'ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതം'; പിണറായിക്കെതിരെ സുധാകരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് പിണറായി വിജയനെന്ന് സുധാകരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പരിഹാരം കാണണമെങ്കില്‍ യഥാര്‍ത്ഥ തിരുത്തല്‍ പ്രക്രിയ പിണറായില്‍ നിന്നായിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
'അണികള്‍ ചോരയും നീരയും നല്‍കി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്റേയും ഭരണത്തിന്റേയും തലപ്പത്തിരിക്കുന്നവര്‍ ചീഞ്ഞുനാറുകയാണ്. അത് തിരുത്തല്‍ യജ്ഞക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ യഥാര്‍ത്ഥ പരാജയ കാരണങ്ങളിലേക്ക് കടക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷണം ഒരുക്കാനാണ് തിരുത്തല്‍ യജ്ഞം നടത്തിയത്,' അദ്ദേഹം കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ യഥാര്‍ത്ഥ തിരുത്തല്‍ പ്രക്രിയയ്ക്കു തുടക്കം കുറിക്കണമെന്നും അത് പിണറായില്‍ നിന്നായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ ദയനീയ പരാജയത്തിന്റെ കാരണഭൂതന്‍ മുഖ്യമന്ത്രിയാണ്. സിപിഐയുടെയും സിപിഎമ്മിന്റേയും ജില്ലാ യോഗങ്ങള്‍ വരെ ഇക്കാര്യം ചൂണ്ടിക്കാട്ടി.
എന്നാല്‍ സംസ്ഥാന യോഗത്തിലേക്ക് ചര്‍ച്ചയ്‌ക്കെടുക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എകെജി സെന്ററിന് കാവല്‍ നില്‍ക്കുകയാണ് എന്ന് അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയെ കത്തുന്ന സൂര്യനെപ്പോലെ കരുതുന്ന ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എന്നതിനേക്കാള്‍ പിണറായി വിജയന്റെ പണപ്പെട്ടിയുടെ സൂക്ഷിപ്പുകാരന്‍ എന്ന നിലയിലേക്ക് തരംതാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
സിപിഎമ്മില്‍ നിന്ന് അടപടലം വോട്ട് മറിഞ്ഞിട്ടും തിരുത്തലിന് തയാറാകാതെ കാരണഭൂതനെ കൈവിടാതെ ചുമക്കുന്നത് ലാഭവിഹിതം പങ്ക് പറ്റിയവരാണെന്നും അദ്ദേഹം ആരോപിച്ചു. തലനാരിഴ കീറി പരാജയകാരണങ്ങള്‍ പരിശോധിക്കുമെന്നാണ് സിപിഎം പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാം പതിവുപോലെ കേന്ദ്രത്തെയും ചില സംഘടനകളെയും വിഭാഗങ്ങളെയുമൊക്കെ കുറ്റപ്പെടുത്തി തലയൂരുകയാണ് ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.
തോല്‍വിയുടെ യഥാര്‍ത്ഥ കാരണമായ മുഖ്യമന്ത്രിയുടെ ധിക്കാരം, അഴിമതി, ആര്‍ഭാടം, വിദേശയാത്രകള്‍, ജനങ്ങളോടുള്ള പുച്ഛം തുടങ്ങിയവയൊന്നും ചര്‍ച്ചക്ക് വെച്ചില്ല. ചര്‍ച്ച വരാതെ പാര്‍ട്ടി സെക്രട്ടറി സംരക്ഷിച്ചെന്നും പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ നടക്കുന്ന ബോംബ് നിര്‍മാണവും ബോംബ് സ്‌ഫോടനവുമൊക്കെ പാര്‍ട്ടി മാത്രം കാണുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ പ്രവണതകള്‍ക്കെതിരെ രംഗത്ത് വരുന്ന സ്ത്രീകളെപ്പോലും ഭീഷണിപ്പെടുത്തുകയാണ് എന്നും സുധാകരന്‍ പറഞ്ഞു.
എസ് എഫ് ഐ ഗുണ്ടകളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സിദ്ധാര്‍ത്ഥിനെപ്പോലുള്ളവരുടെ നിലവിളി കേള്‍ക്കാന്‍ സിപിഎമ്മിനു കഴിയുന്നില്ല എന്നും ഇന്ത്യാ മുന്നണിയുടെ ഭാഗമായിരിക്കെ പിണറായി, രാഹുല്‍ ഗാന്ധിക്കെതിരേ നടത്തിയ ക്രൂരമായ പരാമര്‍ശങ്ങള്‍ തിരുത്താന്‍ പോലും തയാറായില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications