സ്വതന്ത്രരുടെ പടയുമായി സിപിഎം; മുസ്ലിം ലീഗിന്റെ കുത്തക സീറ്റുകളില്‍ പ്ലാന്‍ ബി, ഇറക്കുന്നത് 7 പേരെ
കോഴിക്കോട്: മലപ്പുറത്തെയും കോഴിക്കോട്ടെയും മുസ്ലിം ലീഗിന്റെ കുത്തക മണ്ഡലങ്ങള്‍ പിടിക്കാനും നേരത്തെ പിടിച്ചത് നിലനിര്‍ത്താനും സിപിഎം തന്ത്രം ആവിഷ്കരിക്കുന്നു. 2016ല്‍ പരീക്ഷിച്ച് വിജയം കണ്ട സ്വതന്ത്രരെ മല്‍സരിപ്പിക്കുക എന്ന രീതി ഇത്തവണയും സിപിഎം പ്രയോഗിക്കും. അതേസമയം, ചില മാറ്റങ്ങളോടെയാണ് തന്ത്രം ആവിഷ്കരിക്കുക.
എന്നാല്‍ പഴയ തന്ത്രം വീണ്ടും പൊടിതട്ടിയെടുക്കുമ്പോള്‍ വിജയസാധ്യത എത്രയുണ്ട് എന്ന കാര്യത്തില്‍ ഇത്തവണ സംശയം ബാക്കിയാണ്. കാരണം മുസ്ലിം ലീഗ് ബദല്‍ അടവുകള്‍ പയറ്റുമെന്ന് ഉറപ്പാണ്. മലബാറിലെ വേറിട്ട രാഷ്ട്രീയ നീക്കങ്ങളെ കുറിച്ച്...

ഭിന്നത മുതലെടുത്ത് തന്ത്രം
സിപിഎമ്മിന്റെ പേരില്‍ മലപ്പുറത്ത് വോട്ടുപിടിക്കാന്‍ ഇപ്പോഴും ആത്മവിശ്വാസം കുറവാണ് ഇടതുമുന്നണിക്ക്. അരിവാള്‍ ചിഹ്നവും ഉപയോഗിക്കില്ല. അവിടെയാണ് യുഡിഎഫിലെ ഭിന്നത മുതലെടുക്കുക എന്ന തന്ത്രം പയറ്റുന്നത്. പഴയ കോണ്‍ഗ്രസ് നേതാക്കളായ വി അബ്ദുറഹ്മാനും പിവി അന്‍വറും ഇത്തവണയും ഇടതുസ്വതന്ത്രരായെത്തും.

11000 കടന്ന് അന്‍വറിന്റെ ഭൂരിപക്ഷം
പിവി അന്‍വര്‍ നിലമ്പൂരില്‍ തന്നെയാണ് മല്‍സരിക്കുക. ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം ഇടതുമുന്നണിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഡിസിസി പ്രസിഡന്റ് വിവി പ്രകാശിനെ കോണ്‍ഗ്രസ് രംഗത്തിറക്കിയേക്കും. നിലമ്പൂര്‍ സ്വദേശിയായ പ്രകാശ് രംഗത്തിറങ്ങുന്നതോടെ മല്‍സരം കടുക്കും. കഴിഞ്ഞ തവണ അന്‍വറിന് 11504 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.

ആര്യാടന്റെ കുത്തക മണ്ഡലം വീണത് ഇങ്ങനെ
1987 മുതല്‍ ആര്യാടന് മുഹമ്മദിന്റെ കുത്തക മണ്ഡലമായിരുന്നു നിലമ്പൂര്‍. കഴിഞ്ഞ തവണ മകന് ആര്യാടന് ഷൗക്കത്തിനെ കളത്തിലിറക്കിയതോടെയാണ് അന്‍വറിന് എളുപ്പവഴി ഒരുങ്ങിയത്. കുടുംബവാഴ്ചക്കെതിരായ പ്രചാരണം ശക്തമായി. മികച്ച ലീഡിലേക്ക് അന്‍വര്‍ ഉയരുകയും ചെയ്തു. ഇത്തവണ പ്രകാശ് മല്‍സരിച്ചാല്‍ നിലമ്പൂരില്‍ ശക്തമായ പോരാട്ടമാകുമെന്ന് ഉറപ്പാണ്.

