മീഡിയാ വണ്ണിന് പിന്തുണയുമായി സിപിഎം, 'മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടാനുളള കേന്ദ്ര നീക്കം'
തിരുവനന്തപുരം: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സിപിഎം. ചാനല്‍ സംപ്രേഷണം നിര്‍ത്തി വെപ്പിച്ചത് മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് എന്ന് സിപിഎം കുറ്റപ്പെടുത്തി. ഓരോരോ മാധ്യമ സ്ഥാപനങ്ങളെയായി വരുതിയിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മീഡിയാ വണ്ണിന്റെ സംപ്രേഷണം നിര്‍ത്തി വെയ്ക്കാന്‍ നല്‍കിയ നിര്‍ദേശം അപലപനീയവും പ്രതിഷേധാര്‍ഹവും ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മീഡിയാ വൺ സംപ്രേഷണം വിലക്കിയത് ജനാധിപത്യ വിരുദ്ധമെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റമാണ് മീഡിയാ വണ്ണിനുളള സംപ്രേഷണ വിലക്ക് എന്നാണ് സ്പീക്കർ എംബി രാജേഷിന്റെ പ്രതികരണം: '' മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലാണ്. മീഡിയാ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടി അതു കൊണ്ടു തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റമായി കണക്കാക്കണം. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട നീക്കങ്ങൾ ശക്തിപ്പെട്ടിട്ടുണ്ട്. ആ ഭരണകൂട നീക്കങ്ങൾ ജനാധിപത്യത്തിന് ആഘാതമേൽപ്പിക്കുന്നവയാണ്. മാധ്യമങ്ങളെ പ്രലോഭനവും സമ്മർദ്ദവും ഭീഷണിയും ഉപയോഗിച്ച് വരുതിയിലാക്കാനുള്ള ശ്രമങ്ങളും നിരന്തരമായും ആസൂത്രിതമായും നടത്തിക്കൊണ്ടിരിക്കുകയാണ്.ആ ശ്രമങ്ങളെ ജനാധിപത്യവാദികൾ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്''.

മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ പ്രതികരണം: '' മീഡിയവണ്‍ വാർത്താചാനലിന്റെ പ്രക്ഷേപണം നിർത്തിവയ്പ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണ്. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയും കടന്നു കയറ്റവുമാണ്. മാധ്യമങ്ങൾ എഡിറ്റുചെയ്യുന്ന വാർത്തകളിലെ അജണ്ടകൾ വിമർശിക്കപ്പെടാനും, നൽകുന്ന വാർത്തകളുടെ വസ്തുതകൾ ചർച്ചചെയ്യപ്പെടേണ്ടതുമെല്ലാം ജനാധിപത്യ സമൂഹത്തിൽ അനിവാര്യമാണ്. എന്നാൽ മാധ്യമങ്ങളുടെ പ്രവർത്തനം ഭരണകൂടം നിരോധിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണ്. പ്രതിഷേധിക്കേണ്ടത് ജനാധിപത്യ സമൂഹത്തിൻറെ ഉത്തരവാദിത്വവുമാണ്. പ്രതിഷേധിക്കുന്നു.
എംഎ ബേബിയുടെ പ്രതികരണം: '' മീഡിയ വൺ ചാനൽ പ്രക്ഷേപണം നിറുത്തി വയ്പിച്ചത് മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ കേന്ദ്ര സർക്കാർ നടത്തുന്ന കയ്യേറ്റമാണ്. മീഡിയ വണ്ണിനെതിരെ മാത്രമുള്ള ഒരു നടപടി അല്ല ഇത്. എന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കി മാധ്യമങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാം എന്ന് എല്ലാ മാധ്യമങ്ങൾക്കുമായി നല്കുന്ന ഒരു സന്ദേശം ആണിത്. മാധ്യമങ്ങളെ വരുതിയിലാക്കാൻ സർക്കാർ നടത്തുന്ന പുതിയ ഒരു ശ്രമം. മാധ്യമങ്ങളെ നിയന്ത്രിച്ചു നിറുത്തി നടപ്പാക്കുന്ന സംവിധാനത്തെ ജനാധിപത്യം എന്ന് പറയാനാവില്ല. അടിയന്തരാവസ്ഥയുടെ പ്രേതം ആർഎസ്എസുകാരെ ബാധിച്ചിരിക്കുകയാണ്. അടിസ്ഥാനപരമായി അമിതാധികാരവാഴ്ചക്കാരായ ആർ എസ് എസുകാരെ ഇന്ത്യയുടെ ഭരണത്തിൽ നിന്ന് ഇറക്കി വിടാതെ ഇവിടെ ജനാധിപത്യം പുലരുമെന്ന് നമുക്ക് ആഗ്രഹിക്കാനാവില്ല''.
കേരള പത്രപ്രവർത്തക യൂണിയനും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്: കെയുഡബ്ല്യൂജെ പ്രസ്താവന ഇങ്ങനെ: ' കേന്ദ്ര സർക്കാറിന്റെ മാധ്യമ വിരുദ്ധ നിലപാട് വീണ്ടും വെളിപ്പെടുത്തി Mediaone ചാനലിന് വീണ്ടും വിലക്ക്. പ്രത്യേകിച്ചു ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ സുരക്ഷാപ്രശ്നങ്ങൾ എന്നു മാത്രം പറഞ്ഞാണ് വിലക്ക്. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ് ഇടാൻ പോന്ന എന്തു സുരക്ഷാ പ്രതിസന്ധിയാണ് രാജ്യത്ത് നിലനിൽക്കുന്നത്. അതിൽ എന്തു ഭീഷണിയാണ് മീഡിയവൺ സൃഷ്ടിച്ചത് എന്നീ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെയാണ് ഈ വിലക്ക്. അപ്രഖ്യാപിത അടിയന്തരാവസ്‌ഥയ്ക്കും മാധ്യമ വേട്ടയ്ക്കുമെതിരെ ഇന്ത്യയെ സ്നേഹിക്കുന്ന, ജനാധിപത്യം ഇഷ്ടപ്പെടുന്ന ജനത ഒന്നടങ്കം അടരാടേണ്ടതുണ്ട്'.
മുല്ലക്കര രത്നാകരന്റെ പ്രതികരണം: '' 'മീഡിയാ വൺ ചാനലിന്റെ ലൈസൻസ് പുതുക്കുന്നതിന് തടസം സൃഷ്ടിക്കുകയും ചാനലിന്റെ പ്രവർത്തനം നിർത്തിക്കുകയും ചെയ്ത കേന്ദ്രസർക്കാർ നടപടി തികച്ചും പ്രതിഷേധാർഹമാണ്. സുരക്ഷാകാരണങ്ങൾ എന്ന വ്യക്തതയില്ലാത്ത ആരോപണമുന്നയിച്ചാണ് നിരോധനമെന്നാണ് വാർത്ത. വ്യക്തമായ കാരണം പറയാതെ ഒരു മാധ്യമ സംവിധാനത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഈ തീരുമാനം തീർച്ചയായും വിദ്വേഷപൂർണ്ണമായ ഒരു രാഷ്ട്രീയത്തിന്റെ ഭാഗം കൂടിയാണെന്ന് രാജ്യം സംശയിക്കുന്നു. ഒരു ന്യൂനപക്ഷ മാനേജ്മെന്റിന്റെ മാധ്യമസ്ഥാപനത്തെ ഇത്തരത്തിൽ നിശബ്ദരാക്കാൻ ശ്രമിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും അവരെ നയിക്കുന്ന സംഘപരിവാറിന്റെയും സ്ഥാപിത താൽപ്പര്യപ്രകാരമായിരിക്കണം.
മീഡിയാ വൺ എന്ന ചാനലിനോടോ അതിന്റെ മാനേജ്മെന്റിനെ നയിക്കുന്ന ജമാ അത്തെ ഇസ്ലാമി എന്ന സംഘടനയുടെ ആശയങ്ങളോടോ വിയോജിപ്പുള്ള നിരവധി പേരുണ്ടാകാം. എന്നാൽ ഫ്രഞ്ച് വിപ്ലവത്തിന്റെ ആശയദാതാവായ വോൾട്ടയറുടെ ജീവചരിത്രമെഴുതിയ ബ്രിട്ടീഷ് എഴുത്തുകാരി എവെലിൻ ബിയാട്രിസ് ഹാൾ തന്റെ ഫ്രണ്ട്സ് ഓഫ് വോൾട്ടയർ എന്ന പുസ്തകത്തിൽ പറയുന്ന ഒരു വാചകം നാം ഓർമ്മിക്കണം: " നീ പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല, പക്ഷേ അതുപറയാനുള്ള നിന്റെ അവകാശത്തിന് വേണ്ടി ഞാൻ മരണം വരെ പോരാടും." അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വോൾട്ടയറിന്റെ കാഴ്ചപ്പാട് വരച്ചുകാട്ടുന്നതിനാണ് എവെലിൻ ഇപ്രകാരം എഴുതിയത്. നമ്മുടെ സ്വാതന്ത്ര്യവും നമ്മെ എതിർക്കുന്നവരുടെ സ്വാതന്ത്ര്യവും ഒരുപോലെ നിലനിൽക്കുമ്പോഴാണ് ശരിക്കുള്ള സ്വാതന്ത്ര്യം നിലവിൽ വരിക.
നാം നമ്മെത്തന്നെ നിർവചിച്ചിരിക്കുന്നത് ജനാധിപത്യപരവും മതേതരത്വപരവുമായ രീതിയിലാണ്. മതത്തിന്റെയോ വർഗത്തിന്റെയോ ജാതിയുടെയോ പേരിലുള്ള വിവേചനപരമായ തീരുമാനങ്ങൾ ഒരു മതേതര-ജനാധിപത്യ റിപ്പബ്ലിക്കിന്റെ അന്തസിന് നിരക്കുന്നതല്ല. അതുകൊണ്ട് ഈ തീരുമാനം പിൻവലിക്കുകയും അതിനാസ്പദമായ എന്തെങ്കിലും കാരണങ്ങൾ ഉണ്ടെങ്കിൽ അത് വെളിവാക്കുകയും അത് സമൂഹത്തിന്റെ മുന്നിൽ സംവാദത്തിനായി വയ്ക്കുകയും ചെയ്യുന്നതാണ് അഭികാമ്യം.
മതേതരത്വ ജനാധിപത്യ സംവിധാനത്തിന്റെ പൂർണ്ണതയിലേയ്ക്കുള്ള പ്രയാണമാണ് ഇന്ത്യ എന്ന രാഷ്ട്രത്തെ നിർണ്ണയിക്കുന്നത്. അവിടെ അഭിപ്രായ സ്വാതന്ത്ര്യവും പ്രചാരണ സ്വാതന്ത്ര്യവും രാഷ്ട്രശരീരത്തിന്റെ പ്രാണൻ നിലനിർത്താൻ അവശ്യമാണ്. അങ്ങനെയുള്ള ഒരു രാജ്യത്ത് ഏതെങ്കിലും കാരണത്താൽ ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒരു സംവിധാനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള നടപടികൾ കൈക്കൊള്ളുന്നത് ജനാധിപത്യപരമായിത്തന്നെയാകണം. നമ്മുടെ ബഹുസ്വര സമൂഹത്ത് നിരക്കാത്ത തീരുമാനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം എന്ന് താല്പര്യപ്പെടുന്നു.
കേട്ടുകേൾവി പോലുമില്ലാത്തതരത്തിൽ നടന്ന ഒരു ബലാൽസംഗക്കേസിലെ പ്രതി എന്നാരോപിക്കപ്പെടുന്നയാൾ അതിന്റെ തെളിവുനശിപ്പിക്കാൻ ശ്രമിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുവാൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചയാളുടെ വെളിപ്പെടുത്തലുകൾ പുറത്തുവിട്ടതിന്റെ പേരിൽ റിപ്പോർട്ടർ ചാനലിനും അതിന്റെ മേധാവി നികേഷ് കുമാറിനുമെതിരെ പൊലീസ് നീതിരഹിതമായി കേസ് രജിസ്റ്റർ ചെയ്തതും ഈ അവസരത്തിൽ ചേർത്ത് വായിക്കേണ്ടതാണ്. അതിജീവിതയ്ക്കൊപ്പം നിലകൊള്ളുമെന്ന ശ്രീ നികേഷ് കുമാറിന്റെ പ്രസ്താവന മാതൃകയാണ്. മീഡിയാവണ്ണിനും റിപ്പോർട്ടറിനും ഐക്യദാർഢ്യം...''












Click it and Unblock the Notifications