
കോൺഗ്രസ് പിന്തുണച്ചു; ചെന്നിത്തലയിൽ സിപിഎം സ്ഥാനാർത്ഥി പ്രസിഡന്റായി
ആലപ്പുഴ; രമേശ് ചെന്നിത്തലയുടെ ജൻമനാട്ടിൽ കോൺഗ്രസ് പിന്തുണയോടെ ചെന്നിത്തല പഞ്ചായത്ത് ഭരണം പിടിച്ച് സി പി എം. വിജയമ്മ ഫിലേന്ദ്രന് ആണ് വീണ്ടും പ്രസിഡന്റായത്. ഇത് മൂന്നാം തവണയാണ് വിജയമ്മ പ്രസിഡന്റാകുന്നത്. ബിജെപി പ്രസിഡന്റ് ആയിരുന്നു ബിന്ദു പ്രദീപിനെതിരെ സി പി എം അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു. ഇത് കോൺഗ്രസ് പിന്തുണച്ചതോടെയാണ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
ബി ജെ പിയിലെ ബിന്ദു പ്രദീപിനെ 11 വോട്ടുകൾക്കാണ് വിജയമ്മ പരാജയപ്പെടുത്തിയത്. 18 അംഗ ഭരണ സമിതിയിൽ 17 പേരായിരുന്നു വോട്ടെടുപ്പിൽ പങ്കെടുത്തത്. സി പി എമ്മിനും ബി ജെ പിക്കും കോൺഗ്രസിനും ഇവിടെ ആറ് വീതം അംഗങ്ങളാണ് ഉള്ളത്.
പഞ്ചായത്തിൽ പട്ടിക ജാതി സംവരണമാണ് പ്രസിഡന്റ് സ്ഥാനം. ബി ജെ പിക്കും സി പി എമ്മിനും മാത്രമാണ് ഈ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികൾ ഉള്ളൂ. തങ്ങൾക്ക് പ്രതിനിധി ഇല്ലാത്തതിനാലും ബി ജെ പി അധികാരത്തിലേറാതിരിക്കാനുമാണ് സി പി എമ്മിനെ പിന്തുണച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്ന് കക്ഷികൾക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ കോൺഗ്രസ് പിന്തുണയോടെ സി പി എം സ്ഥാനാർത്ഥിയായിരുന്ന വിജയമ്മയായിരുന്നു ആദ്യം പ്രസിഡന്റ് ആയത്. എന്നാൽ കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യമില്ലെന്ന് പാര്‍ട്ടി നേതൃത്വം കര്‍ശന നിലപാടെടുത്തതോടെ 38 ദിവസം കഴിഞ്ഞ് വിജയമ്മ രാജിവെയ്ക്കുകയായിരുന്നു. പിന്നീട് കോൺഗ്രസ് പിന്തുണയോടെ തന്നെ വീണ്ടും ഭരണത്തിലേറിയെങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞ് വീണ്ടും രാജിവെച്ചു.
പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് അംഗങ്ങൾ വിട്ട് നിന്നു. ബി ജെ പിയുടെ ആറ് അംഗങ്ങളുടെയും കോൺഗ്രസ് വിമതൻ ദീപു പടകത്തിലിന്റേയും പിന്തുണയോടെ ബി ജെ പിക്ക് ഭരണം ലഭിച്ചു. ബിന്ദു പ്രദീപ് പ്രസിഡന്റ് ആവുകയും ചെയ്തു. എന്നാൽ ബിന്ദു അധികാരത്തിലേറി ഒരു വർഷം കഴിഞ്ഞപ്പോൾ സി പി എം അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഇതിനെ കോൺഗ്രസ് പിന്തുണച്ചോതെടയാണ് രാജിക്ക് വഴിയൊരുങ്ങിയത്. അതേസമയം മുൻ അനുഭവം ഉള്ളതനാൽ സി പി എം നേതൃത്വത്തിൻ്റെ ഉറപ്പ് വാങ്ങിയിരുന്നു കോൺഗ്രസ് ഇത്തവണ പിന്തുണ പ്രഖ്യാപിച്ചത്.
'അനുശ്രീ ഇത് ശരിക്കും മാജിക്കൽ ലുക്ക് തന്നെ'; ഒരേ പൊളി ഫോട്ടോസ്...വൈറൽ