'തൃശൂരിലെ അക്കൗണ്ടുകള്‍ പാര്‍ട്ടിക്കറിയാം', ഇഡിയും ആദായ നികുതി വകുപ്പും ഗുണ്ടായിസം കാട്ടുന്നെന്ന് ഗോവിന്ദന്‍
തിരുവനന്തപുരം: സി പി എം തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിയെ നിയമപരമായി നേരിടുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സി പി എമ്മിനെതിരെ ഇഡിയും ആദായ നികുതി വകുപ്പും ഗുണ്ടായിസമാണ് നടത്തുന്നത് എന്നും നിയമപരമായ കാര്യങ്ങളെല്ലാം വിട്ട് സി പി എമ്മിനെ ഭയപ്പെടുത്താനുള്ള ശ്രമമാണിത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫാസിസത്തിനെതിരായി നിലകൊള്ളുന്നതിനാലാണ് ഇത്തരം കടന്നാക്രമണങ്ങള്‍ ഉണ്ടാകുന്നത്. ഇത് തങ്ങള്‍ നേരിടുക തന്നെ ചെയ്യുമെന്നും നിയമപരമല്ലാത്ത എല്ലാത്തിനേയും നിയപരമായി കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. തൃശൂരിലെ ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് അറിയാം. എല്ലാ കണക്കും കൃത്യമായി കേന്ദ്രസര്‍ക്കാരിന് കൊടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങള്‍ക്ക് അറിയാത്ത ഇടപാടുകളില്ല എന്നും എല്ലാം സുതാര്യമല്ലേ എന്നും അദ്ദേഹം ചോദിച്ചു. 14 ജില്ലകളിലേയും സംസ്ഥാന കമ്മറ്റികളുടെ കണക്ക് ബന്ധപ്പെട്ടവര്‍ക്ക് കൊടുത്തതാണ് എന്നും ഗോവിന്ദന്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തില്‍ അന്വേഷിക്കേണ്ട കാര്യമെന്താണ് എന്നും ഗോവിന്ദന്‍ ചോദിച്ചു. തൃശൂരില്‍ പാര്‍ട്ടിക്ക് 80-ല്‍ അധികം അക്കൗണ്ടുകള്‍ ഉണ്ടെന്നാണല്ലോ കേള്‍ക്കുന്നത് എന്ന ചോദ്യത്തിന്, അതിനേക്കാള്‍ അധികം ഉണ്ടാകും എന്നായിരുന്നു മറുപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരുവന്നൂരില്‍ എത്തിക്കാന്‍ ബി ജെ പി ശ്രമിക്കുന്നുണ്ടല്ലോയെന്ന ചോജ്യത്തിന് ' അയാള്‍ അവിടെത്തന്നെ താമസിച്ചാലും കുഴപ്പമില്ല,' എന്നായിരുന്നു ഗോവിന്ദന്‍ പറഞ്ഞത്. അതേസമയം പാനൂരില്‍ ബോബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിലിന്റെ വീട്ടില്‍ സിപിഎം നേതാക്കള്‍ എത്തിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും പോയിട്ടുണ്ടെങ്കില്‍ അവര്‍ പരിശോധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല എന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് സി പി എമ്മുമായി ബന്ധമുണ്ട് എന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ ഇത് തള്ളി കഴിഞ്ഞ ദിവസവും ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. പാനൂരില്‍ ബോംബ് നിര്‍മിച്ചവര്‍ മുമ്പ് സി പി എം പ്രവര്‍ത്തകരെ ആക്രമിച്ചവരാണെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്.
ഇവര്‍ക്കെതിരായ കേസ് ഇപ്പോഴുമുണ്ടെന്നും സി പി എമ്മിന് ബോംബുണ്ടാക്കേണ്ട ഒരാവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു അക്രമവും പാടില്ലെന്ന് തന്നെയാണ് പാര്‍ട്ടി തീരുമാനം. പാനൂര്‍ സംഭവത്തിലുള്‍പ്പെട്ടവര്‍ക്ക് വടകരയിലെ സ്ഥാനാര്‍ത്ഥിയുമായി ഒരു ബന്ധവുമില്ല. ഷാഫി പറമ്പില്‍ വോട്ട് കിട്ടാന്‍ വേണ്ടി പലതും പടച്ചുവിടുകയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications