ലീഗിന്റെ ആശയം ജമാഅത്തെ ഇസ്ലാമിയുടേത്; പള്ളികളില്‍ പ്രതിഷേധിക്കാനുള്ള ആഹ്വാനം തെളിവെന്ന് കോടിയേരി
തിരുവനന്തപുരം: മതതരത്വ പാര്‍ട്ടി എന്നവകാശപ്പെടുന്ന മുസ്ലിം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനത്തെ സംബന്ധിച്ച് പള്ളികളില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പാളയം ഏരിയാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തലശ്ശേരിയില്‍ ആര്‍എസ്എസുകാര്‍ കലാപത്തിന് ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
മതന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് വെല്ലുവിളിക്കുകയാണെന്നും ഹലാല്‍ എന്ന വാക്കിനെ തെറ്റായി ചിത്രീകരിച്ച് മതചിഹ്നം ആക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില മുസ്ലീം സംഘടനകള്‍ ഇതിനു ബദലായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികാര ദല്ലാള്‍മാരായി പാര്‍ട്ടി സഖാക്കള്‍ പ്രവര്‍ത്തിക്കരുതെന്നും ആരും സ്വയം അധികാര കേന്ദ്രങ്ങളാകരുതെന്നും എല്ലാം പാര്‍ട്ടിയുമായി ആലോചിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം കൊല്ലപ്പെട്ട പെരിങ്ങര സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കുടുംബത്തെ കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ സന്ദര്‍ശിച്ചിരുന്നു. സന്ദീപിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കുമെന്നും സന്ദീപിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന് അറിയിച്ച കോടിയേരി അക്രമപാതയില്‍ നിന്നും ആര്‍എസ്എസ് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബിജെപി-ആര്‍എസ്എസ് നേതൃത്വം ആസൂത്രണം ചെയ്താണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്നും വിവിധ പ്രദേശത്ത് നിന്നുള്ള ആളുകളെ ഏകോപിപ്പിച്ചാണ് അക്രമണം നടത്തിയതെന്നും കോടിയേരി ഇന്നലെ സന്ദീപിന്റെ വീട് സന്ദര്‍ശിച്ച ശേഷം പറഞ്ഞിരുന്നു.
പൊലീസ് കോടതിയില്‍ കൊടുത്ത റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ കൊലപാതകമെന്ന് തന്നെയാണുള്ളതെന്നും പൊലീസുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങളെ കുറിച്ച് അറിയില്ലെന്നും കേസിലെ ഒരു പ്രതി ബിജെപിക്കാരന്‍ ആണെന്ന് ബിജെപി തന്നെ സമ്മതിച്ചതാണെന്നും കോടിയേരി പറഞ്ഞിരുന്നു. ബാക്കിയുള്ളവരെ അവര്‍ സംഘടിപ്പിച്ചതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വെഞ്ഞാറമ്മൂടില്‍ രണ്ട് സിപിഎമ്മുകാരെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയപ്പോഴും സമാനമായ രീതിയിലുള്ള വ്യാജ പ്രചരണങ്ങളുണ്ടായെന്നും സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടാല്‍ വ്യാജ പ്രചാരണം പതിവാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വ്യാജ പ്രചരണങ്ങളില്‍ നിന്നും ബിജെപിയും ആര്‍എസ്എസും പിന്മാറണമെന്നും സിപിഎം സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. സന്ദീപിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്നും വ്യക്തമാക്കി. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കുമെന്നും സന്ദീപിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്നും കോടിയെരി ബാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications