Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൊള്ളയുടെ മറ്റൊരു കഥകൂടി വെളിച്ചത്ത്; പവന്‍ ഹാന്‍സിന്റെ വില്‍പനയും കേന്ദ്രം മരവിപ്പിച്ചു'; തോമസ് ഐസക്ക്

തിരുവനന്തപുരം: പൊതുമേഖല കൊള്ളയുടെ മറ്റൊരു കഥ കൂടി വെളിച്ചത്ത് വന്നതോട് കൂടി പവാന്‍ ഹാന്‍സ് ഹെലികോപ്ടര്‍ ലിമിറ്റഡ് എന്ന രാജ്യത്തെ ഏറ്റവും വലിയ ഹെലികോപ്ടര്‍ കമ്പനിയുടെ വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. പൊതുമേഖലാ കമ്പനികളെ വളരെ താഴ്ന്നവിലയ്ക്ക് വില്‍ക്കുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം. ജൂണ്‍ മാസത്തില്‍ പവാന്‍ ഹാന്‍സ് പുതിയ ഉടമസ്ഥര്‍ക്കു കൈമാറുമെന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍ വിവാദം കൊഴുത്തതോടെ ഈ വില്‍പ്പനയും മരവിപ്പിച്ചിരിക്കുകയാണെന്ന് തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം..

പൊതുമേഖലാ കൊള്ളയുടെ മറ്റൊരു കഥകൂടി വെളിച്ചത്തുവന്നിരിക്കുന്നു. തൊണ്ടി സഹിതം കള്ളംപിടിച്ചതോടെ സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (സിഇഎല്‍) ന്റെ വില്‍പ്പന നിര്‍ത്തിവച്ചതുപോലെ പവാന്‍ ഹാന്‍സ് ഹെലികോപ്ടര്‍ ലിമിറ്റഡ് എന്ന രാജ്യത്തെ ഏറ്റവും വലിയ ഹെലികോപ്ടര്‍ കമ്പനിയുടെ വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായി.

thomas isac

2021-ല്‍ കമ്പനിയുടെ മൊത്തം ആസ്തി 1327 കോടി രൂപയാണ്. ഇതില്‍ ക്യാഷ് ബാലന്‍സ്, പെട്ടെന്ന് പണമാക്കി മാറ്റാന്‍ കഴിയുന്ന ആസ്തികള്‍ 505 കോടി രൂപ വരും. കമ്പനിക്കു 42 ഹെലികോപ്ടറുകള്‍ സ്വന്തമായി ഉണ്ട്. 119 പൈലറ്റുമാര്‍ അടക്കം 655 ജീവനക്കാരുണ്ട്. മുംബെയില്‍ സ്വന്തമായുള്ള 241 ഫ്‌ലാറ്റുകള്‍ക്ക് 414 കോടി രൂപയാണ് ഇന്നു വില. 45 ശതമാനം ഷെയര്‍ കേന്ദ്രസര്‍ക്കാരിനും ബാക്കി ഒഎന്‍ജിസിക്കുമാണ്. ഈയൊരു കമ്പനിയെയാണ് 212 കോടി രൂപയ്ക്ക് വില്‍ക്കാന്‍ അച്ചാരം വാങ്ങിയത്.

പൊതുമേഖലാ കമ്പനികളെ വളരെ താഴ്ന്നവിലയ്ക്ക് വില്‍ക്കുന്നത് ഇന്നൊരു പുതുമയുള്ള കാര്യമല്ല. പക്ഷെ വാങ്ങാന്‍ പോകുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദം കൊഴുത്തത്. സ്റ്റാര്‍ 9 മൊബിലിറ്റി എന്നാണു കമ്പനിയുടെ പേര്. 2021 ഒക്ടോബര്‍ മാസത്തിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഒരുലക്ഷം രൂപയാണ് ഓഹരി മൂലധനം. മൂന്നു പേരാണ് ഓഹരി ഉടമസ്ഥര്‍.

ഒന്ന്) മൂന്നു ഹെലികോപ്ടറുകളുള്ള മഹാരാജാ ആക്ഷന്‍. ഇവരുടെ മൂലധനത്തേക്കാള്‍ ഏറെയാണ് സഞ്ചിത നഷ്ടം. രണ്ട്) ബിഗ് ചാര്‍ട്ടര്‍ എന്ന ഒരു ചെറുകിട വിമാനക്കമ്പനി. സ്ഥിരം റൂട്ടുകളൊന്നുമില്ല. മറ്റ് എയര്‍ലൈന്‍സുകളില്‍ നിന്നും വാടകയ്‌ക്കെടുത്ത് വിമാനം പറത്തുന്നു. മൂന്ന്) നികുതി വെട്ടിപ്പ് കേന്ദ്രങ്ങളില്‍ ഒന്നായ കെ-മാന്‍ ദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആല്‍മാസ് ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റി ഫണ്ട്. ഇവരെക്കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല. ചില പത്രപ്രവര്‍ത്തകര്‍ അന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയത് സിംബാംവെയിലെ കുടാക്വാഷേ ടാഗ്്വെരയി എന്ന കോടീശ്വരനിലാണ്. അഴിമതിയുടെയും വെട്ടിപ്പിന്റെയും പേരില്‍ ഇയാളെ അമേരിക്കയും ബ്രിട്ടനും കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്.

