സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയെ പാർട്ടി ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട: സി പി എം ഏരിയ സെക്രട്ടറിയെ പാര്‍ട്ടി ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഏരിയാ സെക്രട്ടറി പി ആര്‍ പ്രദീപാണ് മരിച്ചത്. ഇലന്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് പ്രവർത്തകർ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
ഇലന്തൂര്‍ വലിയപട്ടം സ്വദേശിയാണ് പ്രദീപ്. വീടിന് സമീപത്ത് തന്നെയാണ് മൃതദേഹം കണ്ടെത്തിയ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്നത്. രാവിലെ 10 മണിവരെ പ്രദീപ് പത്തനംതിട്ട ഏരിയാ കമ്മിറ്റി ഓഫീസില്‍ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ഏരിയാ കമ്മിറ്റി യോഗം വിളിച്ചിരുന്നു.

യോഗത്തിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ മൂന്നുമണിക്ക് ഏരിയാ കമ്മിറ്റി ഓഫീസില്‍ എത്തിയെങ്കിലും പ്രദീപ് എത്തിയില്ല. ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വിവരം കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ മൃതദേഹം കണ്ടെത്തിയത്. ഓഫീസ് വാതില്‍ ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു.
പ്രദീപിന് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രവർത്തകരെ ഉദ്ധരിച്ചുള്ള ചില റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. എസ് എഫ് ഐയിലുടെ പൊതുപ്രവർത്തന രംഗത്ത് വന്ന പ്രദീപ് ഡി വൈ എഫ് ഐ ഭാരവാഹിയുമായിരുന്നു. കഴിഞ്ഞ സമ്മേളന കാലയളവിലാണ് സി പി എം ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പ്രദീപ് അംഗമായിരുന്നു. ആറന്മുള പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ. Toll free helpline number: 1056, 0471-2552056)












Click it and Unblock the Notifications