സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ; എറണാകുളം വേദിയാകും
സിപിഎം പാർട്ടി കോൺഗ്രസിനും കേരളമാണ് ഇത്തവണ വേദിയാകുന്നത്
തിരുവനന്തപുരം: സിപിഎം മറ്റൊരു സമ്മേളന കാലത്തിലേക്ക് കടക്കുകയാണ്. ഇത്തവണ എറണാകുളം ആകും സംസ്ഥാന സമ്മേളത്തിന് വേദിയാകുക. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. സെപ്റ്റംബറിൽ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ച് ഫെബ്രുവരിയിൽ സംസ്ഥാന സമ്മേളനം നടത്താനാണ് തീരുമാനം. സെപ്റ്റംബർ 15 മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കും. ജനുവരിയിലാണ് ജില്ലാ സമ്മേളനങ്ങൾ.

സിപിഎം പാർട്ടി കോൺഗ്രസിനും കേരളമാണ് ഇത്തവണ വേദിയാകുന്നത്. ബ്രാഞ്ച് സമ്മേളനങ്ങളിൽ 15 പേർ മാത്രമേ ഉള്ളൂ എന്നതിനാൽ അതു ചേരുന്നതിന് കോവിഡ് മാനദണ്ഡങ്ങൾ തടസമാവില്ല. ബാക്കിയുളളവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എങ്ങനെ നടത്തണമെന്ന കാര്യം സംസ്ഥാനകമ്മിറ്റി തീരുമാനിക്കും. 2022 ഏപ്രിലിലാകും പാർട്ടി കോൺഗ്രസ്.
ഒൻപത് വർഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാർട്ടി കോൺഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് നഗരത്തിൽ വച്ച് ഇരുപതാം സിപിഎം പാർട്ടി കോൺഗ്രസ് ചേർന്നിരുന്നു. പാർട്ടി കോൺഗ്രസിന് മുന്നോടിയായി സമ്മേളനങ്ങൾ സാധാരണ പോലെ നടത്തുമെന്ന് പ്രകാശ് കാരാട്ട് അറിയിച്ചിട്ടുണ്ട് നിയന്ത്രണം ഉള്ള ചില സ്ഥലങ്ങളിൽ മാത്രം വിർച്ച്വൽ ആയി സമ്മേളനങ്ങൾ നടത്തും.
പാർട്ടി കോൺഗ്രസിന് ഇതാദ്യമായാണ് കണ്ണുർ വേദിയാകുന്നത്. കേരളത്തിലെ പാർട്ടി പിറന്ന മണ്ണിൽ പാർട്ടി കോൺഗ്രസെത്തുമ്പോൾ ആവേശത്തിലാണ് അണികളും പ്രവർത്തകരും നേതാക്കളും. 1939 ൽ പിണറായി പാറപ്രം സമ്മേളനത്തോടെയാണ് കേരളത്തിൽ കമ്യുണിസ്റ്റ് പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊള്ളുന്നത്. ഈ സമ്മേളനത്തോടെ കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങൾ എല്ലാം തന്നെ കമ്യുണിസ്റ്റുകാരായി മാറുകയായിരുന്നു.
അതേസമയം ഇത്തവണ സമ്മേളനങ്ങൾക്ക് തുടക്കമാകുമ്പോൾ തലമുറ മാറ്റത്തിനും വഴിയൊരുങ്ങും. കേരള നിയമസഭാ തിരഞ്ഞെടുപ്പിലടക്കം ടേം വ്യവസ്ഥയിൽ നിബന്ധന കടുപ്പിച്ച മാതൃകയിൽ തന്നെ സംഘടനാ നേതൃത്വത്തിലും നിബന്ധനകൾ കടുപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 80ൽ നിന്ന് 75 വയസായി കുറയ്ക്കാൻ തീരമാനിച്ചിരുന്നു. ഇതേ മാതൃകയിൽ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാകുമെന്നാണ് സൂചന.
പ്രായപരിധി വീണ്ടും കുറയ്ക്കുന്നത് യുവജനങ്ങൾക്ക് അവസരം നൽകുന്നതോടൊപ്പം കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കാനും സാഹയിക്കും. 2015ലെ കൊൽക്കത്തയിലെ പാർട്ടി പ്ലീനത്തിൽ തന്നെ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന കേഡർ നയം വേണമെന്നും അംഗത്വത്തിൽ 25 ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്നുമുള്ള നിർദേശം ഉയർന്നിരുന്നു. യുവജനങ്ങളെ ആകർഷിക്കാനും വനിതാ, പട്ടികവിഭാഗ പ്രാതിനിധ്യം കൂട്ടാനുമാണ് ലക്ഷ്യം. ഈ മാസം 16, 17 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.












Click it and Unblock the Notifications