കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറുവയിലേക്ക് മെയ് 12ന് സിപിഎം ബഹുജനമാര്‍ച്ച്; ചര്‍ച്ച പരാജയം; അനിശ്ചിതകാല സത്യാഗ്രഹം തുടരും

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കുറുവാ ദ്വീപിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹം തുടരും. ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ഇന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മെയ് 12ന് ബഹുജനത്തെ അണിനിരത്തി കുറുവാ ദ്വീപിലേക്ക് കുറുവാ മാര്‍ച്ച് സംഘടിപ്പിക്കും.

അന്നേ ദിവസം നിയന്ത്രണങ്ങള്‍ മുഴുവന്‍ ഭേദിച്ച് പ്രവര്‍ത്തകര്‍ ദ്വീപില്‍ പ്രവേശിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു. സിപിഎം നടത്തുന്ന സമരത്തെ എതിര്‍ക്കുന്നവര്‍ ഉപജീവനത്തിന് വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിക്കുന്ന ലോബിയില്‍പ്പെട്ടവരാണെന്നും അദ്ധേഹം വ്യക്തമാക്കി. ആദ്യകാലത്തില്‍ നാലായിരത്തോളം വിനോദസഞ്ചാരികള്‍ വന്നുകൊണ്ടിരുന്ന കുറുവാദ്വീപില്‍ പൊടുന്നനെ നിയന്ത്രണം കൊണ്ടുവന്നത് ജില്ലയുടെ ടൂറിസം മേഖലയെ തകര്‍ക്കുന്ന നിലപാടാണെന്നും, ഇത്തരം നിയന്ത്രണങ്ങള്‍ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും സിപി എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു. കുറുവയില്‍ നിയന്തണമേര്‍പ്പെടുത്തിയത് മറ്റുചില താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ്.

ഇത് സംബന്ധിച്ച് മാനന്തവാടി, കല്‍പ്പറ്റ എംഎല്‍എമാര്‍ വനംകുപ്പിന്റെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുമായി മാര്‍ച്ച് 03ന് ചര്‍ച്ച നടത്തുകയും ദിവസം ആയിരംപേരെ വീതം പ്രവേശിപ്പിക്കാനും, പതിനഞ്ച് ദിവസത്തിനകം ഇത് സംബന്ധിച്ച് അന്തിമതീരുമാനം പുറപ്പെടുവിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇത്രദിവസമായിട്ടും വനംവകുപ്പ് പ്രസ്തുത തീരമാനത്തെകുറിച്ച് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് അദ്ധേഹം പറഞ്ഞു. ജില്ലയിലെ എംഎല്‍എമാരോട് പോലും ഇതുവരെ അക്കാര്യത്തെകുറിച്ച് സംസാരിക്കാന്‍ വനംവകുപ്പ് തയ്യാറായില്ലെന്നും അദ്ധേഹം കുറ്റപ്പെടുത്തി.കഴിഞ്ഞ ഏഴാം തീയതിയിറങ്ങിയ ഉത്തരവ് പ്രകാരം 950 പേരെ പ്രവേശിപ്പിക്കാമെന്ന് പറയുന്നുണ്ട്. എന്നാല്‍ മാനന്തവാടി എംഎല്‍എയോട് ആലോചിക്കാതെയോ പറയാതെയോ അദ്ദേഹത്തെ പൂര്‍ണ്ണമായി അവഗണിക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്തത്.

kuruva

കുറുവാദ്വീപ്

അത് എംഎല്‍എയോടുള്ള പരസ്യമായ അവഹേളനമാണ്. അത് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ കുറുവയുമായി ബന്ധപ്പെട്ട് കുടുംബശ്രീ സ്ത്രീകളുടെ പേരില്‍ നടത്തിയത് സ്പോണ്‍സേര്‍ഡ് സമരമാണെന്നും തങ്ങള്‍ മെയ് 08ന് ആരംഭിക്കാനിരുന്ന സമരത്തെ തള്ളിപറയുന്നതിനായുള്ള നീക്കത്തിന്റെ ഭാഗമാണതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം സമരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തിയവര്‍ സിപിഐയുടെ ഔദ്യോഗിക നിലപാടുകളല്ല പറഞ്ഞത്. സിപിഎമ്മിന്റെ സമരത്തെ അനാവശ്യമെന്ന് മുദ്രകുത്തുന്നുവര്‍ മാനന്തവാടിയിലെ രാഷ്ട്രീയം ഉപജീവനമായി കരുതുന്നവരാണെന്നും ഗഗാറിന്‍ പറഞ്ഞു. കുറുവ വിഷയത്തില്‍ സിപിഐയും -സിപിഎമ്മും തമ്മില്‍ യാതൊരു തര്‍ക്കവും നിലവിലില്ല. സിപിഐയുടെ പേരില്‍ വാര്‍ത്താസമ്മേളനം നടത്തുന്നവരില്‍ പലരും ഭൂമിതട്ടിപ്പടക്കമുള്ളവയില്‍ പങ്കാളികളാണെന്ന് പൊതുസമൂഹത്തിന് അറിയാം. ഇത്തരക്കാര്‍ക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതായും ഗഗാറിന്‍ പ്രസ്താവിച്ചു.

സമരം കൂടുതല്‍ ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായി മെയ് 12 ന് വന്‍ ജനകീയ മാര്‍ച്ച് കുറുവയിലേക്ക് നടത്തു. പാല്‍വെളിച്ചത്ത് നിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ എല്ലാ നിയന്ത്രണങ്ങളും ഭേദിച്ച് തങ്ങള്‍ അകത്ത് പ്രവേശിക്കും. അന്നേദിവസം തുടര്‍സമരപരിപാടികളെ കുറിച്ച് പ്രഖ്യാപിക്കുകയും ചെയ്യുമെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പിവി സഹദേവന്‍, കെ റഫീഖ്, സിഐടിയു ജില്ലാ പ്രസിഡന്റ് വിവി ബേബി, മാനന്തവാടി ഏര്യ സെക്രട്ടറി കെഎം വര്‍ക്കി, വൈത്തിരി ഏരിയ സെക്രട്ടറി സിഎച്ച് മമ്മി എന്നിവര്‍ പങ്കെടുത്തു.

English summary
cpm march to kuruva on may 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X