ടെണ്ടര്‍ നിബന്ധനകള്‍ ലംഘിച്ചാണ് ഇവരുടെ കണ്‍സോര്‍ഷ്യത്തിന് കരാര്‍ ഉറപ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുന്നവര്‍ സെബിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയുണ്ട്. എന്നാല്‍ കെ-മാന്‍ ദ്വീപിലെ ആല്‍മാസ് കമ്പനിക്ക് ടെണ്ടര്‍ സമയത്ത് രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നില്ല. 300 കോടി രൂപയെങ്കിലും അസല്‍ ആസ്തി ഈ കമ്പനികള്‍ക്കു വേണമെന്നുണ്ട്. ആദ്യത്തെ രണ്ട് ഇന്ത്യന്‍ കമ്പനികളുടെയും അസല്‍ ആസ്തി നെഗറ്റീവാണ്. ആല്‍മാസിന്റെ കണക്കുകള്‍ ലഭ്യമല്ല.

ഗൗരവമായ കാര്യം കണ്‍സോര്‍ഷ്യത്തില്‍ ഉള്ളവര്‍ക്ക് പവാന്‍ ഹാന്‍സ് പോലുള്ള ഒരു വലിയ ഹെലികോപ്ടര്‍ കമ്പനിയെ നടത്തിക്കൊണ്ടു പോകാനുള്ള പ്രാപ്തി സംശയാസ്പദം ആണെന്നതാണ്. കമ്പനിയുടെ ആസ്തികള്‍ വില്‍ക്കുന്നതിനുള്ള നിയന്ത്രണം സംബന്ധിച്ച ടെണ്ടര്‍ നിബന്ധന ആദ്യം രണ്ടുവര്‍ഷത്തേയ്ക്ക് ആയിരുന്നു. അത് ഒരുവര്‍ഷമായി കുറച്ചുകൊടുത്തിരിക്കുകയാണ്. ഓഹരികളുടെ ലോക്ക് ഇന്‍ പിരീഡ് മൂന്നുവര്‍ഷത്തില്‍ നിന്നും ഒരുവര്‍ഷമായി കുറച്ചിരിക്കുകയാണ്. കമ്പനി നടത്താനല്ല വെട്ടിപ്പൊളിച്ച് വിറ്റ് കാശ് ഉണ്ടാക്കാനാണ് ഏറ്റെടുക്കുന്നതെന്നു വ്യക്തം.

രാജ്യത്തെ സംബന്ധിച്ച് തന്ത്രപ്രധാനമാണ് ഈ ഹെലികോപ്ടര്‍ കമ്പനി. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഈ ഹെലികോപ്ടര്‍ കമ്പനിയെയാണ് ആശ്രയിക്കുന്നത്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇവരുടെ സേവനം അനിവാര്യമാണ്. ഹെലികോപ്ടര്‍ സര്‍വ്വീസ് ഇല്ലാതെ ഒഎന്‍ജിസിക്കു പ്രവര്‍ത്തിക്കാനാവില്ല. അതുകൊണ്ടാണു പകുതി ഷെയര്‍ ഒഎന്‍ജിസിക്ക് ആയിരിക്കുന്നത്. ഈ ഓഹരിയും പുതിയ നടത്തിപ്പുകാരനായിരിക്കും.

ജൂണ്‍ മാസത്തില്‍ പവാന്‍ ഹാന്‍സ് പുതിയ ഉടമസ്ഥര്‍ക്കു കൈമാറുമെന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍ വിവാദം കൊഴുത്തതോടെ ഈ വില്‍പ്പനയും മരവിപ്പിച്ചിരിക്കുകയാണ്. ഇന്നത്തെ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ഒരു പരിദേവന റിപ്പോര്‍ട്ടുണ്ട്. വിവാദങ്ങള്‍മൂലം പ്രഖ്യാപിത പൊതുമേഖലാ വില്‍പ്പനകളെല്ലാം കോള്‍ഡ് സ്റ്റോറേജിലാണ്. പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പാക്കാന്‍ കഴിയുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+