സിപിഎം നേതാവ് എംസി ജോസഫൈന്‍ അന്തരിച്ചു
കണ്ണൂര്‍ : സി പി എം മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ എം സി ജോസഫൈന്‍ അന്തരിച്ചു. ഹൃദാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. കണ്ണൂര്‍ എ കെ ജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സി പി എം കേന്ദ്രകമ്മിറ്റി അംഗമാണ് നിലവില്‍ എംസി ജോസഫൈന്‍. 2017 മാര്‍ച്ച് മാസം മുതല്‍ 2021 ജൂണ്‍ 25 വരെ, കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്ഥാന സമിതി അംഗം കൂടിയായ എം സി ജോസഫൈന്‍ പാര്‍ട്ടിയിലെ സുപ്രധാന നേതാക്കളില്‍ ഒരാളാണ്. അഖിലേന്ത്യ മഹിള ജനാധിപത്യ മഹിള അസോസിയേഷന്‍, അഖിലേന്ത്യ വൈസ് പ്രസിഡന്റായും ജി സി ഡി എ, ചെയര്‍പേഴ്‌സണുമായും പ്രവര്‍ത്തിച്ചിട്ടുണ്ട് . വൈപ്പില്‍ മുരിക്കിന്‍ പാടം സ്വദേശിയാണ്.
പതിമൂന്നാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മട്ടാഞ്ചേരി നിയമസഭാമണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടു. 2021 ജൂണ്‍ 24ന് ചാനല്‍ പരിപാടിക്കിടെ പരാതിക്കാരിയോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് സി പി എം തീരുമാനപ്രകാരമാണ് വനിത കമ്മിഷന്‍ അധ്യക്ഷ പദവിയില്‍ നിന്നും രാജി വച്ചത് .
Recommended Video

വിദ്യാര്‍ഥി യുവജന മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് എം സി ജോസഫൈന്‍ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1978ലാണ് പാര്‍ട്ടി അംഗത്വം നേടുന്നത്. 1984 സി പി എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെത്തി. 2002 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്. അങ്കമാലി ( 1987 ), മട്ടാഞ്ചേരി ( 2011 ) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു. 13 വര്‍ഷം അങ്കമാലി നഗരസഭാ കൗണ്‍സിലറായും സേവനം അനുഷ്ടിച്ചു. സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു ) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) പ്രസിഡന്റുമായിരുന്നു .
അതേസമയം, എം സി ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും. പഠന ആവശ്യത്തിന് വേണ്ടി ആണ് മൃതദേഹം വിട്ട് നല്‍കുന്നത്. ഇതിന് മുൻപ് മൃതദേഹം വിട്ട് നൽകാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണിത്. പൊതു ദര്‍ശനങ്ങൾ എല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം തിങ്കളാഴ്ച രണ്ട് മണി കഴിഞ്ഞ് മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും എന്നാണ് വിവരം.












Click it and Unblock the Notifications