100 വര്‍ഷത്തോളം പിബിയില്‍ നിന്ന് ദളിതരെ അകറ്റി നിര്‍ത്തിയതിന് കമ്യൂണിസ്റ്റുകാര്‍ മാപ്പ് പറയണം: സുരേന്ദ്രന്‍
തിരുവനന്തപുരം: 100 വര്‍ഷത്തോളം സി പി ഐ എം പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ദളിതരെ അകറ്റി നിര്‍ത്തിയതിന് കമ്യൂണിസ്റ്റുകാര്‍ മാപ്പ് പറയണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ദളിതരുടെ പാര്‍ട്ടി ആണെന്ന് സ്വയം അവകാശപ്പെടുന്ന സി പി ഐ എമ്മിന്റെ ഇരട്ടത്താപ്പ് ബി ജെ പി തുറന്ന് കാണിച്ചത് കൊണ്ട് മാത്രമാണ് ഇത്തവണ പേരിനെങ്കിലും ദളിത് വിഭാഗത്തില്‍പെട്ട ഒരാളെ പൊളിറ്റ് ബ്യൂറോയിലേക്കു പരിഗണിച്ചത് എന്നും അദ്ദേഹം അവകാശപ്പെട്ടു.
പട്ടിക ജാതി വിഭാഗത്തില്‍ പെട്ട നേതാവിനെ ഇന്ത്യന്‍ പ്രസിഡന്റാക്കിയ ബി ജെ പിയെ ദളിത് വിരുദ്ധരെന്ന്‌വിളിക്കുന്ന സി പി ഐ എം ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്നവരാണ് എന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. 95 പട്ടികജാതി - പട്ടികവര്‍ഗ എം പിമാരും 113 മറ്റ് പിന്നാക്ക വിഭാഗത്തില്‍ പെട്ട എം പിമാരുമുള്ള പാര്‍ട്ടിയാണ് ബി ജെ പി എന്നും അദ്ദേഹം പറഞ്ഞു. 150 ആദിവാസി എം എല്‍ എമാരുള്ള ബി ജെ പി അടിസ്ഥാന വര്‍ഗങ്ങള്‍ക്കെതിരാണെന്ന് കമ്യൂണിസ്റ്റുകാര്‍ പറയുന്നത് പൊള്ളത്തരമാണ് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ബി ജെ പിയെ കുറിച്ച് വ്യാകുലപ്പെടാതെ സ്വന്തം പാര്‍ട്ടിയുടെ ഫ്യൂഡല്‍ മനോഭാവം അവസാനിപ്പിക്കാനാണ് സീതാറാം യെച്ചൂരിയും പിണറായി വിജയനും തയ്യാറാകേണ്ടത് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തെ ദളിത് - പിന്നാക്ക വിഭാഗങ്ങള്‍ സി പി ഐ എമ്മിനെ അവഞ്ജയോടെ തള്ളിക്കളയാന്‍ കാരണം ഈ ഇരട്ടത്താപ്പു കാരണമാണ് എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരസഭയില്‍ ഉള്‍പ്പെടെ എസ് സി ഫണ്ട് തട്ടിപ്പ് നടത്തിയ സി പി ഐ എം ഒന്നാം തരം ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചു.

ഇന്ന് സമാപിക്കുന്ന സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ കേന്ദ്ര കമ്മിറ്റിയേയും പൊളിറ്റ് ബ്യൂറോയും തെരഞ്ഞെടുത്തിരുന്നു. ചരിത്രത്തിലാദ്യമായി പൊളിറ്റ് ബ്യൂറോയില്‍ സി പി ഐ എം ദളിത് നേതാവിനെ ഉള്‍പ്പെടുത്തുകയായിരുന്നു. 1989 മുതല്‍ ബംഗാളിലെ ബിര്‍ഭൂം മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട രാമചന്ദ്ര ഡോം ആണ് പൊളിറ്റ് ബ്യൂറോയിലെ ആദ്യ ദളിത് മുഖം. നേരത്തെ തന്നെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന രാമചന്ദ്ര ഡോം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയേറ് അംഗവും ദളിത് ശോഷന്‍ മുക്തി മഞ്ച് അധ്യക്ഷനുമാണ്.

പൊളിറ്റ് ബ്യൂറോ പ്രവേശനം പുതിയ സന്ദേശം നല്‍കുന്നതാണെന്ന് രാമചന്ദ്ര ഡോം വ്യക്തമാക്കി. രാജ്യത്ത് ജാതി യാഥാര്‍ഥ്യമാണെങ്കിലും വര്‍ഗസമരത്തിന് തന്നെ പാര്‍ട്ടി പ്രാധാന്യം നല്കുമെന്നും അദ്ദേഹം അറിയിച്ചു. 58 വര്‍ഷത്തെ സി പി ഐ എം ചരിത്രത്തിലാദ്യമായാണ് പി ബിയില്‍ ഒരു ദളിത് പ്രതിനിധി എത്തുന്നത്. ഡോ. രാമചന്ദ്ര ഡോമിന് പുറമെ എ. വിജയരാഘവന്‍, അശോക് ധാവ്‌ളെ എന്നിവരേയും പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്നാം തവണയും സി പി ഐ എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തിരിക്കുകയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. കേന്ദ്ര കമ്മിറ്റിയില്‍ 17 പുതുമുഖങ്ങളാണ് ഉള്ളത്. ഇതില്‍ നാല് പേര്‍ കേരളത്തില്‍ നിന്നാണ്. കെഎന്‍ ബാലഗോപാല്‍, പി രാജീവ്, പി സതീദേവി, സി എസ് സുജാത എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെ മലയാളി പുതുമുഖങ്ങള്‍. 85 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് ഇത്തവണ തെരഞ്ഞെടുത്തത്. ഇതില്‍ 15 പേര്‍ വനിതകളാണ്.












Click it and Unblock the Notifications