പി ജയരാജനെ ഒതുക്കിയതോ? ഇത്തവണയും 'കണ്ണൂരിന്റെ ചെന്താരകത്തെ'പരിഗണിച്ചില്ല: അണികളില്‍ അമർഷം
കൊല്ലം: സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കണ്ണൂരില്‍ നിന്നുള്ള മുതിർന്ന നേതാവ് പി ജയരാജനെ ഉള്‍പ്പെടുത്താത്തതില്‍ പാർട്ടി അണികള്‍ക്കിടയില്‍ നിന്നും വിമർശനം ശക്തമാക്കുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ തന്നെ പി ജയരാജനെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന നിമിഷം തഴയപ്പെട്ടു. കൊല്ലത്തും ഇത് തന്നെ ആവർത്തിച്ചതോടെയാണ് പി ജയരാജന്റെ മകന്‍ ജയിന്‍ രാജ് അടക്കമുള്ളവർ പരസ്യ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ച 'വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ' എന്ന വാചകം വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയാണ് ജയിന്‍ രാജ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ജയിന്‍ രാജിന് പുറമെ കണ്ണൂരില്‍ നിന്നുള്ള നിരവധി പ്രവർത്തകർ വിഷയത്തില്‍ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമർശനം ഉന്നയിക്കുന്നുണ്ട്.

സി പി എമ്മിന്റെ സംസ്ഥാനത്തെ ഉന്നത നേതൃസ്ഥാനത്തേക്ക് എത്താനുള്ള പി ജയരാജന്റെ അവസാന ഊഴമായിരുന്നു കൊല്ലം സംസ്ഥാന സമ്മേളനം. പ്രായപരിധി നിബന്ധന തുടർന്നാൽ അടുത്ത സമ്മേളനത്തിൽ സംസ്ഥാന സമിതിയിൽ നിന്നും പി ജയരാജന് ഒഴിവാകേണ്ടി വരും. ജയരാജന് 72 വയസ്സാണ് ഇപ്പോള്‍ പ്രായം. മൂന്നുവര്‍ഷം കഴിഞ്ഞ് അടുത്ത സമ്മേളനം നടക്കുമ്പോള്‍ 75 വയസ്സിലേക്ക് കടക്കും. ഇത്തവണ കിട്ടാത്ത പരിഗണന അടുത്ത തവണ കിട്ടുമെന്ന് അണികള്‍ പ്രതീക്ഷിക്കുന്നില്ല.
ഇതോടെ 27 വർഷമായി സംസ്ഥാന കമ്മിറ്റിയിലുളള പി ജയരാജന് അതേ ഘടകത്തിൽ തന്നെ പടിയിറങ്ങേണ്ടി വരും. ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇപി ജയരാജൻ, എംവി ഗോവിന്ദൻ, എംവി ജയരാജന്‍ തുടങ്ങിയ സി പി എമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയിൽ നിന്ന് ഇവരെല്ലാം സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയപ്പോള്‍ പി ജയരാജന് മാത്രം ആ ഭാഗ്യമുണ്ടായില്ല.
ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കാത്തതിന് പിന്നില്‍ പല കാരണങ്ങളാണ് പറഞ്ഞുകേള്‍ക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് കണ്ണൂര്‍ ജില്ലാ കമ്മറ്റി, സംസ്ഥാന നേതൃത്വത്തിന് നല്‍കിയ കത്താണ്. പി ജയരാജന് ക്വട്ടേഷന്‍-സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സി പി എം ജില്ലാ കമ്മിറ്റി മുന്‍ അംഗം മനു തോമസ് ആരോപിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ വിവാദം സംബന്ധിച്ചാണ് കണ്ണൂർ ജില്ലാ നേതൃത്വം സംസ്ഥാന നേൃത്വത്തിന് കത്ത് നല്‍കിയിരുന്നത്.












Click it and Unblock the Notifications