എന്തു ഭാവിച്ചാണ് എണ്ണവില ഇങ്ങനെ കൂട്ടുന്നത്? എന്തിനു വേണ്ടി ജനങ്ങളെ പിഴിയുന്നു; കേന്ദ്രത്തിനെതിരെ ഐസക്ക്
തിരുവനന്തപുരം: തുടര്‍ച്ചയായ ഇന്ധന വില വര്‍ദ്ധനവിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. കൊവിഡ് കാലത്തെ ദുരിതത്തിനിടെയിലും ദിവസേനയുള്ള ഇന്ധനവില വര്‍ദ്ധനവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിവലും അപ്പുറമാണ്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 9 രൂപ അടുപ്പിച്ചാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ സാധനങ്ങളുടെ വിലക്കയറ്റവും രൂക്ഷമാകുന്നുണ്ട്.

എന്നാല്‍ ഇപ്പോഴിതാ ഇന്ധനവില വര്‍ദ്ധനവിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്ക് രംഗത്തെത്തിയിരിക്കുകയാണ്. എന്തു ഭാവിച്ചാണ് മോഡി സര്‍ക്കാര്‍ എണ്ണവില ഇങ്ങനെ കൂട്ടുന്നത് എന്ന് തുടങ്ങുന്ന കുറിപ്പിലാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് ഇന്ധനവില വര്‍ദ്ധനവില്‍ തോമസ് ഐസക്ക് വിമര്‍ശിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ.

എന്തു ഭാവിച്ചാണ് മോഡി സര്‍ക്കാര്‍ എണ്ണവില ഇങ്ങനെ കൂട്ടുന്നത്? ജനുവരി 1-ന് 85.72 രൂപ വരെയുണ്ടായിരുന്ന പെട്രോളിന് നവംബര്‍ 1-ന് 112.07 രൂപയാണ് വില. ഡീസലിന്റെ വില 79.65 രൂപയില്‍ നിന്ന് 105.85 രൂപയായി ഉയര്‍ന്നു. 19 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 400 രൂപയിലധികം വര്‍ദ്ധിച്ച് 1994 രൂപയായി. ഗാര്‍ഹിക എല്‍പിജിക്ക് (14 കിലോഗ്രാം) 205 രൂപ വര്‍ദ്ധിച്ച് 906 രൂപയായി. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പ്രകൃതിവാതക വില കഴിഞ്ഞ രണ്ടു മാസത്തിനിടെ 10 രൂപ കൂട്ടി 70 രൂപയായി.

പല പ്രമുഖമാധ്യമങ്ങളുടെയും തലവാചകം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും എന്നിട്ടും നികുതി കുറയ്ക്കാന്‍ തയ്യാറല്ല എന്നാണ്. രണ്ടു സര്‍ക്കാരുകളെയും കൂട്ടിക്കെട്ടുന്നതു ദുഷ്ടലാക്കാണ്. നമ്മള്‍ ചര്‍ച്ച ചെയ്യുന്നതു വില വര്‍ദ്ധനവിനെക്കുറിച്ചാണ്. ഒരു സംസ്ഥാനവും നികുതി കൂട്ടിയിട്ടില്ല. നികുതി കൂട്ടിയിട്ടുള്ളതു കേന്ദ്ര സര്‍ക്കാര്‍ മാത്രമാണ്.

മോഡി അധികാരത്തില്‍വന്നശേഷം പെട്രോളിനും 3.5 മടങ്ങും ഡീസലിന് 9 മടങ്ങും നികുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. ഈ വര്‍ദ്ധനയുടെ ഒരു പങ്കും സംസ്ഥാനത്തിനു നല്‍കാതിരിക്കാന്‍വേണ്ടി പങ്കുവയ്‌ക്കേണ്ട എക്‌സൈസ് നികുതിക്കു പകരം റോഡ് സെസ്സും മറ്റുമായിട്ടാണ് ഈ വര്‍ദ്ധന വരുത്തിയിട്ടുള്ളത്.

അന്തര്‍ദേശീയ കമ്പോളത്തില്‍ ക്രൂഡോയിലിന്റെ വില കുത്തനെ കുറഞ്ഞപ്പോഴാണ് അതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്കു നല്‍കാതെ കൈപ്പിടിയിലാക്കാന്‍ നികുതി വര്‍ദ്ധിപ്പിച്ചത്. ഇന്നു ക്രൂഡോയില്‍ വില ഉയരുമ്പോള്‍ വര്‍ദ്ധിപ്പിച്ച നികുതി കുറയ്ക്കുക എന്നുള്ളത് എത്രയോ ലളിതമായ യുക്തി. അതു നമ്മുടെ പല മാധ്യമ പ്രഭൃതികള്‍ക്കും മനസിലായിട്ടില്ല.

എന്തിനു വേണ്ടി ജനങ്ങളെ പിഴിയുന്നു? കോര്‍പ്പറേറ്റുകള്‍ക്ക് 1.5 ലക്ഷം കോടി രൂപ നികുതിയിളവ് നല്‍കിയവരാണ് മോഡി സര്‍ക്കാര്‍. ഇനിയിപ്പോള്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് എന്ന പേരില്‍ 2 ലക്ഷം കോടി കോര്‍പ്പറേറ്റുകള്‍ക്കു സബ്‌സിഡി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനു പണം കണ്ടെത്താനാണ് ജനങ്ങളെ പിഴിയുന്നത്- തോമസ് ഐസക്ക് കുറിച്ചു.












Click it and Unblock the Notifications