ത്രിപുരയില്‍ അക്രമം കമ്യൂണിസ്റ്റുകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും നേരെ, പിന്നില്‍ അമേരിക്കയും: സിപിഎം
കോഴിക്കോട്: ത്രിപുരയില്‍ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം സംഘപരിവാര്‍ ക്രിമിനല്‍ സംഘം നടത്തിക്കൊണ്ടിരിക്കുന്ന നിഷ്ഠൂരമായ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിക്കണമെന്ന് സി.പി.ഐ(എം) കോഴിക്കോട് ജില്ലാകമ്മറ്റി അഭ്യര്‍ത്ഥിച്ചു. 60 നിയമസഭാ മണ്ഡലങ്ങളിലും വ്യാപകമായ ആക്രമണങ്ങളാണ് ബിജെപി-ഐപിഎഫ്ടി സംഘങ്ങള്‍ അഴിച്ചുവിട്ടത്. കേന്ദ്ര അധികാരവും പണവും ഉപയോഗിച്ച് ത്രിപുരയിലെ ജനാധിപത്യ പ്രക്രിയയെ തന്നെ പ്രഹസനമാക്കിയ സംഘപരിവാര്‍ നേതൃത്വം കമ്യൂണിസ്റ്റ് ഉന്മൂലനം ലക്ഷ്യംവെച്ചുള്ള അക്രമങ്ങളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ജില്ലാകമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.
സിപിഐ(എം) ഓഫിസുകളും സ്ഥാപനങ്ങളും മാത്രമല്ല മുസ്ലീം, ക്രിസ്ത്യന്‍ ന്യൂനപക്ഷവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കും നേരെ അക്രമണം അഴിച്ചുവിടുകയാണ് സംഘപരിവാര്‍. കമ്യൂണിസ്റ്റുകാരെയും മുസ്‌ലിംങ്ങളെയും ക്രിസ്ത്യാനികളെയും ആഭ്യന്തരഭീഷണിയായി കാണുന്ന ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയാണ് ബിജെപി-ഐപിഎഫ്ടി സംഘങ്ങള്‍ ത്രിപുരയില്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.

സിപിഐ(എം) ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും തീവെക്കുകയും ചെയ്തു. പാര്‍ടി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും പാര്‍ടി നേതാക്കളെ പിന്തുടര്‍ന്ന് വേട്ടയാടുകയുമാണ്. സിപിഐ(എം) മുന്‍ എംഎല്‍എ ആയ കേശവ്ദബര്‍മ്മ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കളുടെ വീടാക്രമിക്കുകയും ചെയ്യുന്ന വിവരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സംഘപരിവാറും ഗോത്രതീവ്രവാദികളും അഴിച്ചുവിടുന്ന അക്രമം മൂലം വീടുവിട്ട് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിക്കുനേരെ സംഘപരിവാര്‍ ബലാത്സംഗഭീഷണി മുഴക്കിയിരിക്കുകയാണ്. അഗര്‍ത്തലയിലെ ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ജെ.സി.ബി ഉപയോഗിച്ച് സംഘപരിവാര്‍ സംഘം തകര്‍ത്തിരിക്കുകയാണ്. ലെനിന്റെ പ്രതിമ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റുചെയ്ത് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാംമാധവ് ആഹ്ലാദം പ്രകടിപ്പിക്കുകപോലുമുണ്ടായി.
ത്രിപുരയിലെ സി പി എമ്മിനെ തകര്‍ക്കാനാണ് ബി.ജെ.പി നേതൃത്വവും അവര്‍ക്കുപിറകില്‍ കളിക്കുന്ന ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ പ്രതേ്യക താല്പര്യമുള്ള അമേരിക്കന്‍ ചാരസംഘടനകളും ശ്രമിക്കുന്നതെന്ന് എല്ലാ ജനാധിപത്യവാദികളും രാജ്യസ്‌നേഹികളും തിരിച്ചറിയണമെന്നും ജില്ലാകമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications