പാര്‍ട്ടിയെ അടിയന്തരമായി ശക്തമാക്കേണ്ടതുണ്ട് : സിപിഎം രാഷ്ട്രീയ പ്രമേയം
കണ്ണൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ക്ക് പാര്‍ട്ടി മുന്‍ഗണന നല്‍കണമെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം. ബിജെപിയുടെ വളര്‍ച്ച തടയുന്നതിനാണിത്. കരട് പ്രമേയം സിപിഎം ദേശിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിക്കും. പാര്‍ട്ടിക്കു യോജിക്കാന്‍ കഴിയുന്ന സംഘടനകളുടെ പൊതുവേദിയുടെ രൂപീകരണം സംബന്ധിച്ച് മുമ്പ് ചര്‍ച്ച നടന്നെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്ന് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി വളര്‍ന്നു. ആര്‍എസ്എസിന്റെ സ്വാധീനത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കുമെത്താന്‍ ബിജെപിക്ക് കഴിയുന്നുണ്ട്. സിബിഐ, ഇഡി ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുകയാണെന്നും കുറ്റപ്പെടുത്തുന്നു. സിപിഎം രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ത്രിപുരയിലെയും ബംഗാളിലെയും തകര്‍ച്ചയില്‍നിന്ന് മടങ്ങിവരാനാകില്ല. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ പ്രാദേശിക സമരങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഊന്നല്‍ നല്‍കണമെന്നും പ്രമേയത്തില്‍ പറയുന്നു.

പാര്‍ട്ടി സമ്മേളനത്തില്‍ സിപിഎം ദേശിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. ഹിന്ദു വര്‍ഗീയതയെ നേരിടുന്നതില്‍ എവിടെ നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് യെച്ചൂരി ചോദിച്ചു. വെല്ലുവിളികള്‍ നേരിടാന്‍ ഇടത് പാര്‍ട്ടികള്‍ തയ്യാറാവണമെന്നും ഇതിന് ഇടത് പാര്‍ട്ടികളുടെ ഐക്യമുണ്ടാവണമെന്നും യെച്ചൂരി സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്ത് ബി.ജെ.പിയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ചര്‍ച്ചകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യും. മത ധ്രൂവീകരണം നടത്തിയാണ് പല സംസ്ഥാനങ്ങളിലും ബിജെപി രാഷ്ട്രീയ മുന്നേറ്റത്തിന് ശ്രമിക്കുന്നത്.
കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും മതനിരപേക്ഷ നിലപാട് ഉറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അവരുടെ എല്ലാ ഹിന്ദുത്വ അജണ്ഡകളെയും പരാജയപ്പെടുത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കമായി. കണ്ണൂര്‍ നായനാര്‍ അക്കാദമിയിലെ സമ്മേളന നഗരിയില്‍ പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു. അതേ സമയം ക്ഷണം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ തന്നെ വിളിച്ചില്ലെന്നും മുതിര്‍ന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു. വിളിച്ചാലും പോകാന്‍പറ്റുന്ന ആരോഗ്യസ്ഥിതിയില്ല. എങ്കിലും ഒരു ക്ഷണം പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications