'ഇഡിയും സിബിഐയും അന്വേഷിച്ചുവരുന്ന മക്കൾ ബിജെപിയിലേക്ക് പോകാതെ സിപിഎം നോക്ക്'; ചാണ്ടി ഉമ്മൻ
തിരുവനന്തപുരം; ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ ബിജെപിയിൽ ചേരുമെന്ന സിപിഎമ്മിന്റെ നുണപ്രചരണം അവസാനിപ്പിക്കാനാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ കുടുംബം ഒന്നടങ്കം പ്രചരണത്തിന് ഇറങ്ങാൻ തീരുമാനിച്ചതെന്ന് പുതുപ്പള്ളി എംഎൽഎയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ. ഇതുവരെ പ്രചരണത്തിന് ഇറങ്ങാത്ത തന്റെ മാതാവ് അടക്കം ഇത്തവണ പ്രചരണത്തിന് ഇറങ്ങുന്നുണ്ട്. നുണപ്രചരണം നടത്തി തന്റെ പിതാവിനെ ഇപ്പോഴും ആക്രമിക്കുകയാണ് സി പി എം. സി പി എമ്മിലും മുൻ മുഖ്യമന്ത്രിമാരുണ്ടെന്നും അവരുടെ മക്കൾ ബി ജെ പിയിൽ പോകാതെ സി പി എം സൂക്ഷിക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ചാണ്ടിയുടെ പ്രതികരണം.
'കോൺഗ്രസ് നേതാക്കൾ ബി ജെ പിയിലേക്ക് പോകുമെന്ന കള്ളപ്രചരണം തുടങ്ങിവെച്ചത് കണ്ണൂരിലെ സിപിഎം സ്ഥാനാർത്ഥിയാണ്.അദ്ദേഹം പറഞ്ഞത് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ മക്കളും ബി ജെ പിയിലേക്ക് പോകാൻ സാധ്യത ഉണ്ടെന്നാണ്. ഇഡിയും സി ബി ഐയുമടക്കം ഏതെങ്കിലും കേന്ദ്ര ഏജൻസികൾ എന്നെ അന്വേഷിച്ച് വരാൻ സാധ്യത ഇല്ല. അന്വേഷിച്ച് വരാൻ സാധ്യത ഉള്ള ചിലരുണ്ട്. അവർ സൂക്ഷിക്കുന്നതായിരിക്കും നല്ലത്.

സിപിഎമ്മിന്റെ നുണപ്രചാരണം അവസാനിപ്പിക്കാനാണ് കുടുംബം ഒന്നടങ്കം യുഡിഎഫ് പ്രചരണത്തിന് ഇറങ്ങാൻ തീരുമാനിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 'അമ്മ എന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോലും ഇറങ്ങിയിട്ടില്ല. ജീവിതത്തിൽ ഇതുവരെ പ്രചരണത്തിനിറങ്ങിയിട്ടില്ല. പക്ഷേ അമ്മയോട് പ്രചരണത്തിന് ഇറങ്ങാൻ ഞാൻ പറഞ്ഞു. പത്തനംതിട്ടയിൽ മാത്രം ഞാൻ ഇതുവരെ നാല് പരിപാടികളിൽ പങ്കെടുത്തു.
വ്യാജവാർത്തകൾ പ്രചരിപ്പിച്ച് അതിന്റെ മറവിൽ അന്തരിച്ച എന്റെ പിതാവിനെ ആക്രമിക്കുക. എന്റെ പിതാവ് അന്ത്യ വിശ്രമം കൊള്ളുന്ന കല്ലറയെ ആക്രമിക്കുകയാണ്. ഞാനും അച്ചുവുമൊക്കെ ബിജെപിയിലേക്ക് പോകുമെന്നാണ് പ്രചരണം. സി പി എമ്മം ചെയ്യേണ്ടത് അവരുടെ പാർട്ടിയിലെ മുഖ്യമന്ത്രിമാരുടെ മക്കൾ ബി ജെ പിയിലേക്ക് പോകാതെ സൂക്ഷിക്കുകയെന്നതാണ്', ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
അതേസമയം ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും സി പി എം പ്രചരണത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഒരിക്കലും എന്റെ മൂന്ന് മക്കളും തുണ്ടം കണ്ടിച്ചിട്ടാലും ബി ജെ പിയിൽ പോകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നായിരുന്നു അവർ പറഞ്ഞത്. 'അനിലും പത്മജയും ബിജെപിയിലേക്ക് പോയത് ഒരുപാട് വേദനിപ്പിച്ചു. പ്രത്യേകിച്ച് അനിൽ പോയപ്പോൾ. എന്നുവെച്ച് അവരോട് വിരോധമൊന്നുമില്ല. കോൺഗ്രസ് നേതൃത്വം വളരെ നന്നായാണ് ചാണ്ടി ഉമ്മനോട് സഹകരിക്കുന്നത്. നല്ല താത്പര്യത്തോടെ തന്നെയാണ് പെരുമാറുന്നത്. ഞാൻ പ്രചരണത്തിന് ഇറങ്ങും. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് അധികം യാത്ര ചെയ്യാനാകില്ല', എന്നായിരുന്നു മറിയാമ്മ വ്യക്തമാക്കിയത്.












Click it and Unblock the Notifications