നികേഷും, മുകേഷും, വീണയും; സ്ഥാനാര്‍ഥിത്വത്തില്‍ മാറ്റമില്ല
തിരുവനന്തപുരം: അനിശ്ചിത്വങ്ങള്‍ക്കൊടുവില്‍ സെലിബ്രിറ്റികളെയും മാധ്യമപ്രവര്‍ത്തകരെയും മത്സരിപ്പിക്കുന്ന കാര്യത്തില്‍ സിപിഎം അന്തിമ തീരുമാനമെടുത്തു. നടന്‍ മുകേഷ്, മാധ്യമപ്രവര്‍ത്തകരായ നികേഷ് കുമാര്‍, വീണാ ജോര്‍ജ് എന്നിവരുടെ കാര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയത്.
മുകേഷ് കൊല്ലത്തുനിന്നുതന്നെയാകും മത്സരിക്കുക. നികേഷ് കുമാര്‍ അഴീക്കോടുനിന്നും വീണാ ജോര്‍ജ് ആറന്മുളയില്‍ നിന്നും ജനവിധി തേടും. ഇവര്‍ക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന എതിര്‍പ്പ് താത്കാലികമാണെന്നും പാര്‍ട്ടിവിരുദ്ധരാണ് പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും സംസ്ഥാന കമ്മറ്റി വിലയിരുത്തി.

സ്ഥാനാര്‍ഥികളുടെ ചിഹ്നം സംബന്ധിച്ച് തീരുമനമായിട്ടില്ല. പാര്‍ട്ടി ചിഹ്നത്തില്‍ ഇവരെ മത്സരിപ്പിക്കുന്നതാകും ജയസാധ്യതയുണ്ടാക്കുകയെന്നാണ് വിലയിരുത്തലെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. നികേഷ് കുമാറിനെ സ്വതന്ത്രനാക്കി മത്സരിപ്പിക്കാനും നീക്കമുണ്ട്. എന്നാല്‍, അഴീക്കോട്‌പോലെ സിപിഎം സ്വാധീനമുള്ള സ്ഥലത്ത് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതാണ് ഗുണം ചെയ്യുകയെന്ന് ഒരുവിഭാഗം നേതാക്കള്‍ പറയുന്നു.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനെ സ്ഥാനാര്‍ഥിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വരാജിനെ തൃത്താലയില്‍ സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. നിലവില്‍ തൃപ്പൂണിത്തുറയില്‍ സ്വരാജിനെ പരിഗണിക്കുന്നതായാണ് വിവരം. ദിനേശ് മണി തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്.












Click it and Unblock the Notifications