തീരുമാനം നാളെ പറയുമെന്ന് കെവി തോമസ്; ക്ഷണിച്ചത് സിപിഎമ്മിലേയ്ക്കല്ലെന്ന് എംവി ജയരാജന്‍
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെവി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് വ്യാഴാഴ്ച ഉത്തരം ലഭിക്കും. നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കണ്ട് നിലപാട് പറയുമെന്ന് കെവി തോമസ് പ്രതികരിച്ചു. പങ്കെടുക്കരുതെന്നാണ് കെപിസിസി നേതൃത്വവും ഹൈക്കമാന്റും നല്‍കിയിരിക്കുന്ന നിര്‍ദേശം. കെവി തോമസിന് പുറമെ ശശി തരൂര്‍ എംപിക്കും സമാനമായ നിര്‍ദേശം ഹൈക്കമാന്റ് നല്‍കിയിരുന്നു. തരൂര്‍ സിപിഎം നേതൃത്വത്തെ വിവരം ധരിപ്പിച്ചു. സെമിനാറിന് എത്തില്ലെന്ന് അറിയിച്ചു.

എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന വിഷയത്തില്‍ കെവി തോമസ് ഇതുവരെ സിപിഎം നേതൃത്വത്തോട് പ്രതികരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് വ്യാഴാഴ്ച രാവിലെ 11ന് പ്രതികരിക്കാമെന്ന് കെവി തോമസ് മറുപടി പറഞ്ഞത്. അതേസമയം, കെവി തോമസിനെ സിപിഎമ്മിലേയ്ക്കല്ല ക്ഷണിച്ചതെന്നും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലേക്കാണെന്നും സിപിഎം നേതാവ് എംവി ജയരാജന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ അഭിപ്രായം പറയാന്‍, കോണ്‍ഗ്രസുകാരനായിട്ടാണ് ക്ഷണിച്ചതെന്നും ജയരാജന്‍ പറഞ്ഞു.
സെമിനാറില്‍ പങ്കെടുക്കില്ലെന്ന് കെവി തോമസ് അറിയിച്ചിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് വച്ചതെന്നും ജയരാജന്‍ പറഞ്ഞു. കെവി തോമസ് പങ്കെടുക്കുന്ന കാര്യം വൈകാതെ അറിയാമെന്ന് എംഎ ബേബി പ്രതികരിച്ചു. കെവി തോമസിനെ വിലക്കുന്ന കോണ്‍ഗ്രസ് നടപടി പാപ്പരത്തമാണെന്ന് എളമരം കരീം പറഞ്ഞു. കെവി തോമസ് എന്ത് നിലപാട് എടുക്കുന്നു എന്നത് വളരെ നിര്‍ണായകമാണ്. അദ്ദേഹം നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്താല്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമാകും. തീരുമാനം നീട്ടിക്കൊണ്ടുപോകുന്ന കെവി തോമസിന്റെ നീക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും ആശങ്കയുണ്ട്. വിലക്ക് ലംഘിച്ചാല്‍ കടുത്ത നടപടി കെപിസിസി എടുക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോര വീണ മണ്ണില്‍ സിപിഎം നടത്തുന്ന പരിപാടിയില്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് പങ്കെടുക്കുമോ എന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വച്ച ചോദ്യം. കെവി തോമസ് പങ്കെടുക്കേണ്ട സെമിനാര്‍ നേരത്തെ വ്യാഴാഴ്ചയാണ് തീരുമാനിച്ചിരുന്നത്. മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്നതായിരുന്നു വിഷയം. ശശി തരൂര്‍ പങ്കെടുക്കേണ്ട സെമിനാര്‍ ശനിയാഴ്ചയും തീരുമാനിച്ചു. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്നതായിരുന്നു ഈ സെമിനാറിന്റെ വിഷയം. ശശി തരൂര്‍ ഇല്ലെന്ന് അറിയിച്ചതോടെ കെവി തോമസിനെ ശനിയാഴ്ചത്തെ സെമിനാറിലേക്ക് മാറ്റുകയായിരുന്നു. ഈ സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെല്ലാം പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications