ഇന്ധന വില വര്‍ധനവ്: ഏപ്രില്‍ രണ്ടിന് സിപിഎമ്മിന്റെ പ്രതിഷേധ ദിനം
തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വില വര്‍ധനവിന് എതിരെ ഏപ്രില്‍ രണ്ടിന് സിപിഎമ്മിന്റെ പ്രതിഷേധ ദിനം. എല്ലാ ലോക്കല്‍ കേന്ദ്രങ്ങളിലുമാണ് പാര്‍ട്ടി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പാർടി കേന്ദ്ര കമ്മിറ്റി ആഹ്വാന പ്രകാരം സംസ്ഥാനത്ത് നടത്തുന്ന പ്രതിഷേധ പരിപാടികൾ വിജയിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ആഗോളവൽക്കരണ നയങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ലിറ്ററിന് 9.8 രൂപയായിരുന്നു രാജ്യത്തെ പെട്രോളിന്റെ വില. ഇന്ന് അത് 100 രൂപ കടന്നിരിക്കുന്നു. ഡീസലിന്റെ വിലയാവട്ടെ ലിറ്റിന് 4.8 രൂപയായിരുന്നത് 100 രൂപയ്ക്ക് അരികിൽ എത്തിയിരിക്കുന്നു. സമാനമായ സ്ഥിതി തന്നെയാണ് പാചകവാതകത്തിന്റെ കാര്യത്തിലും നില നിൽക്കുന്നത് എന്ന് കോടിയേരി ചൂണ്ടിക്കാട്ടി.
'രണ്ടാം യുപിഎ സർക്കാർ പെട്രോളിയത്തിന്റെ വില നിയന്ത്രണം നീക്കം ചെയ്തു. എൻഡിഎ സർക്കാരാവട്ടെ ഡീസലിന്റെ വില നിയന്ത്രണവും എടുത്തുമാറ്റി. സബ്സിഡിയുടെ ഭാരം കുറയ്ക്കാനെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഈ നടപടികൾ സ്വീകരിച്ചത്. സബ്സിഡിയേക്കാൾ എത്രയോ തുക കേന്ദ്ര സർക്കാരിന് പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി വരുമാനത്തിലൂടെ ലഭിക്കുന്നുണ്ട്. എന്നിട്ടും ജനങ്ങളുടെ മേൽ ഭാരം ഏൽപ്പിക്കുന്ന നടപടിയാണ് സ്വീകരിച്ചത്'.
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന്റെ വില കുറയുമ്പോൾ ചില്ലറ വില താഴുമെന്നാണ് വില നിയന്ത്രണം എടുത്തുമാറ്റുമ്പോൾ പറഞ്ഞിരുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുമ്പോഴും ഇവിടെ എണ്ണയുടെ വില വർദ്ധിപ്പിക്കുന്ന നില തന്നെയാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. നരേന്ദ്രമോഡി സർക്കാർ അധികാരമേറ്റ കാലയളവിൽ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ വില 17.6 ശതമാനം വർദ്ധിച്ചപ്പോൾ പെട്രോളിയത്തിന്റെ വില 55.3 ശതമാനം കണ്ടാണ് വർദ്ധിച്ചത്. അന്താ രാഷ്ട്ര വില വർദ്ധനവ് ബാധിക്കാത്ത ആഭ്യന്തര ഉത്പാദനം കൂടി കണക്കിലെടുക്കു മ്പോഴാണ് ഈ വില വർദ്ധനവിന്റെ രൂക്ഷത കൂടുതൽ വ്യക്തമാകുകയെന്നും കോടിയേരി പ്രതികരിച്ചു.

'കേന്ദ്ര സർക്കാർ വരുത്തിയ നികുതി വർദ്ധനവാണ് പെട്രോളിയം ഉത്പന്നങ്ങ ളുടെ വില വർദ്ധനവിന് കാരണമായിട്ടുള്ളത് എന്ന് വ്യക്തം. ഒപ്പം ഈ രംഗത്തെ കോർപ്പറേറ്റ് കമ്പനികൾക്ക് നേട്ടം കൊയ്യുന്നതിനുള്ള അവസരവും സൃഷ്ടിക്കുന്നു. കോവിഡ് മഹാമാരി പിടിമുറുക്കിയ 2020 മാർച്ച് മാസത്തിൽ പോലും പെട്രോളി ന്റെയും ഡീസലിന്റെയും എക്സൈസ് നികുതി 3 രൂപ വീതം കൂട്ടിയാണ് ജനങ്ങളെ ദ്രോഹിച്ചത്. കോർപ്പറേറ്റുകൾക്ക് ലക്ഷക്കണക്കിന് കോടി രൂപ് നികുതിയിളവ് നൽകുന്ന കേന്ദ്ര സർക്കാരാണ് പെട്രോളിയം ഉത്പന്നങ്ങളുടെ മേൽ വലിയ നികുതി ചുമത്തി സാധാരണക്കാർക്ക് ദുരന്തങ്ങൾ വിതയ്ക്കുന്നത്. കേരളം പോലുള്ള ഉപ ഭോക്ത സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തിനും ഇത്തരം നടപടികൾ കാരണമായിരിക്കുകയാണ്'.
'കേന്ദ്ര സർക്കാർ പെട്രോളിയം ഉത്പന്നങ്ങൾക്ക് സർചാർജ്ജും സെസും തുടർച്ചായി ചുമത്തുകയാണ്. ഇതാവട്ടെ സംസ്ഥാനങ്ങളുമായി വീതം വെയ്ക്കുന്ന നികുതിയുമല്ല. എന്നിട്ടും സംസ്ഥാന സർക്കാർ വിൽപ്പന നികുതി കുറയ്ക്കണമെന്ന പ്രചരണവും കേന്ദ്ര സർക്കാർ മുൻകൈ എടുത്ത് നടത്തുകയാണ്. ഇത് സംസ്ഥാന ങ്ങളെ സാമ്പത്തിക പാപ്പരത്തത്തിലേക്ക് നയിക്കുന്ന നയമാണ്. ഇതിന് ഓശാന പാടുന്ന നയമാണ് യുഡിഎഫും സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ഏപ്രിൽ രണ്ടാം തീയതി രാജ്യ വ്യാപകമായി പ്രതിഷേധത്തിന് പാർടി കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഏപ്രിൽ 2 ന് വൈകുന്നേരം 5 മണിമുതൽ 7 മണിവരെ എല്ലാ ലോക്കലിലും നടക്കുന്ന പ്രതിഷേധ ധർണ്ണ വിജയിപ്പിക്കുവാൻ മുഴുവൻ പേരും രംഗത്തിറങ്ങണം' എന്ന് കോടിയേരി ആഹ്വാനം ചെയ്തു.












Click it and Unblock the Notifications