സ്ത്രീ ആയതുകൊണ്ട് മാത്രം; ചിന്തയെ പിന്തുണച്ച് പികെ ശ്രീമതി
അവരെ കൊല്ലാതെ കൊല്ലുകയാണ് യൂത്ത് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും ശ്രീമതി

കൊച്ചി: യുവജന കമ്മീഷന്‍ ക്ഷേമ അധ്യക്ഷ ചിന്ത ജെറോമിനെ പിന്തുണച്ച് സിപിഎം നേതാവ് പികെ ശ്രീമതി. സ്ത്രീ ആയതുകൊണ്ടാണ് ചിന്തയ്‌ക്കെതിരെ ഇത്രയും കടുത്ത വിമര്‍ശനം ഉയരുന്നതെന്ന് ശ്രീമതി പറയുന്നു. അവിവാഹിതയായ ഒരു ചെറുപ്പക്കാരിയെ നിലപാട് വ്യക്തമാക്കി ജീവിക്കാന്‍ കേരളീയ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജീര്‍ണിച്ച യാഥാസ്ഥിതികത്വം അനുവദിക്കില്ലെന്നും ശ്രീമതി അഭിപ്രായപ്പെട്ടു.
കുറച്ച് നാളായി അപവാദങ്ങളുടെ പെരുമഴയാണ് ചിന്തയെ കുറിച്ച് ഉയരുന്നത്. തെറ്റ് തിരുത്താനാകണം വിമര്‍ശനം. മാനസികമായി സമൂഹ മധ്യത്തില്‍ ഇങ്ങനെ തളര്‍ത്തിയിടരുതെന്നും അവരെ കൊല്ലാതെ കൊല്ലുകയാണ് യൂത്ത് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും പറഞ്ഞ ശ്രീമതി, ക്രൂരതയ്ക്കും ഒരതിരുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു. അവരുടെ പ്രതികരണത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ...
വിമര്‍ശനമാവാം. എന്നാല്‍ 'കേട്ട പാതി കേള്‍ക്കാത്ത പാതി'നീചവും നികൃഷ്ടവുമായ വിമര്‍ശനം ഉയര്‍ത്തുനത് സ്ത്രീ ആയത് കൊണ്ട് മാത്രം.
ഉന്നത വിദ്യാഭ്യാസയോഗ്യതയും ആശയവ്യക്തതയോടെ സംസാരിക്കാന്‍ കഴിവുമുണ്ടെങ്കിലും ഒരു ചെറുപ്പക്കാരിയെ ( അവിവാഹിതയാണെങ്കില്‍ പ്രത്യേകിച്ചും) തന്റേടവും ധൈര്യവും നിലപാടും വ്യക്തമാക്കി ജീവിക്കാന്‍ കേരളീയ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജീര്‍ണ്ണിച്ച യാഥാസ്തിഥികത്വം അനുവദിക്കില്ല.
സ. ചിന്തയെക്കുറിച്ചാണ്. അപവാദങ്ങളുടെ പെരും മഴയാണ് കുറച്ച് നാളുകളായി ഈ പെണ്‍കുട്ടിയെകുറിച്ച് ഇറക്കികൊണ്ടിരിക്കുന്നത്. വിമര്‍ശിക്കുന്നത് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തിക്കാനായിരിക്കണം. അവഹേളിക്കരുത്. മാനസികമായി ഒരു പെണ്‍കുട്ടിയെ സമൂഹമദ്ധ്യത്തില്‍ ഇങ്ങനെ തളര്‍ത്തിയിടരുത്.
സ. ചിന്തക്കെതിരെ ചില മാദ്ധ്യമങ്ങളും സോഷ്യല്‍മീഡിയയും യൂത്ത് കോണ്‍ഗ്രസും നടത്തുന്നത് വിമര്‍ശനമല്ല. കൊല്ലാതെ കൊല്ലുകയാണ്. ക്രൂരതക്കും ഒരതിരുണ്ട്. ഇത് തുടരരുത്.
ഈ കുറിപ്പിന് ശേഷം ചിന്തയുടെ പ്രതികരണം അടങ്ങിയ വീഡിയോ പങ്കുവച്ച് ശ്രീമതി കുറിച്ചത് ഇങ്ങനെ- ചിന്തയുടെ പ്രതികരണം ഒന്ന് കേള്‍ക്കൂ അപവാദങ്ങളുടെ കൂരമ്പുകളേറ്റിട്ടും തളരാതെ പതറാതെ പത്രക്കാരുടെ ചോദ്യങ്ങള്‍ക്കെല്ലാം സത്യസന്ധമായി മറുപടി പറയാന്‍ ചിന്തക്ക് കഴിയുന്നു എന്നത് എല്ലാവര്‍ക്കും സഹിക്കാന്‍ കഴിയുന്നതല്ല.എങ്കിലും ഒരു പെണ്‍കുട്ടിയെ ഇത്ര കടുത്ത നിസ്സഹായാവസ്ഥയിലേക്ക് വലിച്ചിഴക്കുന്നത് സഹിക്കാന്‍ പറ്റുന്നതല്ല.












Click it and Unblock the Notifications