുടെ പ്രതികരണം: ' കല്പറ്റയിൽ ഉണ്ടായ തികച്ചും ദൗർഭാഗ്യകരമായ സംഭവങ്ങളെ മുതലെടുത്ത് ഡെൽഹിയിലെ സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് പ്രകടനം നടത്തുന്ന കോൺഗ്രസുകാർ എന്താണ് ഉദ്ദേശിക്കുന്നത്? ഇതാണോ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിൻറെ രാഷ്ട്രീയ മുൻഗണന? വയനാട്ടിൽ ഉണ്ടായത് പാർടിയുടെയോ എസ്എഫ്ഐ നേതൃത്വത്തിൻറെയോ അറിവില്ലാതെ നടന്ന അന്യായസംഭവമാണ് എന്നും അതിനെ തള്ളിപ്പറയുന്നു എന്നും മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും പാർടി ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയും എസ്എഫ്ഐ നേതൃത്വവും ഒക്കെ അസന്നിഗ്ദ്ധമായ ഭാഷയിൽ പറഞ്ഞതാണ്. തെറ്റായ സംഭവങ്ങൾക്ക് ഉത്തരവാദികളായവരെ അറസ്റ്റുചയ്തു. ഡി വൈ എസ് പിയെ സസ്പെന്റു ചെയ്തു.

ഇതിനൊക്കെ ശേഷവും ഡെൽഹിയിലെ എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി ഓഫീസിലേക്കും വിവിധ സംസ്ഥാനങ്ങളിലെ എസ് എഫ് ഐ യുടെ ഓഫീസുകളിലേക്കും കോൺഗ്രസുകാർ ഇത്തരം പ്രതിഷേധപ്രകടനങ്ങൾ പ്രകോപനപരമായ വിധത്തിൽ നടത്തി. സ്വർണക്കടത്ത് കേസിൽ ആർഎസ്എസിൻറെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന, ആ കേസ്സിലെ പ്രതിയായ ഒരു വനിതയുടെ വാക്കുകൾ കേട്ട്, മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ വിമാനത്തിൽ വച്ച് ആക്രമിക്കാൻ മൂന്ന് കോൺഗ്രസുകാർ ശ്രമിച്ചു. അത്യസാധാരണമായ സംഭവം ആണിത്. എന്നിട്ട് മറുപടിയായി ഞങ്ങൾ എഐസിസി ഓഫീസിലേക്ക് പ്രകടനം നടത്തുകയല്ല ചെയ്തത്.
മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ ആക്രമിച്ച കോൺഗ്രസുകാർക്ക് കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനത്ത് ആകെ സ്വീകരണം നല്കുകയാണ്. കോൺഗ്രസ് നേതൃത്വം നിയോഗിച്ച പ്രകാരമാണ് ഈ ആക്രമണം നടത്തിയത് എന്നത് ഇതിൽനിന്ന് വ്യക്തമാണ്. ഇത്തരത്തിൽ അക്രമത്തെ ന്യായീകരിക്കാനും അനുമോദിക്കാനും അല്ല സിപിഐ എം ശ്രമിച്ചത് എന്നതും ഓർക്കണം. രാജ്യത്ത് പ്രതിപക്ഷ കക്ഷികളുടെ ഐക്യം വെല്ലുവിളി നേരിടുമ്പോൾ വിശാലവേദിയിൽ സാദ്ധ്യമായത്ര ഒരുമിച്ചു പ്രവർത്തിക്കുക എന്ന രാഷ്ട്രീയ കടമ മറന്ന് പതിവുപോലെ ആർഎസ്എസുമായി കൂട്ടുചേർന്നും കമ്യൂണിസ്റ്റുകാരെ നശിപ്പിക്കുക എന്ന കോൺഗ്രസിന്റെ ഗോത്രസ്വഭാവം പ്രകടിപ്പിക്കുകയാണ് അവർ.
സ്വാതന്ത്ര്യത്തിനു മുമ്പ് തുടങ്ങിയതാണ് കോൺഗ്രസുകാരുടെ ഈ ആർഎസ്എസ് ബാന്ധവം. നൂറുകൊല്ലം ശ്രമിച്ചിട്ടും അത് നടന്നില്ല. ആ മോഹം കോൺഗ്രസുകാർ ഇനിയെങ്കിലും മാറ്റി വയ്ക്കുന്നതാണ് നല്ലത്. ഇന്നലെ പറഞ്ഞ കാര്യം ആവർത്തിക്കുന്നു, വയനാട്ടിൽ ഉണ്ടായ സംഭവം അത്യന്തം ദൗർഭാഗ്യകരമാണ്. ഒരിക്കലും ഒരുതരിമ്പും അതിനെന്യായീകരിക്കുന്നില്ല. എന്നാൽ അതിൻറെ പേരിൽ കേരളത്തിലെയും പുറത്തെയും സിപിഐ എം പ്രവർത്തകരെയും ഓഫീസുകളും ആക്രമിക്കാനുള്ള നീക്കം കോൺഗ്രസ് നേതൃത്വം തടയാൻ തയ്യാറാവണം. അതല്ലെങ്കിൽ അക്രമാസക്തമായ ഈ അഴിഞ്ഞാട്ടം നേതൃത്വത്തിന്റെ സമ്മതത്തോടെയാണെന്നുകരുതാൻ ഞങ്ങൾ സ്വാഭാവികമായും നിർബന്ധിതരാവും''.












Click it and Unblock the Notifications