സിപിഎം പാർട്ടി കോൺഗ്രസ് സെമിനാർ: 'തരൂരും തോമസും പോകരുത്'; കെപിസിസിയുടെ വിലക്ക്
കണ്ണൂർ: സി പി എം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ ശശി തരൂരും കെ വി തോമസും പങ്കെടുക്കുന്നതെന്ന് കെ പി സി സിയുടെ വിലക്ക്. ഇരവർക്കും സി പി എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിന് ക്ഷണം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ പി സി സിയുടെ വിലക്കും എത്തിയത്.
നീതി രഹിതമായ രാഷ്ട്രീയ പ്രവർത്തനമാണ് സി പി എം നടത്തുന്നത്. സി പി എം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുത്. സി പി എം പരിപാടിയിൽ പങ്കെടുക്കുന്നത് പ്രവർത്തകർക്ക് ഇഷ്ടമല്ല. കോൺഗ്രസിനെ ദ്രോഹിക്കുന്ന സി പി എമ്മുമായി ഒരു സഹകരണത്തിനും തയ്യാറല്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

സി പി എമ്മിനോട് കാണിക്കുന്ന അയിത്തം കോൺഗ്രസിന് ബി ജെ പി യോടും എസ് ഡി പിഐയോടും ഇല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ബിജെപിയുടെയും എസ്ഡിപിഐയുടേയും പരിപാടികളിൽ പോകാൻ മടിയില്ലാത്തവരാണ് കോൺഗ്രസെന്നും ജനം ഇത് തിരിച്ചറിയുന്നുണ്ടെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം, സി പി എം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായുള്ള വേദിയിലേക്ക് രണ്ട് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം ലഭിച്ചിരുന്നു. സെമിനാർ വേദിയിലേക്ക് ശശി തരൂർ കെ വി തോമസ് എന്നിവരെയാണ് സി പി എം ക്ഷണിച്ചത്. ജനുവരിയിൽ ഹൈദരാബാദിൽ ചേർന്ന സി പി എം കേന്ദ്ര കമ്മിറ്റിയാണ് പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ചേരാൻ തീരൂമാനിച്ചത്. കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടാകും സി പി എം പാർട്ടി കോൺഗ്രസ് നടത്തുന്നത്.
അതേസമയം, മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലുള്ള സെമിനാർ വേദിയിലേക്കാണ് കെ വി തോമസിനെ സി പി എം ക്ഷണിച്ചിരിക്കുന്നത്.
കോൺഗ്രസിൽ അർഹമായ പരിഗണ കിട്ടുന്നില്ലെന്നാരോപിച്ച് മാസങ്ങളായി ഇടഞ്ഞ് നിൽക്കുന്ന നേതാവാണ് കെവി തോമസ്. വികസന കാര്യങ്ങളിൽ പാർട്ടിക്കതീതമായി നിലപാടെടെക്കുകയും പിണറായിയെ പൊതുവേദിയിൽ പോലും പ്രശംസിക്കാനും മടി കണിക്കാത്ത നേതാവാണ് ശശി തരൂർ. ഇരുവരേയും 23 - ആം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള സെമിനാറുകളിലേക്കാണ് സി പി എം ക്ഷണിച്ചിരുന്നത്.
അതേസമയം, ഇന്നലെയാണ് കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.ജെബി മേത്തരാണ് സ്ഥാനാർത്ഥി. മുസ്ലീം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം എന്നിവയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറിനെ പരിഗണിക്കാൻ ഇടയാക്കിയത്. വലിയ രീതിയിലുള്ള ചർച്ചകൾക്ക് ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത്. ചർച്ചകളിൽ മൂന്ന് പേരുകൾ പരാമർശിക്കപ്പെട്ടു. ജെബി മേത്തർ, എം ലിജു, ജോൺസൺ ജോസഫ് എന്നിവരായിരുന്നു സ്ഥാനാർഥി പട്ടികയ്ക്കായി ചർച്ചചെയ്ത് പേരുകൾ. എന്നാൽ നീണ്ട ചർച്ചകൾക്കൊടുവിൽ ഹൈക്കമാൻഡ് ജെബി മേത്തറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയാണ് ചെയ്തത്.












Click it and Unblock the Notifications