താനൂരില്‍ ആശങ്ക
താനൂരിലെ ഇടതുസ്വതന്ത്ര്യന് വി അബ്ദുറഹ്മാന് ഇത്തവണ തിരൂരിലേക്ക് മാറുമെന്ന് അഭ്യൂഹമുണ്ട്. ആദ്യ പരിഗണന താനൂരില്‍ അബ്ദുറഹ്മാന് തന്നെയാണ്. അല്ലെങ്കില്‍ സിപിഎം ജില്ലാ നേതാവ് ഇ ജയന്, തിരൂരില്‍ കഴിഞ്ഞ തവണ മല്‍സരിച്ച ഗഫൂര്‍ പി ലില്ലീസ്, തിരൂരങ്ങാടിയിലെ നിയാസ് പുളിക്കലകത്ത് എന്നിവരുടെ പേരും താനൂരില്‍ ഇടതുപക്ഷം പരിഗണിക്കുന്നു. കോണ്‍ഗ്രസ്-മുസ്ലിം ലീഗ് ഐക്യം പുനസ്ഥാപിച്ചതാണ് ഇത്തവണ താനൂരില്‍ യുഡിഎഫിന് നേട്ടമാകുക.

മറ്റു മൂന്ന് പേര്
തവനൂരിലെ ഇടതുപക്ഷ എംഎല്‍എ കെടി ജലീലിനെതിരെ ആര്യാടന് ഷൗക്കത്ത് മല്‍സരിച്ചേക്കുമെന്നാണ് ശ്രുതി. ജീവകാരുണ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലിന്റെ പേരും ഇവിടെ യുഡിഎഫ് ക്യാമ്പ് പരിഗണിക്കുന്നു. കഴിഞ്ഞ തവണ തിരൂരങ്ങാടിയില്‍ തോറ്റ നിയാസ് പുളിക്കലകത്ത്, തിരൂരില്‍ തോറ്റ ഗഫൂര്‍ പി ലില്ലീസ് എന്നിവരും ഇടതുസ്വതന്ത്രരായി ഇത്തവണയും മലപ്പുറം ജില്ലയില്‍ ഇറങ്ങുമെന്നാണ് വിവരം.

കോഴിക്കോട്ടെ രണ്ടിടത്ത് സ്വതന്ത്രര്‍
കോഴിക്കോട്ടെ കുന്ദമംഗലം മണ്ഡലത്തില്‍ പിടിഎ റഹീമിനെയും കൊടുവള്ളിയില്‍ കാരാട്ട് റസാഖിനെയും വീണ്ടും കളത്തിലിറക്കുമെന്ന് ഉറപ്പായി. പഴയ ലീഗ് നേതാക്കളെ വച്ച് ലീഗിന്റെ മണ്ഡലം പിടിച്ചടക്കുക എന്ന രീതി രണ്ടിടത്തും ഇത്തവണയും എല്‍ഡിഎഫ് പയറ്റും. ഒരു പക്ഷേ, പിടിഎ റഹീം ഐഎന്‍എല്‍ ടിക്കറ്റിലാകും മല്‍സരിക്കുക എന്നും കേള്‍ക്കുന്നു.
ഇരിക്കൂര്‍ വേണ്ട; പേരാവൂരില്‍ പിടിമുറുക്കാന്‍ ജോസ് പക്ഷം... പിടി ജോസ് മല്‍സരിക്കും, വാനോളം പ്രതീക്ഷ