തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാൻ സിപിഎം; എം സ്വരാജ് ഇറങ്ങും? എറണാകുളത്ത് 5 സിറ്റിംഗ് എംഎൽഎമാരും മത്സരിക്കും
നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ പിടിക്കാൻ ഉറച്ച് സിപിഎം. ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം തിരച്ചുപിടിക്കാനുള്ള തന്ത്രങ്ങളാണ് പാർട്ടി മെനയുന്നത്. മുൻ എംഎൽഎ കൂടിയായ എം സ്വരാജിനെ തന്നെ മണ്ഡലത്തിൽ ഇറക്കാനാണ് ആലോചന.
കോണ്‍ഗ്രസിൻ്റെ സിറ്റിംഗ് എംഎൽഎയായ കെ ബാബു ഇനി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും 992 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ ബാബു മണ്ഡലത്തിൽ വിജയിച്ചത്. ബാബുവിന് 65,875 വോട്ടുകളും എം സ്വരാജിന് 64,883 വോട്ടുകളുമായിരുന്നു ലഭിച്ചത്. ഇത്തവണ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കിയാൽ മണ്ഡലം പിടിക്കാമെന്നാണ് സി പി എം കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് സ്വരാജിനെ തന്നെ പരിഗണിക്കുന്നത്.

സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്നിരുന്നു. സ്വരാജിനെ കൂടാതെ കൊച്ചി മുൻമേയർ എം അനിൽ കുമാർ, കെ എസ് അരുൺ കുമാർ എന്നിവരുടെ പേരുകളും ചർച്ചായി. സ്വരാജിനെ ജില്ലക്ക് പുറത്തേക്ക് പരിഗണിച്ചാൽ ഇവരിൽ ആർക്കെങ്കിലും നറുക്ക് വീണേക്കും.
അതേസമയം എറണാകുളത്ത് ഇത്തവണ അഞ്ച് സിറ്റിംഗ് എം എൽ എമാരേയും മത്സരിപ്പിക്കാനാണ് സി പി എം യോഗത്തിൽ ഉയർന്ന തീരുമാനം.പി രാജീവ്(കളമശ്ശേരി), കെ ജെ. മാക്‌സി, കെഎൻ ഉണ്ണികൃഷ്ണൻ, പിവി ശ്രീനിജൻ, ആന്റണി ജോൺ എന്നിവരാണ് വീണ്ടും തിരഞ്ഞെടുപ്പിന് ഇറങ്ങുക. കളമശേരിയിൽ നിന്നുള്ള എംഎൽഎയാണ് പി രാജീവ്. 15,336 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു രാജീവിൻ്റെ വിജയം. ടോണി ചമ്മണിയെ 14,079 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൊച്ചി മണ്ഡലത്തിൽ നിന്നും കെ ജെ മാക്സിയുടെ ജയം. ടോണി ചമ്മണിക്ക് 40,553 വോട്ടുകളാണ് ലഭിച്ചത്.
വെപ്പിൻ മണ്ഡലത്തിൽ നിന്നുള്ള എം എൽ എയായ കെ എൻ ഉണ്ണികൃഷ്ണന് 53,858 വോട്ടുകളായിരുന്നു കഴിഞ്ഞ തവണ ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ദീപക് ജോയിക്ക് 45,657 വോട്ടുകൾ,ജോബ് ചക്കലയ്ക്കൽ (ട്വൻ്റി 20) 16,707 വോട്ടുകൾ, കെ.എസ്. ഷൈജു (ബിജെപി): 13,540 വോട്ടുകൾ എന്നിങ്ങനെയായിരുന്നു ലബിച്ച വോട്ടുകൾ.
കുന്നത്തുനാട് മണ്ഡലത്തിൽ നേരിയ ഭൂരിപക്ഷത്തിലായിരുന്നു പിവി ശ്രീനിജൻ കഴിഞ്ഞ തവണ വിജയിച്ചത്.അദ്ദേഹത്തിന് ലഭിച്ചത് 51,180 വോട്ടുകളായിരുന്നു. വി.പി. സജീന്ദ്രന് 48,463 വോട്ടുകളും.












Click it and Unblock the Notifications