കൂട്ടിക്കൽ ഉരുൾപ്പൊട്ടൽ; 25 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നൽകി സിപിഎം
കുട്ടിക്കൽ ഉരുൾപ്പൊട്ടലിൽ വീട് നഷ്ടപ്പെട്ട് പോയ കുടുംബങ്ങൾക്ക് സി പി എം നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി പിണറായി നിർവ്വഹിച്ചു. 25 വീടുകളാണ് നിർമ്മിച്ച് നൽകിയത്. വെല്ലുവിളികൾ നേരിടുമ്പോൾ പിന്തുണയും സാന്ത്വനവുമായി ചുറ്റുമുള്ളവരെത്തുന്നത് ഉന്നതമായ മനുഷ്യസ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
' കേരള മനഃസാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു രണ്ടുവർഷം മുൻപ് കോട്ടയത്തെ കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടൽ. അന്ന് കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സി പി ഐ എം കോട്ടയം ജില്ലാ കമ്മിറ്റി നിർമ്മിച്ചുനൽകിയ 25 വീടുകൾ ഇന്ന് കൈമാറ്റം ചെയ്യാനായത് ഏറെ ഹൃദ്യമായ അനുഭവമായി. ദുരന്തമുണ്ടായ ഘട്ടത്തില്‍ തന്നെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും കൂട്ടായ ഇടപെടലുകളിലൂടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതിനുശേഷമാണ് 25 കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാന്‍ സി പി ഐ എം തീരുമാനിച്ചത്. അതിനായി പാര്‍ടി അംഗങ്ങള്‍, തൊഴിലാളി സംഘടനകള്‍, സര്‍വീസ് സംഘടനകള്‍ എന്നിവയില്‍ നിന്നൊക്കെ ധനം സമാഹരിച്ചു.

നിര്‍മ്മാണത്തിനുവേണ്ട തുക സ്വരൂപിച്ചപ്പോഴാണ് വീടുവച്ചു നല്‍കുന്നതിനായി കണ്ടെത്തിയ സ്ഥലത്തെ ചില പാരിസ്ഥിതിക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. അതിന്റെ ഫലമായി സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി പരിധിയിലെ പാര്‍ടി അംഗങ്ങളില്‍ നിന്ന് പിരിവെടുത്ത് ഭവനനിര്‍മ്മാണത്തിനായി വേണ്ടിയിരുന്ന രണ്ട് ഏക്കറിലധികം ഭൂമി വില കൊടുത്തു വാങ്ങി.
സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിക്ക് കീഴിൽ ഏറ്റെടുത്തു നടപ്പിലാക്കിയ വിപുലമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ 25 വീടുകൾ യാഥാർത്ഥ്യമായത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ. ദുരന്തമുഖങ്ങളിൽ വലിയ നഷ്ടങ്ങൾ സഹിക്കേണ്ടി വരുന്നവരെ ചേർത്തുനിർത്താനും അവരെ കൈപ്പിടിച്ചുയർത്താനും സാധിക്കുന്നവരാണ് നാടിന്റെ യഥാർത്ഥ നായകർ. മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് സി പി ഐ എം ഇതുവഴി ഉയർത്തിപ്പിടിക്കുന്നത്.
ഭാവനരഹിതരില്ലാത്ത നാടായി കേരളത്തെ മാറ്റാൻ വിവിധ നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ഏഴര വര്‍ഷംകൊണ്ട് നാലു ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷൻ വഴി വീട് ലഭ്യമാക്കിയത്. സർക്കാരിന്റെ ഈ ജനകീയ വികസനനടപടികൾക്ക് കൂട്ടിക്കലിൽ യാഥാർത്ഥ്യമായ 25 വീടുകൾ കരുത്തുപകരും', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications