പൊതുമുതല്‍ നശിപ്പിച്ചു; സ്വരാജിനും റഹീമിനും ഒരു വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം: ഒമ്പത് വര്‍ഷം മുന്‍പുള്ള കേസില്‍ സി പി എം സംസ്ഥാന സമിതി അംഗങ്ങളായ എം സ്വരാജിനും എ എ റഹീമിനും തടവ് ശിക്ഷ. ഒരു വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നാലാണ് സ്വരാജിനും റഹീമിനും ശിക്ഷ വിധിച്ചത്. മജിസ്‌ട്രേട്ട് ശ്വേതാ ശശികുമാര്‍ ആണ് ഇരുവര്‍ക്കും എതിരായ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. കോടതിയിലെത്തിയ ഇരുവരും ജാമ്യമെടുക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന 2011-16 കാലത്തെ യു ഡി എഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ എസ് എഫ് ഐ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ നടന്ന അക്രമ സംഭവങ്ങളുടെ പേരില്‍ ആണ് ശിക്ഷാ വിധി. കേസിലെ ആറും ഏഴും പ്രതികള്‍ ആണ് സ്വരാജും റഹീമും.

ആകെ പത്ത് പ്രതികളാണുള്ളത്. 2014 ജൂലൈ 30 ന് ആയിരുന്നു സംഭവം. നിയമസഭാ മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് ബാരിക്കേഡ് തകര്‍ത്തെന്നും വാഹനങ്ങള്‍ നശിപ്പിച്ചു എന്നുമാണ് നേതാക്കള്‍ക്ക് എതിരായ കേസ്. മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 150 ഓളം പ്രവര്‍ത്തകരാണ് അന്ന് നിയമസഭയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്.
ഐ പി സി 332 വകുപ്പ് അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. ഐ പി സി 143 വകുപ്പ് അനുസരിച്ച് 1000 രൂപയും ഐ പി സി 147 വകുപ്പ് അനുസരിച്ച് 1000 രൂപയും ഒടുക്കണം. ഐ പി സി 283 വകുപ്പ് അനുസരിച്ച് 200 രൂപയും കെ പി ആക്ട് പ്രകാരം 500 രൂപയും വീതമാണ് ഒരാള്‍ പിഴയായി ഒടുക്കേണ്ടതുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അടക്കം വിവിധ വകുപ്പുകളാണ് നേതാക്കള്‍ക്കെതിരെ ചുമത്തിയിരുന്നത്.
നേരത്തെ കേസ് വേഗത്തില്‍ തീര്‍പ്പാക്കണം എന്ന് ആവശ്യപ്പെട്ട ഇരുവരും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. അന്നത്തെ സര്‍ക്കാരിന്റെ കാലത്തെ പ്ലസ്ടു കോഴയ്‌ക്കെതിരായിരുന്നു പ്രതിഷേധം. വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. നിലവില്‍ രാജ്യസഭാ എം പിയാണ് എ എ റഹീം. കഴിഞ്ഞ നിയമസഭയിലെ എം എല്‍ എയായിരുന്നു സ്വരാജ്












Click it and Unblock the Notifications